17–ാം വയസ്സിൽ ആദ്യവിവാഹം, ഇപ്പോൾ വയസ്സ് 58, ഭാര്യമാരുടെ എണ്ണം 120

തംബോൺ ഭാര്യയോടൊപ്പം.

''ഞാനൊരു ബിൽഡറാണ് ഏതൊക്കെ സ്ഥലത്തു ഞാൻ വീടുകെട്ടിയിട്ടുണ്ടോ അവിടെയൊക്കെ എനിക്കു ഭാര്യമാരുമുണ്ട്''. അഭിമാനത്തോടെ ആ ബിൽഡിങ് കൺസ്ട്രക്ടർ ഇതുപറയുമ്പോൾ അദ്ദേഹം ഏറ്റവുമൊടുവിൽ വിവാഹം കഴിച്ച യുവതിയും ഒപ്പമുണ്ടായിരുന്നു. തായ്‌ലന്റ് സ്വദേശിയായ തംബോൺ പ്രസേർട്ട് എന്ന 58 വയസ്സുകാരനാണ് കഥയിലെ നായകൻ. യഥാർഥ ജീവിതത്തിൽ കാസിനോവയായി വിലസുന്ന തംബോൺ പ്രദേശിക രാഷ്ട്രീയ പാർട്ടിയുടെ നേതാവു കൂടിയാണ്.

ബഹുഭാര്യാത്വം നിയമവിരുദ്ധമായ തായ്‍ലന്റിലാണ് കക്ഷിയുടെയും 120 ഭാര്യമാരുടെയും അവരിലുണ്ടായ 28 മക്കളുടെയും താമസം. വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ വച്ചുപുലർത്തുന്ന തംബോൾ തന്നെയാണ് തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിങ്ങനെ :- ''17–ാം വയസ്സിലാണ് ഞാൻ ആദ്യമായി വിവാഹം കഴിച്ചത്. എന്നേക്കാൾ രണ്ടു മൂന്നു വയസ്സിനിളയതായിരുന്നു വധു. ഞങ്ങൾക്ക് മൂന്നു മക്കളുണ്ട്. 

രാഷ്ട്രീയ പ്രവർത്തനോടൊപ്പം എനിക്ക് ബിസിനസ്സുമുണ്ട്. തിരക്കുള്ള ബിൽഡിങ് കൺസ്ട്രക്ടറാണ് ഞാൻ. നാട്ടിലെ ഏതൊക്കെ സ്ഥലത്ത് ബിൽഡിംഗ് കൺസ്ട്രക്ഷനു പോയിട്ടുണ്ടോ ആ സ്ഥലത്തു നിന്നൊക്കെ  പെൺകുട്ടികളെ വിവാഹം കഴിച്ചിട്ടുമുണ്ട്. പ്രായം കുറഞ്ഞ പെൺകുട്ടികളെ വിവാഹം കഴിക്കാനാണെനിക്കിഷ്ടം. മുതിർന്ന സ്ത്രീകൾ എപ്പോഴും വഴക്കുണ്ടാക്കും അതുകൊണ്ടാണ് 20 വയസ്സൊക്കെയുള്ള പെൺകുട്ടികളെ ഭാര്യമാരാക്കാൻ ഞാൻ ആഗ്രഹിക്കുന്നത്.

ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം തോന്നിയാൽ ഞാൻ അവളെയും മാതാപിതാക്കളെയും ചെന്നുകാണും. ഞാൻ വിവാഹിതനാണെന്നും ഇതുവരെ ഒരുപാടു വിവാഹം കഴിച്ചിട്ടുണ്ടെന്നും പറയും. അവർക്കു സമ്മതമാണെങ്കിൽ മാത്രം മാതാപിതാക്കളുടെയും പെൺകുട്ടികളുടെയും സമ്മതത്തോടെ ഞാൻ പരമ്പരാഗമായ വിവാഹച്ചടങ്ങുകളോടെ വിവാഹം കഴിക്കും. വിവാഹം കഴിക്കാൻ പോകുന്നതിനു മുമ്പ് നിലവിലുള്ള ഭാര്യമാരോട് പുതിയ വിവാഹത്തെക്കുറിച്ചും വധുവിനെക്കുറിച്ചും സംസാരിക്കും അവരുടെ അനുവാദത്തോടെ പുതിയ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്യും.

ഇന്നുവരെ ഞാൻ വിവാഹം കഴിക്കുന്നതിനെ എന്റെ ഭാര്യമാരിൽ ഒരാൾ പോലും എതിർത്തിട്ടില്ല. എല്ലാവരും പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും സന്തോഷത്തോടെയാണ് കഴിയുന്നത്. ഭാര്യമാരൊക്കെ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. സ്വന്തമായി വേറെ വീടുവേണമെന്ന് ആഗ്രഹിക്കുന്ന ഭാര്യമാർക്ക് സ്ഥലം വാങ്ങി വീടുവെച്ച് നൽകാറുണ്ട്. ഇതുവരെ ജീവിതം സന്തോഷത്തോടെയാണ് മുന്നോട്ടു പോകുന്നത്''.- തംബോൺ പറയുന്നു. തായ്‌ലന്റിൽ ബഹുഭാര്യാത്വം നിയമവിരുദ്ധമായിട്ടും ഇതുവരെ തംബോണിനെതിരെ നിയമനടപടികളൊന്നും ഉണ്ടായിട്ടില്ല.