Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം രഹസ്യമാക്കിവച്ചത് 10 വർഷം; സൈന–കശ്യപ് വിവാഹം ഉടൻ

saina-44 കശ്യപ്, സൈന നെഹ്‌വാൾ. ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം.

നീണ്ട 10 വർഷക്കാലത്തെ പ്രണയം ഒടുവിൽ സൈന നെഹ്‌വാൾ വെളിപ്പെടുത്തി. ഒപ്പം വിവാഹവാർത്തയും. ഇന്ത്യയുടെ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാളും പി. കശ്യപുമാണ് 10 വർഷം രഹസ്യമാക്കിവച്ച പ്രണയത്തെക്കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിക്കൊണ്ട് വിവാഹവാർത്ത പങ്കുവച്ചത്.

ഡിസംബർ 16 ന് ഹൈദരാബാദിൽ വച്ചു നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവാഹച്ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുകയെന്നും ഡിസംബർ 21 ന് ആഘോഷപൂർവമുള്ള വിവാഹസത്കാരം നടക്കുമെന്നുമാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

2005 ൽ ഗോപിചന്ദിന്റെ ബാഡ്മിന്റൺ അക്കാദമിയിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ആരാധകരിൽ നിന്നും മറ്റും പ്രണയം ഒളിപ്പിച്ചുവച്ചുവെങ്കിലും അക്കാദമിയിലെ സഹതാരങ്ങളും ഇരുവരുടെയും സുഹൃത്തുക്കളുമായ കിദംബി ശ്രീകാന്ത്, എച്ച്.എസ് പ്രണോയ്, ഗുരുസായ്ദത്ത് എന്നിവർക്ക് പ്രണയത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. കൂട്ടുകാരുടെ പ്രണയ രഹസ്യം ആ കൂട്ടുകെട്ടിനു വെളിയിൽ പോകാതെ സൂക്ഷിച്ചതുകൊണ്ട് നീണ്ട 10 വർഷക്കാലം പ്രണയബന്ധം രഹസ്യമായി സൂക്ഷിക്കാൻ സൈനയ്ക്കും കശ്യപിനുമായി.

ഒളിംപിക്സിൽ വെങ്കല മെഡലും ലോകചാംപ്യൻഷിപ്പിൽ വെള്ളിയും നേടിയ സൈന നെഹ്‌വാൾ കായിക രംഗത്ത് ഇതുവരെ പ്രധാനപ്പെട്ട ഇരുപതോളം കിരീടങ്ങൾ നേടിയിട്ടുണ്ട്. 2013 ൽ ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തെത്തിയ കശ്യപ് 2014 ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടിയിട്ടുണ്ട്.