അമ്മയാകുന്നതിന് തടസ്സമായത് കാൻസർ; ഇപ്പോൾ ഇരട്ടക്കുഞ്ഞുങ്ങൾ

നടി ലിസ റേ ഇരട്ടക്കുഞ്ഞുങ്ങൾക്കൊപ്പം.

'നാൽപ്പതുകളുടെ മധ്യത്തിലാണ് ഞങ്ങളിരുവരും. അച്ഛനമ്മമാരാകേണ്ട പ്രായമൊന്നുമല്ല ഇതെന്നും ഞങ്ങൾക്കറിയാം. പക്ഷേ, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതാണു ശരിയായ സമയം. എന്റെ ഭർത്താവ് ജേസനെ കുട്ടികൾക്കൊപ്പം കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അച്ഛൻ എന്ന പുതിയ റോളിലേക്ക് അദ്ദേഹം മാറുന്നതും എനിക്കു കാണണം'- നടി ലിസ റേ പറയുന്നു. 'കരയുന്ന കുട്ടികളെ എടുത്തുകൊണ്ടുനടക്കുന്ന, അവരുടെ ഡയപ്പറുകൾ മാറ്റുന്ന, അവർക്കുവേണ്ടി രാത്രികൾ ഉറങ്ങാതിരിക്കുന്ന അവരുടെ അച്ഛനെ എനിക്ക് കാണണം.' - ജീവിതത്തിലെ ഏറ്റവും വലിയ വേദനകൾ കടന്ന് സന്തോഷതീരത്തെത്തിയ ഒരാളുടെ വാക്കുകളാണിത്.

അകാലത്തിൽ എത്തിയ കാൻസറിന്റെ ഭീഷണിയെ അതിജീവിച്ച ലിസ റേ എന്ന നടിയുടെ വാക്കുകൾ. വാടക ഗർഭപാത്രത്തിലൂടെ രണ്ടു കുട്ടികളുടെ അമ്മയായിരിക്കുകയാണ് ലിസ റേ. മിടുക്കൻമാരായ രണ്ട് ആൺകുട്ടിൾക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ലിസ റേ അമ്മയായ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്. സൂഫി, സൊളെയ്ൽ എന്നാണ് കുഞ്ഞുങ്ങൾക്ക് പേരുകൾ നൽകിയിരിക്കുന്നത്.

'വാടക ഗർഭപാത്രത്തിലൂടെ കുട്ടികളുണ്ടാകുന്നതിനെക്കുറിച്ച് അബദ്ധധാരണകൾ ഏറെയുണ്ട്. അന്ധവിശ്വാസങ്ങളും. അവ ഇല്ലാതാക്കാനാണ് ഞാനിപ്പോൾ ഈ വാർത്ത നിങ്ങളോടു പങ്കുവയ്ക്കുന്നത്'– 46 വയസ്സുകാരിയായ നടി പറയുന്നു. കുട്ടികളില്ലാത്തതിന്റെ പേരിൽ ദുഃഖം അനുഭവിക്കുന്ന ലക്ഷക്കണക്കിനുപേർക്ക് ഞങ്ങളുടെ വാർത്ത തുണയാകും. വെല്ലുവിളികളും അദ്ഭുതങ്ങളും നിറഞ്ഞതാണു ജീവിതം. ഇപ്പോഴിതാ രണ്ട് അദ്ഭുതക്കുട്ടികൾ എന്റെ ജീവിതത്തിലേക്കു കടന്നുവന്നിരിക്കുന്നു'. കാൻസറിനെ അതിജീവിച്ച ലിസ ഇപ്പോൾ ജീവിതത്തിൽ സംഭവിച്ചിരിക്കുന്ന അദ്ഭുതത്തിന് ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നും പതറാതെ കൂടെ നിന്ന പങ്കാളിയോടാണ്. പിന്നെ അടുത്ത സുഹൃത്തുക്കളോടും കുടുംബത്തോടും.

കുഞ്ഞിനെ ലഭിക്കാനായി നടത്തിയ ശ്രമങ്ങളെക്കുറിച്ച് ലിസ പറയുന്നതിങ്ങനെ  ചികിത്സയ്ക്കു സഹായിക്കുന്ന ഒരു ഏജൻസിയെ ഞങ്ങൾ കണ്ടെത്തി. മെക്സിക്കോയിൽവച്ചായിരുന്നു ആദ്യത്തെ ശ്രമം. അതു ദയനീയമായി പരാജയപ്പെട്ടു. പിന്നീട് കണക്കുകൂട്ടാനാകാത്ത വിധം പണം ഞങ്ങൾക്കുചെലവു ചെയ്യേണ്ടിവന്നു. ഉറങ്ങാത്ത രാത്രികള്‍ കണ്ണീരൊഴുക്കി കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ, ഞങ്ങൾ വിജയിക്കുകതന്നെ ചെയ്തു'– അഭിമാനത്തോടെ, ആവേശത്തോടെ ലിസ പറയുന്നു. 

കാൻസർ ബാധിച്ചതുമൂലമാണ് സ്വാഭാവിക രീതിയിൽ ഗർഭിണിയാകാൻ ലിസയ്ക്കു കഴിയാതെ വന്നത്. 2009–ലാണ് രക്താർബുദം  ലിസയിൽ കണ്ടെത്തുന്നത്. ഇന്ത്യയിൽവച്ചു വാടക ഗർഭധാരണ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യത്തെ പദ്ധതി. പക്ഷേ, ഒരു ഡോക്ടറെ കണ്ടെത്തി പദ്ധതി പ്രാവർത്തികമാക്കുന്നതിന് ഒരാഴ്ച മുമ്പ് ഇന്ത്യ വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗർഭധാരണം നിയമം മൂലം നിരോധിച്ചു. 

എന്റെ ജീവിതത്തിലെ മിക്ക കാര്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്ത രീതിയിലല്ല സംഭവിച്ചിട്ടുള്ളത്. ജേസനെ വിവാഹം കഴിച്ചതിനുശേഷമാണ് എന്നിൽ വീണ്ടും പ്രതീക്ഷകൾ മുളച്ചതും അമ്മയാകാൻ ഞാൻ ആഗ്രഹിച്ചതും. പുതിയ തലമുറയെ വളർത്തിക്കൊണ്ടുവരിക. അതു നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. കുട്ടികളുടെ ചെവിയിൽ ഒരുകാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു– ഭാവി എന്നാൽ പെൺകുട്ടികളാണ്– ലിസ പറയുന്നു. 2012 ൽ ആയിരുന്നു ലിസയുടെ വിവാഹം.