10 വർഷം നീണ്ട ഡോക്യുമെന്റ‌റിക്കൊടുവിൽ അവൾ ആ സത്യം കണ്ടെത്തി

പിഞ്ചുകൈയിലേക്ക് ആദ്യമായി ക്യാമറയെടുത്തു തന്ന ആളാണ് മുന്നിൽ. കരയണോ ചിരിക്കണോ എന്നറിയാതെ നിന്ന നിമിഷങ്ങൾ. 10 വർഷം നീണ്ട പരിശ്രമത്തിന് ഫലം കണ്ട നിമിഷം ഡയാന  കിം വാചാലയാകുന്നത് മറ്റാരേയും കുറിച്ചല്ല സ്വന്തം അച്ഛനെക്കുറിച്ച്. കുഞ്ഞു ഡയാനയ്ക്ക് ഓർമകൾ ഉറയ്ക്കും മുമ്പ് വേർപിരിഞ്ഞവരാണ് അച്ഛനും അമ്മയും. പിന്നെ നരക ജീവിതമായിരുന്നു. ബന്ധുക്കളുടെ വീട്ടിലും പാർക്കുകളും എന്തിന് ചില ദിവസങ്ങളിൽ കാറിൽക്കിടന്നുവരെ ഉറങ്ങിയിട്ടുണ്ട്. അന്നൊന്നും അച്ഛനെക്കുറിച്ചുള്ള ഒരു വിവരവുമില്ലായിരുന്നു.

ആകെ ഓർമ്മയുള്ളത് ഒരു കാര്യം മാത്രം അച്ഛന് ഒരു ഫൊട്ടോഗ്രഫി സ്റ്റുഡിയോയുണ്ടായിരുന്നു. അച്ഛനാണ് ആദ്യം ക്യാമറ കൈയിൽ വെച്ചു തന്നത്. വളർച്ചയുടെ ഓരോ ഘട്ടത്തിലും അച്ഛനെ തിരഞ്ഞു നടന്നപ്പോൾ കൂട്ടുണ്ടായിരുന്നത് ഫൊട്ടോഗ്രഫിയോടുള്ള ഇഷ്ടം മാത്രമായിരുന്നു. അങ്ങനെ ഡയാന വളർന്ന് കൊളേജ് വിദ്യാർഥിനിയായി. അപ്പോഴാണ് മനസ്സിൽ മറ്റൊരു ആശയം കൂടി വിടർന്നത്. സ്വന്തമായി വീടില്ലാത്ത ആളുകളെക്കുറിച്ച് ഒരു ഡോക്യുമെന്റററി ചെയ്യണം. അതിനു ഫലമുണ്ടായി ഡോക്യുമെന്റററിക്കുവേണ്ടി നടത്തിയ യാത്രയിൽ അച്ഛനെ കണ്ടുമുട്ടി.

മാലിന്യക്കൂമ്പാരത്തിനു സമീപമിരിക്കുന്ന നിലയിലാണ് അച്ഛനെ കണ്ടെത്തിയത്. പക്ഷേ അദ്ദേഹത്തിന് എന്നെ മനസ്സിലായില്ല. കഴിക്കാൻ ഭക്ഷണവും താമസിക്കാൻസ്ഥലവും നൽകാമെന്നു പറഞ്ഞപ്പോൾ അദ്ദേഹം കൂടെവരാൻ തയാറായി. പിന്നെ സ്വാഭാവിക ജീവിതത്തിലേക്ക് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാരംഭിച്ചു. അദ്ദേഹത്തിന് പണ്ടൊരു രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞാണറിഞ്ഞത്. കുളിക്കാൻ അദ്ദേഹം എപ്പോഴും വിസമ്മതിച്ചുകൊണ്ടിരുന്നു. ആ മാനസീകാവസ്ഥയിൽ നിന്ന് മോചിതനാകാൻ ചികിത്സയ്ക്കു വിധേയനാകണമെന്നു പറഞ്ഞപ്പോൾ അതും വിസമ്മതിച്ചു. അദ്ദേഹത്തെ കണ്ടെത്തിയപ്പോഴും ആ മാനസീകാവസ്ഥയിൽ നിന്ന് പൂർണ്ണമായും മോചിതനായിട്ടില്ല. പലപ്പോഴും ചോദ്യങ്ങളോടൊന്നും പ്രതികരിക്കില്ല.

അങ്ങനെയിരിക്കുമ്പോഴാണ് 2014 ൽ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുന്നത്. അതിന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് പിന്നീട് മാനസീകരോഗത്തിൽ നിന്നു മുക്തി നൽകുവാനുള്ള ചികിത്സ കൂടി നൽകി. ഇപ്പോൾ ശാരീരികമായും മാനസീകമായും അദ്ദേഹം ആരോഗ്യവാനാണ്. സുഹൃത്തുക്കളോടു സംസാരിക്കാനും പുതിയൊരു ജോലികണ്ടെത്താനുമൊക്കെ അദ്ദേഹത്തിന് ഇപ്പോൾ താൽപ്പര്യമുണ്ട്.

കാബിൻ ഡ്രൈവറായി ജോലിചെയ്യാൻ താൽപ്പര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതിനോട് വിയോജിപ്പൊന്നും പറഞ്ഞില്ലെങ്കിലും അച്ഛന്റെ പഴയ ക്യാമറ ഞാൻ അദ്ദേഹത്തിനു തിരികെക്കൊടുത്തു. പഴയ സന്തോഷങ്ങളും ഓർമ്മകളും അദ്ദേഹത്തിനു തിരിച്ചു കിട്ടട്ടെ. ഇപ്പോഴാണ് യഥാർഥത്തിൽ ഞങ്ങൾ ജീവിച്ചു തുടങ്ങിയത്. ജീവിതത്തിലെ ഓരോ ദിവസവും നമുക്കൊരു സെക്കന്റ് ചാൻസ് തരും... തോറ്റുപോയി എന്നു തളർന്നിരിക്കാതെ ധൈര്യമായി മുന്നോട്ടു പോവുക- ഡയാന പറയുന്നു.