ഒരു ഗർഭിണിയിൽ നിന്ന് ഈ ക്രൂരത പ്രതീക്ഷിച്ചില്ല

അമ്മയാകാൻ പോകുന്ന സ്ത്രീയ്ക്ക് ഒരു കുഞ്ഞിനോട് ഇത്രയും ക്രൂരത കാണിക്കാൻകഴിയുമോ? ഭക്ഷണശാലയിലെ സിസിടിവി ഫൂട്ടേജ് കണ്ടവരെല്ലാം ആദ്യം ചോദിച്ചതതാണ്. ചൈനയിലെ ഭക്ഷണശാലയിൽ നടന്ന ഒരു സംഭവമാണ് ചർച്ചയായിരിക്കുന്നത്. ഭക്ഷണശാലയിലൂടെ ഓടിനടക്കുന്ന ഒരു പയ്യനെ അവിടെയുണ്ടായിരുന്ന ഗർഭിണിയായ സ്ത്രീ  ഇടങ്കാലിട്ടു വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്.

നാലുവയസ്സുകാരനായ പയ്യൻ ഭക്ഷണശാലയുടെ വാതിലിനരുകിലേക്ക് ഓടിവന്നപ്പോഴാണ് ഗർഭിണി അവനെ  വീഴ്ത്തിയത്. ഗര്‍ഭിണിക്ക് അബദ്ധം പറ്റിയതല്ലെന്നും മനപൂർവം കുട്ടിയെ വീഴ്ത്തിയതാണെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

കുട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണ് താനങ്ങനെ ചെയ്തതെന്നാണ് ഗർഭിണിയുടെ വാദം. കുട്ടി ഭക്ഷണശാലയിലേക്ക് ഓടിക്കയറി വന്നപ്പോൾ വാതിലിലെ പ്ലാസ്റ്റിക് കർട്ടനുകൾ താനിരുന്ന ഭക്ഷണമേശയിൽ വന്നു തട്ടുകയും ഭക്ഷണസാധനങ്ങളിൽ ചിലത് തുളുമ്പിപ്പോവുകയും ചെയ്തുവെന്നും അതിനു കാരണക്കാരനായ പയ്യനോടുള്ള ദേഷ്യം കൊണ്ടാണ് അങ്ങനെ പ്രവർത്തിച്ചതെന്നും അവർ പറഞ്ഞു.

ദൃശ്യങ്ങൾ കണ്ട പലരും ഗർഭിണിയുടെ പ്രവർത്തി ക്രൂരമാണെന്നും ബാലിശമാണെന്നും പറഞ്ഞുകൊണ്ട് അവരെ വിമർശിച്ചു. കുട്ടി താഴെ വീഴുന്നതു കണ്ടിട്ടും അവനെ പിടിച്ചുയർത്താൻ ഗർഭിണിയും ഭർത്താവും ശ്രമിക്കാതിരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഭക്ഷണശാലയുടെ വെളിയിൽ നിന്ന അവന്റെ അമ്മയാണ് അവനെ എഴുന്നേൽപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയത്. സംഭവം വിവാദമായതോടെ കുട്ടിയുടെ കുടുംബത്തോട് മാപ്പു പറഞ്ഞ് ഗർഭിണിയും ഭർത്താവും തടിയൂരി.