ജീവിതത്തിൽ ഭർത്താവിന് മറ്റൊരു പങ്കാളിയാകാം, വേദിയിൽ അനുവദിക്കില്ല: രാധാ റെഡ്ഡി

കുച്ചിപ്പുടി എന്ന നൃത്തരൂപത്തെ പ്രാണനെപ്പോലെ പ്രണയിക്കുന്ന രാധാ റെഡ്ഢി ജീവിതത്തിൽ എന്തു വിട്ടുവീഴ്ചയ്ക്കും ഒരുക്കമാണ്. പക്ഷേ നൃത്തത്തിൽ എന്നും തന്റെ പങ്കാളി ഭർത്താവായിരിക്കണമെന്നും ഭർത്താവിനൊപ്പം വേദിയിൽ നൃത്തം ചെയ്യാൻ മറ്റാരെയും അനുവദിക്കില്ലെന്നും രാധാറെഡ്ഢി. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വ്യക്തിജീവിതത്തിലും പ്രഫഷണൽ ജീവിതത്തിലും താൻ സ്വീകരിച്ച നിലപാടുകളെക്കുറിച്ച് അവർ മനസ്സു തുറന്നത്. 

രാധാ റെഡ്ഢിയുടെ ഭർത്താവും പ്രശസ്ത കുച്ചിപ്പുഡി നർത്തകനുമായ രാജറെഡ്ഢി രണ്ടുവിവാഹം കഴിച്ചിട്ടുണ്ട്. രാധയുടെ സഹോദരി കൗസല്യയാണ് രാജയുടെ മറ്റൊരു ഭാര്യ. രാധയുടെ അനുവാദത്തോടെയായിരുന്നു ഈ വിവാഹം. ഭർത്താവിനും അനുജത്തിക്കും പരസ്പരം പ്രണയം തോന്നിയപ്പോൾ രാധാ റെഡ്ഢി അവരോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ. ജീവിതത്തിൽ രാജാറെഡ്ഢിക്ക് മറ്റു പങ്കാളിയാകാം എന്നാൽ നൃത്തവേദിയിൽ താനല്ലാതെ മറ്റൊരു പങ്കാളി പാടില്ല.

രാധയ്ക്കു നൽകിയ വാക്ക് രാജാ റെഡ്ഢിയും കൗസല്യയും ഇന്നും പാലിച്ചു പോരുന്നു. കുച്ചിപ്പുഡി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും തൃകോണപ്രണയത്തെക്കുറിച്ചുമെല്ലാം അഭിമുഖത്തിൽ അവർ മനസ്സു തുറന്നു സംസാരിച്ചു. അമ്പത് വർഷം പിന്നിട്ടിട്ടും രാധയ്ക്കു നൽകിയ വാക്ക് രാജയും കൗസല്യയും ലംഘിച്ചിട്ടില്ല. രാധയിലും കൗസല്യയിലുമായി രണ്ടുപെൺമക്കളുണ്ട് രാജയ്ക്ക്.  മക്കൾ യാമിനിയും ഭാവനയും  രാധയെയും രാജയെയും പോലെ കുച്ചിപ്പുഡിയിൽ ഉയരങ്ങൾ താണ്ടുകയാണ്.