ഭർത്താവിന് ശരിക്കും സ്നേഹമുണ്ടോ?; സംശയം നീക്കും ഈ സൂചനകൾ

സ്‌നേഹമുണ്ടെന്ന് എങ്ങനെ തെളിയിക്കാനാവും? അത് വാക്കുകള്‍ കൊണ്ട് മാത്രം പ്രകടിപ്പിക്കാവുന്നതാണോ? സ്‌നേഹിക്കുന്നു എന്ന് പറയുന്നതുകൊണ്ട് സ്‌നേഹം അനുഭവിക്കാന്‍ കഴിയുമോ? എല്ലാ പങ്കാളികളുടെയും കമിതാക്കളുടെയും ഉള്ളിലെ സംശയങ്ങളില്‍ ചിലതാണ് ഇവയൊക്കെ. പങ്കാളി തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് തുറന്നുപറയുന്ന, പറയാതെ പറയുന്ന പല സൂചനകളും പങ്കാളി നിങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്നതിന്റെ അടയാളങ്ങളാണ്. ഇതാ അവയില്‍ ചിലത്:

നിങ്ങളെക്കുറിച്ച്  നല്ലത് പറയും

സഹപ്രവര്‍ത്തകരോടോ സുഹൃത്തുക്കളോടോ പങ്കാളിയെക്കുറിച്ച് നല്ല കാര്യങ്ങള്‍ പറയുന്നത് ഭര്‍ത്താവ് നിങ്ങളെ സ്‌നേഹിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നു. ജീവിതപങ്കാളിയുടെ സഹപ്രവര്‍ത്തകരെയോ സുഹൃത്തുക്കളെയോ ആദ്യമായികണ്ടുമുട്ടുമ്പോള്‍ അവര്‍ പറഞ്ഞിട്ടില്ലേ നിങ്ങളെക്കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു, ആള്‍ക്ക് എപ്പോഴും നിങ്ങളെക്കുറിച്ചേ പറയാനുള്ളൂ എന്ന്..ഇത് നിങ്ങള്‍ സ്‌നേഹിക്കപ്പെടുന്നു എന്നതിന്റെ സൂചനയാണ്.

 എപ്പോഴും ഒപ്പമുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കും

ഭര്‍ത്താവ് എവിടെ പോയാലും നിങ്ങളെ ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ സാന്നിധ്യം അയാള്‍ അത്രമാത്രം വിലമതിക്കുന്നുണ്ട് എന്നും അതാഗ്രഹിക്കുന്നുണ്ട് എന്നുമാണ് അത് അർഥമാക്കുന്നത്. നിങ്ങള്‍ അടുത്തുള്ളപ്പോള്‍ അയാള്‍ക്ക് ഏതു നരകവും സ്വര്‍ഗ്ഗമാണ്. നിങ്ങളില്ലാത്ത ഏതു സ്വര്‍ഗ്ഗവും നരകമായി അനുഭവപ്പെടുകയും ചെയ്യുന്നു.

ഓര്‍മ്മകള്‍സൂക്ഷിക്കും

നിങ്ങളെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ ആയിരിക്കും ഭര്‍ത്താവ് കൊണ്ടുനടക്കുന്നത്. നിങ്ങളുടെ ജന്മദിനം പോലെയുള്ള സവിശേഷമായ ദിനങ്ങള്‍ നിങ്ങള്‍ പറയാതെ തന്നെ അയാള്‍ ഓര്‍മ്മിക്കുകയും സമ്മാനങ്ങള്‍ നൽകി സന്തോഷിപ്പിക്കുകയും ചെയ്യും.

വികാരങ്ങളെ മാനിക്കും

നിങ്ങളുടെ വികാരങ്ങള്‍ അയാള്‍ക്ക് പെട്ടെന്ന് മനസ്സിലാകും. അത് സന്തോഷമോ,സങ്കടമോ,കോപമോ,മടുപ്പോ എന്തുമായിരിക്കാം. അതു മനസ്സിലാക്കി മാത്രമേ അയാള്‍ നിങ്ങളോട് ഇടപെടുകയുള്ളൂ.

നിങ്ങളില്‍ താൽപ്പര്യമുണ്ടായിരിക്കും

ചുറ്റിനും താൽപ്പര്യമുണര്‍ത്തുന്ന പല ഘടകങ്ങള്‍ ഉണ്ടായിരിക്കുമ്പോഴും അയാള്‍ക്ക് ആദ്യത്തേതും അവസാനത്തേതുമായ താൽപ്പര്യം നിങ്ങളോട് മാത്രമായിരിക്കും.

സംരക്ഷകനായിരിക്കും

ബാഹ്യമായ പല പ്രതികൂലസാഹചര്യങ്ങളിലും ഭര്‍ത്താവ് നിങ്ങളെ പൊതിഞ്ഞുസംരക്ഷിക്കും. അത് വ്യക്തികളില്‍ നിന്നുള്ള ആക്രമണകാര്യത്തില്‍ മാത്രമല്ല എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് ഭര്‍ത്താവിന്റെ സുരക്ഷിതത്വം അനുഭവിക്കാന്‍ കഴിയും.

ശരീരഭാഷ

പരസ്പരം കാണുമ്പോള്‍ ഭര്‍ത്താവിനുണ്ടാകുന്ന ശാരീരിക പ്രത്യേകതകള്‍ അയാള്‍ ശരിക്കും  നിങ്ങളില്‍ അനുരക്തനാണോ എന്ന് വ്യക്തമാക്കും.

തന്റെ ഭാവിയും ജീവിതവും പങ്കുവയ്ക്കും

ഭാവിസ്വപ്‌നങ്ങള്‍, പിന്നിട്ടുവന്ന ജീവിതവഴിത്താരകള്‍, പദ്ധതികള്‍ എല്ലാം ഭര്‍ത്താവ് നിങ്ങളുമായി പങ്കുവയ്ക്കുന്നുണ്ടോ..ജോലിയിലെ സമ്മര്‍ദ്ദങ്ങളും യാത്രയ്ക്കിടയിലെ അനുഭവങ്ങളും എല്ലാം അയാള്‍ പറയുന്നുവെങ്കില്‍ അയാള്‍ക്ക് നിങ്ങള്‍ വളരെ അടുത്ത സുഹൃത്തുകൂടിയാണ്.

സന്തോഷവാനായിരിക്കും

സന്തോഷം എപ്പോഴും മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കപ്പെടുന്ന ഒന്നാണ്. ഭര്‍ത്താവ് ചുറ്റുമുള്ള ബന്ധങ്ങളില്‍ സന്തോഷവാനാണെങ്കില്‍ അയാളുടെ സന്തോഷങ്ങള്‍ക്ക് കാരണം നിങ്ങളാണ്.