ഒടുവിൽ പ്രിയങ്ക അതു തുറന്നു പറഞ്ഞു; കല്യാണം കഴിക്കും കുറേ മക്കളും വേണം പക്ഷേ

പ്രിയങ്ക ചോപ്ര.

കൂട്ടുകാരി അനുഷ്ക ശർമ്മ വിവാഹിതയായി, മറ്റൊരു ചങ്ങാതി മേഗനും ഹാരി രാജകുമാരനും തമ്മിലുള്ള വിവാഹം ഉടൻ നടക്കും. ഇനി എന്നാണാവോ പ്രിയങ്ക ചോപ്രയുടെ വിവാഹമണി മുഴങ്ങാൻ പോകുന്നത് എന്ന ചോദ്യത്തിനു മറുപടിയായാണ് പ്രിയങ്ക ആ കാര്യങ്ങൾ തുറന്നു പറഞ്ഞത്. തീർച്ചയായും താൻ വിവാഹിതയാവുമെന്നും ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാൻ വേണ്ടത്ര മക്കൾ വേണമെന്നാണ് തന്റെ ആഗ്രഹമെന്നും പ്രിയങ്ക പറഞ്ഞു.

വിവാഹത്തിന് ആകെയുള്ള തടസ്സം തനിക്കിണങ്ങുന്ന ഒരു വരനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതുമാത്രമാണെന്നും പ്രിയങ്ക വെളിപ്പെടുത്തി. വിവാഹക്കാര്യത്തെക്കുറിച്ച് വീട്ടിൽ സംസാരിക്കുമ്പോഴൊക്കെ അമ്മ പറയുന്ന ഒരു കാര്യമുണ്ട്. ''നിന്റെ ജോലിയെയും വ്യക്തിത്വത്തെയും ബഹുമാനിക്കുന്ന, അല്ലെങ്കിൽ മനസ്സിലാക്കുന്ന ഒരാളായിരിക്കണം നീ ജീവിതത്തിലേക്കു തിരഞ്ഞെടുക്കുന്ന ആൾ. കൃത്യസമയത്ത് അങ്ങനെയൊരു ആളെ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും'' പ്രിയങ്ക പറയുന്നു.

സ്വകാര്യജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ചു മാത്രമല്ല കരിയറിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും താരം അഭിമുഖത്തിൽ മനസ്സു തുറന്നു. പല സംവിധായകരുടെയും നടന്മാരുടെയും പെൺസുഹൃത്തുക്കൾ മൂലം  സിനിമയിൽ തനിക്കു ലഭിക്കേണ്ട പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു. അതുപോലെ നടികൾക്ക് ഏറ്റവുമധികം വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്ന മറ്റൊരു വിഷയമാണ് പ്രതിഫലം. 'എന്തിനാണ് നിങ്ങൾ കോടികൾ പ്രതിഫലം വാങ്ങുന്നതെന്ന് നടികളോട് ചോദിക്കുന്ന ആളുകൾ എന്തുകൊണ്ട് ഈ ചോദ്യം പുരുഷന്മാരോടു ചോദിക്കുന്നില്ല'?

പ്രിയങ്ക ചോപ്ര.

ഹോളിവുഡും ബോളിവുഡും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രിയങ്കയുടെ മറുപടിയിതായിരുന്നു. ഹോളിവുഡിൽ സമയത്തിനു നല്ല വിലയുണ്ട്. അവിടെയെല്ലാവരും കുറേക്കൂടി കൃത്യനിഷ്ഠയുള്ളവരാണ്. സിനിമയുടെ കാര്യത്തിൽ രണ്ടിടത്തും വലിയ വ്യത്യാസമൊന്നും ഫീൽ ചെയ്തില്ല. മി റ്റൂ ക്യാംപെയിനെക്കുറിച്ചും നിലപാടുകൾ വ്യക്തമാക്കി. പെൺകുട്ടികളെ ബഹുമാനിക്കാനാണ് അല്ലാതെ കളിയാക്കാനോ ഉപദ്രവിക്കാനോ അല്ല ആൺകുട്ടികളെ പഠിപ്പിക്കേണ്ടതെന്നും പ്രിയങ്ക പറഞ്ഞു.

സ്കൂൾ കാലഘട്ടത്തിൽ വംശീയമായി ആക്ഷേപിക്കപ്പെട്ടതിനെക്കുറിച്ചും സൗത്ത് ഏഷ്യയിൽ നിന്നും കൂടുതൽ പ്രതിഭകൾ ഉയർന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ പ്രിയങ്ക സംസാരിച്ചു. പത്‌മാവതി വിവാദത്തോടനുബന്ധിച്ച ചോദ്യത്തിനും പ്രിയങ്കയ്ക്ക് മറുപടിയുണ്ടായിരുന്നു. സഞ്ജയ് ലീലാ ബൻസാലിയെയും ദീപികയെയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി.

പ്രിയങ്ക ചോപ്ര.

ജീവിതത്തിലെ വിജയത്തെക്കുറിച്ചും ഏറ്റവും വലിയ സങ്കടത്തെക്കുറിച്ചും ഹൃദയസ്പർശിയായ രീതിയിൽ പ്രിയങ്ക വിവരിച്ചതിങ്ങനെ. എന്റെ പേടികളെ മറികടക്കാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയമായി കണക്കാക്കുന്നത്. ഏറ്റവും വലിയ സങ്കടം എന്താണെന്നുവെച്ചാൽ അച്ഛന്റെയൊപ്പം ചിലവഴിക്കാൻ മതിയായ സമയം ലഭിക്കുന്നില്ല എന്നുള്ളതുതന്നെ.