ഒറ്റയ്ക്ക് താമസിക്കുന്നവൾ... കയ്യിൽ കത്തി കരുതുന്നവൾ... അവൾക്ക് പറയാനുള്ളത്...

പ്രതീകാത്മക ചിത്രം.

ഒറ്റയ്ക്ക് ഉലകം ചുറ്റുന്നവൾ, ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിക്കുന്നവൾ, ഇരുപത്തി മൂന്നു വയസ്സിന്റെ യൗവനം അവൾക്കു നൽകിയ മുറിവുകളുടെയും ഒറ്റപ്പെടലിന്റെയും സാധ്യതകളിലേക്കാണ്, യാത്രകളിലേയ്ക്ക് അവൾ സ്വയം ഒരുങ്ങിയിറങ്ങുന്നത്. ഒപ്പം കൊണ്ടു നടക്കുന്ന യാത്രാബാഗിൽ ഹൃദയത്തോളം ആഴ്ന്നിറങ്ങാൻ നീളവും ബലവുമുള്ള നീണ്ട പിടിയുള്ള രണ്ടു കത്തികളും.

ആദ്യമായി ആ പെൺകുട്ടിയെ ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ചു  കാണുമ്പോൾ കണ്ണുകളിൽ ഒളിച്ചിരുന്ന കുസൃതിയ്ക്കപ്പുറം ഇത്ര ഒറ്റപ്പെടൽ മനസ്സിലായിരുന്നതേയില്ലല്ലോ എന്ന് അവളുടെ ഓരോ വാക്കുകളിലും മനസ്സിലോർത്തു. അശ്വതി ഇഥിക എന്നാണു ആ പെൺകുട്ടിയുടെ പേര്. ചോദ്യങ്ങൾ ഒരുപാട് പല ഭാഗങ്ങളിൽ നിന്നും ഉയരുന്നത് കേൾക്കാം, ഒരു പെൺകുട്ടി ഒറ്റയ്ക്കു എന്തിനു താമസിക്കുന്നു, അവൾക്ക് അവളുടെ ബന്ധുക്കളുടെ ഒപ്പം താമസിച്ചൂടെ? എന്തിനു രാത്രിയിലും ഒക്കെ ഒറ്റയ്ക്കിങ്ങനെ ചുറ്റി തിരിഞ്ഞു നടക്കുന്നു? ഉത്തരം അവൾ തന്നെ പറയുന്നതാണ് ഭംഗി. ഒറ്റയ്ക്ക് പോയിട്ട് കുടുംബങ്ങളിൽ പോലും കയറി വന്നു പെൺകുട്ടികളുടെ മാനം കളയുന്ന മനുഷ്യരുള്ള നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നവൾ ഒരു തിരിച്ചറിവാണ്, അവളുടെ കയ്യിലുള്ള ആയുധം ഒരു സാധ്യതയും.

"അച്ഛൻ വേറെ കുടുംബമായി താമസിക്കുന്നു, അമ്മ വിദേശത്താണ്, അപ്പോൾ പിന്നെ മറ്റു മാർഗ്ഗമില്ലായിരുന്നു ഒറ്റയ്ക്ക് താമസിക്കാതെ. പലരും പറഞ്ഞു ബന്ധുക്കളുടെ വീടുകളിൽ താമസിക്കാം., പക്ഷെ മറ്റൊരാളുടെ സ്വകാര്യതയിലേക്ക് നമ്മൾ കയറി ചെല്ലുമ്പോഴുള്ള ബുദ്ധിമുട്ടുകൾ എനിക്കൂഹിക്കാം. അങ്ങനെ മറ്റൊരാളെ ബുദ്ധിമുട്ടിയ്ക്കാൻ ഒട്ടും ഇഷ്ടമില്ലാത്തൊരാളാണ് ഞാൻ. കുട്ടിക്കാലം മുതലേ അങ്ങനെയാണ് പഠിച്ചതും."

