പ്രളയകാലത്തെ പ്രണയതീരത്ത് ഏല്യാമ്മച്ചിയും ഉണ്ണിച്ചായനും

പെരുമഴപ്പെയ്ത്തിന്റെ പ്രളയകാലത്തിൽ മനംമടുത്തു നിൽക്കുമ്പോൾ ഒരു സുന്ദരൻ പ്രണയകഥ കേട്ടാലോ?. ഇടിച്ചുകുത്തിപ്പെയ്ത മഴയിൽ കലങ്ങിപ്പാഞ്ഞെത്തിയ വെള്ളത്തിൽ കാലുറപ്പിച്ചു നിൽക്കാനാവാതെ കിട്ടിയതും കൈയിൽ പെറുക്കിയെടുത്ത് ദുരിതാശ്വാസ ക്യാംപിലേക്ക് പലായനം ചെയ്യുമ്പോൾ മഴയേക്കാൾ കലങ്ങിയ മനസ്സായിരുന്നു അവിടെയെത്തിയ മനുഷ്യരിൽ പലർക്കും. എന്നാൽ സങ്കടവും നിരാശയും മാത്രമാണ് ദുരിതാശ്വാസ ക്യാംപുകളിൽ തളംകെട്ടി നിൽക്കുന്നത് എന്ന് തെറ്റിദ്ധരിക്കരുത്. 

ആശ്വാസത്തിന്റെ ആ പച്ചത്തുരുത്തിലും ആടിയും പാടിയും സന്തോഷം കണ്ടെത്തുന്ന ചിലരുണ്ട്. അങ്ങനെയുള്ള രണ്ടു ദമ്പതിമാരിലേക്ക് ക്യാമറമാന്‍ റെന്‍സി കുര്യാക്കോസ് ക്യാമറഫോക്കസ് ചെയ്തപ്പോൾ ഇതൾ വിരിഞ്ഞത് അതിസുന്ദരമായ ഒരു പ്രണയക്കാഴ്ചയാണ്. കോട്ടയം ചെങ്ങളം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്യാംപിലെ സ്നേഹനിധികളായ ഒരു അപ്പൂപ്പനും അമ്മൂമ്മയുമാണ് ഈ പ്രണയ കഥയിലെ നായകനും നായികയും.

ക്യാമറയെ ഫെയ്സ് ചെയ്യാൻ തെല്ലും ചമ്മലില്ലാതെ ഏല്യാമ്മച്ചി സംസാരിച്ചു തുടങ്ങിയപ്പോൾ കുസൃതി നിറഞ്ഞ നാണത്തോടെ നിൽക്കുകയാണ് ഉണ്ണിച്ചായൻ. ഉണ്ണിച്ചായന്റെ ആ നാണത്തിനു പിന്നിലും ഒരു കഥയുണ്ട്. വെള്ളം കേറി വീടുമുങ്ങുമ്പോഴും കക്ഷിക്ക് വീടുവിട്ടു പോരാൻ ഭയങ്കര മടി. പിന്നെ പൊലീസ് ഉദ്യോഗസ്ഥരൊക്കെ എത്തി അനുനയിപ്പിച്ചാണ് ക്യാംപിലെത്തിച്ചത്. ക്യാംപിലെത്തിയിട്ടും കക്ഷിക്ക് ഏതുവിധേനയും വീട്ടിൽ എത്തിയാൽ മതിയെന്ന വാശിയാണ്. ഒടുവിൽ ക്യാംപിലെ ആളുകൾ ആ ഉത്തരവാദിത്തമങ്ങ് ഏറ്റെടുത്തു. വെള്ളമിറങ്ങുന്നതുവരെ ഉണ്ണിച്ചായൻ തങ്ങളുടെ കണ്ണുവെട്ടിച്ചു മുങ്ങാതിരിക്കാൻ അവർ മാറി മാറി കാവൽ നിൽക്കുകയാണ്.

ജീവിതസായാഹ്നത്തിലും കൈമോശം വരാത്ത കുസൃതിച്ചിരിയുമായി ക്യാമറയെ നോക്കി ഉണ്ണിച്ചായൻ  നിഷ്കളങ്കമായി പുഞ്ചിരിക്കുമ്പോൾ സുന്ദരമായ ഒരു പാട്ടുപാടി ക്യാംപിലെ സമ്മർദ്ദം ലഘൂകരിക്കുകയാണ് ഭർത്താവിന്റെ കുസൃതി വിവരിച്ച ഏല്യാമ്മച്ചി.