സച്ചിനും അഞ്ജലിയ്ക്കുമൊപ്പം അഭിമാനചിത്രം പങ്കുവച്ച് മകൾ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെയും ഡോക്ടർ അഞ്ജലിയുടെയും മകൾ സാറാതെൻഡുൽക്കർ പങ്കുവച്ച ഒരു കുടുംബചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. നിറചിരിയോടെ സച്ചിനും അഞ്ജലിയും സാറയും പോസ് ചെയ്ത സുന്ദരകുടുംബ ചിത്രത്തിന് പറയാൻ ഒരു സന്തോഷവാർത്തയുണ്ട്. സാറ മെഡിസിൻ പഠനം പൂർത്തിയാക്കിയിരിക്കുന്നു.

ലണ്ടൻ കോളജിൽ നടന്ന ബിരുദദാനച്ചടങ്ങിന്റെ ചിത്രങ്ങളാണ് സാറ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഗ്രാജ്വേഷൻ ഗൗണും ക്യാപ്പും ധരിച്ച സാറയെയാണ് മിക്ക ചിത്രങ്ങളിലും കാണാനാവുക. ഇരുപതു വയസ്സുകാരിയായ സാറ അമ്മ അഞ്ജലിയെപ്പോലെ മെഡിസിൻ പ്രൊഫഷൻ സ്വീകരിച്ചപ്പോൾ അച്ഛനായ സച്ചിന്റെ കരിയറാണ് മകൻ അർജ്ജുൻ തിരഞ്ഞെടുത്തത്.

സമൂഹമാധ്യമങ്ങളിൽ വലിയൊരു ആരാധകവൃന്ദം തന്നെ സാറ തെൻഡുൽക്കറിനുണ്ട്. സമൂഹമാധ്യമങ്ങളിൽ ആക്റ്റീവായ സാറ ആരാധകർക്കായി നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ സന്തോഷം നിറഞ്ഞ കാര്യങ്ങളെക്കുറിച്ച് അപ്ഡേറ്റ്സ് നൽകാനും സാറയ്ക്ക് മടിയില്ലെന്നു പറയുന്നു ആരാധകർ. മുംബൈയിലെ ധീരുഭായി അംബാനി ഇന്റർനാഷണൽ സ്കൂളിലെ പഠനത്തിനു ശേഷമാണ് ഉപരിപഠനത്തിനായി സാറ ലണ്ടനിൽ പോയത്.

മുകേഷ് അംബാനിയുടെയും നിതഅംബാനിയുടെയും മകൻ ആകാശ് അംബാനിയുടെ വിവാഹനിശ്ചയച്ചടങ്ങാണ് സാറ ഏറ്റവുമൊടുവിൽ പങ്കെടുത്ത സെലിബ്രിറ്റി പാർട്ടി. സെലിബ്രിറ്റി പാർട്ടികളിലും പൊതുച്ചടങ്ങുകളിലും എപ്പോഴും ശ്രദ്ധാകേന്ദ്രമാകുന്ന സാറയ്ക്ക് ബോളിവുഡിൽ നിന്ന് നിരവധി അവസരങ്ങൾ വരുന്നുണ്ടെങ്കിലും സച്ചിനും കുടുംബവും ഇതുവരെ അത്തരം വാർത്തകളോട് പ്രതികരിച്ചിട്ടില്ല.