എന്താണ് ഒരു പെൺകുട്ടി യാത്രകളിലും താമസസ്ഥലത്തെ കിടക്കയ്ക്കരികിലും എപ്പോഴും ആ കത്തി സൂക്ഷിച്ചു വച്ചിരിക്കുന്നത്? "പണ്ടുമുണ്ടായിരുന്നു നമ്മുടെ നാട്ടിൽ വയസ്സായവർ വരെ ഇത്തരത്തിൽ കത്തി കൊണ്ട് നടക്കുന്ന രീതി. സന്ധ്യ കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ എല്ലാ സ്ത്രീകളും ഒരു കത്തി കയ്യിൽ കരുതും, ആരെങ്കിലും അക്രമിക്കുമോ എന്ന് ഭയന്നിട്ടൊന്നുമല്ല, അന്ന് അത്രയധികം പീഡനങ്ങളൊന്നുമില്ലല്ലോ. പക്ഷെ അതൊരു ധൈര്യമാണ്.

പ്രതീകാത്മക ചിത്രം.

അതെ ആത്മധൈര്യം ഞാൻ അനുഭവിക്കുന്നുണ്ട്. ആരെയും ഉപദ്രവിക്കാനോ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന് ഭയന്നിട്ടൊന്നുമല്ല, പക്ഷെ അത് കൈക്കരികിൽ ഉണ്ടാകുമ്പോൾ ലഭിക്കുന്ന സുരക്ഷിതത്വബോധം വളരെ വലുതാണ്. പലപ്പോഴും സുഹൃത്തുക്കൾ ഒക്കെ കളിയാക്കാറുണ്ട്, ഏതു തീവ്രവാദ ഗ്രൂപ്പിലാണ് ഞാൻ പ്രവർത്തിക്കുന്നതെന്നൊക്കെ ചോദിച്ച്, പക്ഷെ തിരുവനന്തപുരത്ത് പെൺകുട്ടി അവളെ ഉപദ്രവിച്ച വ്യക്തിയുടെ ലിംഗം മുറിച്ചെന്നൊക്കെ കേൾക്കുമ്പോൾ പലർക്കും തോന്നുന്നുണ്ടാകാം കത്തിയുടെ ആവശ്യകത എന്താണെന്ന്. പക്ഷെ എനിക്കറിയില്ല ഒരാവശ്യം വന്നാൽ ആ കത്തിപ്പിടിയോളം എന്റെ കൈകൾനീണ്ടു ചെല്ലുമോ എന്ന്... പക്ഷെ  അതിന്റെ സാന്നിധ്യം വല്ലാത്ത സുരക്ഷിതത്വം നൽകാറുണ്ട്."

രാത്രികളിലെ ഒറ്റയ്ക്കുള്ള സഞ്ചാരത്തെ കുറിച്ച് ചോദിച്ചാൽ രാത്രികളെ കുറിച്ചല്ല സഞ്ചാരങ്ങളെ കുറിച്ചാണ് ആ പെൺകുട്ടിയ്ക്ക് ഏറെ പറയാനുണ്ടാവുക...

"ആദ്യം വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ മുരടിപ്പ് തോന്നി . ഒന്നര വർഷം മുൻപ് വരെ ജോലിയുണ്ടായിരുന്നു, അതു നഷ്ടപ്പെട്ടപ്പോൾ പിന്നെ പുറത്തേക്കൊന്നും അധികം ഇറങ്ങാതെ വീടിനുള്ളിൽ അടച്ചിട്ടു ഇരിക്കാൻ തുടങ്ങി.

പക്ഷെ ആ ഏകാന്തത ശ്വാസം മുട്ടിച്ച് തുടങ്ങിയപ്പോൾ മുന്നിൽ വേറെ വഴികളൊന്നുമുണ്ടായിരുന്നില്ല. യാത്രയ്ക്കായി ഇറങ്ങിത്തിരിച്ചു. സുഹൃത്തുക്കൾ, അവരുടെ വീടുകൾ, കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള കലാ-സാംസ്കാരിക പരിപാടികൾ, സൗഹൃദ കൂട്ടങ്ങൾ... ഒറ്റപ്പെടലിന്റെ സങ്കടങ്ങളിലേയ്ക്ക് എണ്ണിയാലൊടുങ്ങാത്ത സൗഹൃദങ്ങൾ വന്നു കയറി. അതോടു കൂടി എനിക്ക് മനസ്സിലായി ഞാൻ പുറത്തിറങ്ങണം, എന്റെ അതേ അനുഭവങ്ങളുള്ള മറ്റു പെൺകുട്ടികളുമായി സംസാരിക്കണം, എന്റെ അതിജീവന പാഠങ്ങൾ അവരെ പ്രചോദിപ്പിക്കണം..."

