ഇവിടെവച്ചാണ് ഞാൻ ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തത്: അഭിഷേക് ബച്ചൻ

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച സ്ഥലത്തെത്തിയപ്പോഴാണ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ തന്റെ ജീവിതത്തിലെ നിറമുള്ള ഓർമ്മകളെക്കുറിച്ചു പറഞ്ഞു തുടങ്ങിയത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മൻമർസിയാൻ എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കായി ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുത്തപ്പോഴാണ് അഭിഷേക് ബച്ചൻ മനസ്സു തുറന്നത്.

തന്റെ ഭാര്യയായ ഐശ്വര്യ റായിയെ പ്രൊപ്പോസ് ചെയ്തത് ഇവിടെവച്ചായിരുന്നുവെന്നും. 2007 ൽ ഗുരു എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കായി എത്തിയപ്പോഴാണ് അത് സംഭവിച്ചതെന്നും അഭിഷേക് പറയുന്നു. അതുകൊണ്ട് യാത്ര പുറപ്പെടും മുമ്പേ ഇത്തവണ ആരേയും പ്രൊപ്പോസ് ചെയ്യരുതെന്ന് ഐശ്വര്യ തനിക്ക് മുന്നറിയിപ്പു നൽകിയതായും അഭിഷേക് പറയുന്നു.  11 വർഷം മുമ്പ് ഭാര്യയെ പ്രൊപ്പോസ് ചെയ്ത സ്ഥലമായതുകൊണ്ട്  തന്നെ സംബന്ധിച്ചിടത്തോളം ടൊറന്റോ വളരെ സ്പെഷ്യൽ ആണെന്നും അഭിഷേക് പറയുന്നു.

രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം അഭിഷേക് ബച്ചൻ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് മൻമർസിയാൻ. തപ്സി പന്നു, വിക്കി കൗശൽ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഐശ്വര്യയും അഭിഷേകും ഏറ്റവുമൊടുവിൽ ഒരുമിച്ചഭിനയിച്ചത് മണിരത്നം സംവിധാനം ചെയ്ത  രാവൺ എന്ന ചിത്രത്തിലാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുൻ എന്ന ചിത്രത്തിൽ ആഷും അഭിഷേകും ഒന്നിച്ചെത്തും എന്നും വാർത്തകളുണ്ട്.