''മനസ്സ് ചിതറിപ്പോയി, കുഞ്ഞിനോടു പോലും ദേഷ്യം തോന്നി''; സെറീന വില്യംസ്

ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.

ഏറെ സ്വപ്നങ്ങളോടെ ജന്മം നല്കിയ കുഞ്ഞിന്റെ കരച്ചില്‍ പോലും അസ്വസ്ഥത സമ്മാനിക്കുക, നിഷേധാത്മകചിന്തകള്‍ കൊണ്ട് മനസ്സ് നിറയുക, ഒരു നിമിഷം താന്‍ ആരാണെന്ന് പോലും മറന്നുപോവുക, സിസേറിയനെത്തുടര്‍ന്നുള്ള വേദനകള്‍ക്ക് പിന്നാലെ വീണ്ടും സര്‍ജറികള്‍ക്ക് വിധേയയാവുക പ്രസവശേഷം താന്‍ അനുഭവിച്ച മാനസികമായ സമ്മര്‍ദ്ദങ്ങളെയും ശാരീരികമായ വേദനകളെയും കുറിച്ച്  മനസ്സു തുറക്കുന്നത് ടെന്നീസ് ഇതിഹാസമായ സെറീന വില്യംസ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സിസേറിയനിലൂടെ 36വയസ്സുകാരിയായ സെറീന, അലെക്‌സിസ് ഒളിമ്പിയായ്ക്ക് ജന്മം നൽകിയത്.

ഏതൊരു സ്ത്രീയെയും സന്തോഷിപ്പിക്കുന്ന നിമിഷം. സെറീനയും സന്തോഷിച്ചു. എന്നാല്‍ ആ സന്തോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായിരുന്നില്ല.  സിസേറിയനെ തുടര്‍ന്നുണ്ടായ ചില സങ്കീര്‍ണ്ണതകള്‍ മൂലം ഒന്നിലധികം ഓപ്പറേഷനുകള്‍ക്ക് സെറീനയ്ക്ക് വിധേയയാകേണ്ടിവന്നു. ശ്വാസകോശത്തിലും അടിവയറ്റിലും രക്തം കട്ട പിടിക്കുന്നതായിരുന്നു രോഗം. തുടര്‍ന്ന് അനിവാര്യമായ ശസ്ത്രക്രിയകള്‍. 

പക്ഷേ രോഗവും ഓപ്പറേഷനുകളും ചേര്‍ന്ന് സെറീനയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം തകരാറിലാക്കുകയായിരുന്നു.  പലപ്പോഴും മനസ്സ് ചിതറിപ്പോയി. നിഷ്‌ക്കളങ്കയായ കുഞ്ഞിന്റെ കരച്ചിലുകള്‍ പോലും ദേഷ്യം പിടിപ്പിച്ച നിമിഷങ്ങള്‍. പിന്നീട് ദേഷ്യപ്പെട്ടതിനെയോര്‍ത്ത് സങ്കടം. കുറ്റബോധം. സുന്ദരിയായ ഒരു കുട്ടിയെ ലഭിച്ചിട്ടും എന്തുകൊണ്ടാണ് ഞാന്‍ സങ്കടപ്പെടുന്നത്..? ഇങ്ങനെ ചിരിയും കരച്ചിലും ദേഷ്യവും സെറീനയെ മാറിമാറി മഥിച്ചുകൊണ്ടിരുന്നു.

എന്നാല്‍ ഈ നിമിഷങ്ങളില്‍ കുടുംബത്തില്‍ നിന്ന് കിട്ടിയ പിന്തുണ വളരെ വലുതായിരുന്നുവെന്ന് സെറീന ഓര്‍മ്മിക്കുന്നു. പ്രത്യേകിച്ച് അമ്മ നൽകിയ പിന്തുണ. ബൈബിള്‍ വായിച്ച് പ്രത്യാശ നിറയ്ക്കാനാണ് അമ്മ ആവശ്യപ്പെട്ടത്. 

അനുസരണ വലിയ അനുഗ്രഹത്തിന് കാരണമാകുന്നുണ്ട്.  മാതാപിതാക്കള്‍ എന്തുപറഞ്ഞാലും ഞാന്‍ ചോദ്യം ചെയ്യാറില്ല. അനുസരിക്കുക മാത്രമേ ചെയ്യാറുള്ളൂ. അമ്മ പറഞ്ഞത് ഞാന്‍ അനുസരിച്ചു.അങ്ങനെ ബൈബിള്‍ വായനയിലൂടെയും ഞാന്‍ മനസ്സിന്റെ പ്രശാന്തത വീണ്ടെടുത്തു. സെറീന പറയുന്നു

ഒരു മാഗസിനു നൽകിയ അഭിമുഖത്തിലാണ്  നല്കിയ അഭിമുഖത്തിലാണ് സെറീന പ്രസവാനന്തരം താന്‍ അനുഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ച് വിവരിച്ചത്. തന്റെ ശരീരത്തില്‍ അനുഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സെറീന തന്നെയാണ് ആദ്യം ബോധവതിയായത്. സിടി സ്‌കാന്‍ നടത്താനും രക്തചംക്രമണം കൃത്യമായ രീതിയിലാണോ നടക്കുന്നതെന്ന് പരിശോധിക്കാനും ഡോക്ടേഴ്‌സിനോട് സെറീന തന്നെയാണ് ആവശ്യപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനകളിലാണ് രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയത്.

പ്രസവത്തെത്തുടര്‍ന്ന് അമേരിക്കയിലെ 150,000 സ്ത്രീകള്‍ക്കെങ്കിലും ഗുരുതരമായ രോഗങ്ങളോ മരണത്തോളം എത്തുന്ന അനുഭവങ്ങളോ ഉണ്ടാകുന്നതായാണ് ഒരു കണക്ക് പറയുന്നത്. വിമന്‍സ് ടെന്നീസ് അസോസിയേഷന്‍ നമ്പര്‍ 1 ആയി അടയാളപ്പെടുത്തിയിരിക്കുന്ന അമേരിക്കന്‍ ടെന്നീസ് താരമാണ് സെറീന  ജമേക്ക വില്യംസ്.