സാനിയയുടെ കുഞ്ഞ് ഇന്ത്യനോ പാക്കിസ്ഥാനിയോ?; വൈറൽ മറുപടിയുമായി താരം

Sania Mirza

ആദ്യത്തെ കൺമണിയെ കാണാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ഷുഐബ് മാലികും. ഗർകാലത്തും ടെന്നീസ് കോർട്ടിൽ നിന്നും മാറിനിൽക്കാൻ മടിക്കുന്ന സാനിയയുടെ ചിത്രങ്ങൾ തരംഗമായതിനു പിന്നാലെയാണ് കുഞ്ഞിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സാനിയ നൽകിയ ഉത്തരങ്ങൾ വൈറലായതും.

സാനിയയുടെയും ഷുഐബിന്റെയും കുഞ്ഞ് വലുതാകുമ്പോൾ ഏതു കായികയിനമാകും തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് ഇതു രണ്ടുമല്ല കുഞ്ഞിനെ ഡോക്ടറാക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി. കുഞ്ഞിന്റെ പൗരത്വത്തെക്കുറിച്ചായിരുന്നു അടുത്ത ചോദ്യം കുഞ്ഞിനെ ഇന്ത്യൻ പൗരനായി വളർത്തുമോ പാക് പൗരനായി വളർത്തുമോ എന്ന ചോദ്യത്തിന് ഇതുരണ്ടമല്ല ചിലപ്പോൾ മറ്റൊരു രാജ്യത്തിന്റെ പൗരത്വത്തിലായിരിക്കും കുഞ്ഞ് വളരുക എന്നായിരുന്നു സാനിയയുടെ മറുപടി.

ആൺകുഞ്ഞിനെയാണോ പെൺകുഞ്ഞിനെയാണോ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന്. തന്നെ സംബന്ധിച്ചിടത്തോളം ആ ചോദ്യത്തിന് പ്രസക്തിയില്ലെന്നും പെൺകുഞ്ഞ് ജനിക്കണമെന്നാണ് ഭർത്താവ് ഷുഐബിന്റെ ആഗ്രഹമെന്നും അവർ പറഞ്ഞു. ടെന്നീസ് ഡബിൾസിൽ ലോകത്തിലെ ഒന്നാം നമ്പർ താരമായ സാനിയ ടെന്നീസ് കളിച്ചു തുടങ്ങിയത് ആറാം വയസ്സിലാണ്. 2003 ലാണ് പ്രൊഫഷണൽ ടെന്നീസ് പ്ലെയർ ആയത്. ആറു ഗ്രാൻസ്ലാം പുരസ്കാരങ്ങൾ നേടിയ താരം രാജ്യത്തെ പ്രശസ്തരായ വനിതാ കായികതാരങ്ങളിൽ ഒരാളാണ്.