രാജകുമാരനെ ചേർത്തണച്ച് മേഗൻ, ഭാര്യയെ നനയിച്ച് ട്രംപ്; കഥപറയും മഴച്ചിത്രം

പ്രണയത്തെയും മഴയെയും ചേർത്തുവായിക്കാനെപ്പോഴും ആളുകൾക്കിഷ്ടമാണ്. അതുപോലെയൊരു മഴച്ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഒക്ടോബർ 15 നും 17 നും പുറത്തു വന്ന രണ്ടു വ്യത്യസ്ത ദൃശ്യങ്ങൾ ചർച്ചയാകാൻ കാരണം ആ ദൃശ്യങ്ങളിലുള്ള ദമ്പതികളും അവരുടെ പെരുമാറ്റവുമാണ്.

രണ്ടു ദൃശ്യങ്ങളിലെയും പശ്ചാത്തലം മഴയാണ്. ഒരേ സാഹചര്യത്തോട് രണ്ടു ദമ്പതികൾ പ്രതികരിക്കുന്നതെങ്ങനെ എന്ന കൗതുകത്തോടെയാണ് ആളുകൾ ഈ വിഡിയോ കണ്ടത്. ഒക്ടോബർ 15 ന് പുറത്തിറങ്ങിയ വിഡിയോയിലുള്ളത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ഭാര്യ മെലാനിയ ട്രംപുമാണ്. ഒരു കുടക്കീഴിൽ നിൽക്കുകയാണ് ഇരുവരും ഇതിനിടയിൽ റിപ്പോർട്ടേഴ്സ് ട്രംപിനോട് എന്തോ ചോദിച്ചു  റിപ്പോർട്ടേഴ്സിന് ഉത്തരം നൽകുന്ന തിരക്കിലായപ്പോൾ ട്രംപ് കുടക്കീഴിൽ തന്നോടൊപ്പമുള്ള മെലാനിയയെ മറന്നു. ട്രംപ് റിപ്പോർട്ടേഴ്സിനോട് സംസാരിക്കുമ്പോൾ ട്രംപിനു സമീപം നനഞ്ഞു നിൽക്കുന്ന മെലാനിയയുടെ ദൃശ്യങ്ങളാണ് ചർച്ചയായത്.

കുടക്കീഴിൽ ഒപ്പമുള്ള ഭാര്യയെ നനയിച്ച് റിപ്പോർട്ടേഴ്സിനോട് സംവദിക്കാൻ പോയ ട്രംപിനെ വിമർശിക്കുകയാണ് ആരാധകർ. ഒക്ടോബർ 17 ന് പുറത്തു വന്ന മഴച്ചിത്രത്തിന് പറയാനുള്ളത് കുറച്ചു കൂടി റൊമാന്റിക്കായ ഒരു കഥയാണ്. ആസ്ട്രേലിയയിലെ വിക്ടോറിയ പാർക്കിൽ പ്രിൻസ് ഹാരിയ്ക്കൊപ്പം മേഗൻമാർക്കിളുമുണ്ട് ദൃശ്യങ്ങളിൽ. ഹാരി രാജകുമാരൻ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കാൻ രാജകുമാരൻ നനയാതിരിക്കാൻ കുടപിടിച്ചുകൊണ്ട് കൗതുകത്തോടെ അതിലുപരി പ്രണയത്തോടെ രാജകുമാരന്റെ സംസാരത്തിന് കാതോർക്കുകയാണ് മേഗൻ. ഈ രണ്ടുചിത്രങ്ങളും താരതമ്യം ചെയ്തുകൊണ്ടാണ് ആളുകൾ സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പങ്കുവയ്ക്കുന്നത്.

പതിവുപോലെ ട്രംപിന് ട്രോളുകൾ കൊണ്ട് പെരുമഴയും രാജകുടുംബത്തിന് സ്നേഹം നിറഞ്ഞ കമന്റുകളും നൽകിക്കൊണ്ടാണ് ആളുകൾ പ്രതികരിച്ചത്.