അമ്മയെക്കുറിച്ച് മാനുഷിയ്ക്ക് പറയാനുള്ളത്; ക്യൂട്ട് ചിത്രം കാണാം

മാനുഷി അമ്മയോടൊപ്പം. ചിത്രത്തിന് കടപ്പാട്: ട്വിറ്റർ.

മാനുഷി ഛില്ലർ എന്ന പേരുകേൾക്കുമ്പോൾ മിക്കവർക്കും ആദ്യം ഓർമ്മ വരുന്നത് അമ്മമാരുടെ മുഖം കൂടിയാണ്. കാരണം അമ്മയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞുകൊണ്ടാണ് മാനുഷി ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയത് എന്നതുതന്നെ. ലോകത്തിൽ ഏറ്റവും കൂടുതൽ ബഹുമാനവും ശമ്പളവും അർഹിക്കുന്ന ജോലി ഏതാണ്? എന്ന ചോദ്യത്തിന് അമ്മമാരുടേത് എന്ന ഉത്തരം പറഞ്ഞുകൊണ്ടാണ് മാനുഷി കയ്യടിനേടിയത്.

വിജയാഘോഷങ്ങൾ തുടരുന്നതിനിടെയാണ് അമ്മയുമൊത്തുള്ള ഒരു ക്യൂട്ട് ചിത്രം മാനുഷി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അമ്മയെക്കുറിച്ച് മാനുഷി പറയുന്നതിങ്ങനെ; 

'' എനിക്ക് എന്റെ അമ്മ എന്നാൽ സ്ത്രീ എന്നതിന്റെ സംഗ്രഹമാണ്. അമ്മ വളരെ സുന്ദരിയാണ്. കുടുംബവും തിരക്കുപിടിച്ച ജോലിയും എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നതിനെക്കുറിച്ച് അമ്മയ്ക്ക് വ്യക്തമായ ധാരണയുണ്ട്''.

ചൈനയിലെ സാന്യയിൽ നടന്ന മൽസരത്തിൽ 108 രാജ്യങ്ങളിലെ സുന്ദരികളെ പിന്തള്ളിയാണ് ഹരിയാനയിൽനിന്നുള്ള മാനുഷി കിരീടമണിഞ്ഞത്. 17 വർഷത്തിനുശേഷമാണ് ഇന്ത്യ ലോകസുന്ദരിപ്പട്ടം നേടുന്നത്.

ഡിആർഡിഒയിൽ ശാസ്ത്രജ്ഞനായ ഡോ. മിത്ര ബസു ഛില്ലറിന്റെയും ഡോ. നീലം ഛില്ലറിന്റെയും മകളാണു മാനുഷി. സോനിപട്ടിലെ ഭഗത്ഫൂൽസിങ് ഗവ. മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥിയാണ്; കുച്ചിപ്പുഡി നർത്തകിയുമാണ്.

ആർത്തവാരോഗ്യം സംബന്ധിച്ചു ഗ്രാമങ്ങളിലെ സ്ത്രീകൾക്കു ബോധവൽക്കരണം നൽകുന്ന ശക്തി പദ്ധതിയുടെ ഭാഗമായി അയ്യായിരത്തോളം സ്ത്രീകൾക്കു പരിശീലനം നൽകിയിട്ടുണ്ട്. ലോകസുന്ദരി മൽസരത്തിലെ ‘സൗന്ദര്യം ലക്ഷ്യബോധത്തോടെ’ എന്ന വിഭാഗത്തിൽ ഈ പദ്ധതിയിലൂടെ മാനുഷി ഒന്നാമതെത്തി.