ഇരുപത്തി മൂന്നു വയസ്സിനുള്ളിൽ ആ പെൺകുട്ടി അനുഭവിച്ച പാഠങ്ങൾ അത്ര നിസ്സാരമായിരുന്നിരിക്കില്ലല്ലോ. മിഠായി വാങ്ങാൻ കൊച്ചു കുട്ടിയായിരുന്നപ്പോൾ കടയിൽ ചെന്ന സമയത്ത് മിഠായി തരാമെന്നു പറഞ്ഞു അമ്മിഞ്ഞയിൽ പിടിച്ചു നോവിച്ച വയസ്സൻ ഇക്കയും വീട്ടിലേയ്ക്കുള്ള എളുപ്പവഴികളിൽ വച്ചു പാവാടയ്ക്കുള്ളിലൂടെ കയ്യിടാൻ ശ്രമിച്ച സഹോദരന്റെ കൂട്ടുകാരുമൊക്കെ അവളുടെ ഓർമ്മകളിൽ മുറിവുകളായി തുടരുന്നു.

" കുറഞ്ഞപക്ഷം എനിക്ക് ഞാൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളിൽ നിന്ന് കര കയറാൻ കഴിഞ്ഞു, അതൊക്കെ മറ്റുള്ളവർക്കു മുന്നിൽ ധൈര്യ സമേതം അവതരിപ്പിക്കാൻ കഴിഞ്ഞു, എന്നാൽ ഇതൊന്നും കഴിയാത്ത എത്രയോ പെൺകുട്ടികളുണ്ട് ലോകത്ത്. അവർക്കു വേണ്ടിയാണ് എന്റെ സഞ്ചാരങ്ങളും മുന്നോട്ടുള്ള ജീവിതവും. നമ്മുടെ എഴുത്തുകളും അതിജീവനവും മറ്റൊരു പെൺകുട്ടിയ്ക്ക് ഒരു പാഠമായെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷം.

പ്രതീകാത്മക ചിത്രം.

അവർക്കും അതിനെ മറികടക്കാൻ കഴിയുന്നത് വലിയ കാര്യമല്ലേ? നമ്മളെക്കാൾ ദുരന്തങ്ങളിൽ കൂടി കടന്നു വന്നവർ ഉണ്ടാകാം, പലർക്കും ധൈര്യമില്ല, ഒന്നുറക്കെ പറയാനോ അടുത്ത സുഹൃത്തിനോട് പറയാനോ പോലും. പക്ഷെ അതിനെ നിസ്സാരമായി തള്ളിക്കളയാൻ അവർക്ക് കൂട്ടിരിക്കണം. അതിനായുള്ള വാക്കുകൾക്കുള്ള തിരച്ചിലിലാണ് ഞാൻ. അനുഭവങ്ങൾ ഓരോന്നായി എഴുതാൻ പദ്ധതിയുണ്ട്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ഒരു പെൺകുട്ടിയുടെ ഏറ്റവും അടുത്ത , എപ്പോഴും കൂടെ നിർത്താൻ കഴിയുന്ന സുഹൃത്ത് മറ്റൊരു പെൺകുട്ടിയാകും. അതുകൊണ്ടു തന്നെ അവർക്കു വേണ്ടി സംസാരിക്കണം, എഴുതണം എന്നത് തന്നെയാണ് എനിക്കിഷ്ടം."

കേരളത്തിലെ സാഹചര്യങ്ങളിൽ രാത്രിയിലെ ഒറ്റയ്ക്കുള്ള സഞ്ചാരം അപകടമാണെന്ന് മറ്റാരും പറയാതെ തന്നെ അവൾക്കറിയാം, " രാത്രിയാണെങ്കിൽ വീട്ടിലേയ്ക്കുള്ള ബസു പിടിച്ചു സ്റ്റോപ്പിൽ ബസിറങ്ങിയാൽ ഏറ്റവും പരിചയമുള്ള ഒരു ഫാമിലി സുഹൃത്തുണ്ട് , അപ്പാ , അദ്ദേഹം കൂട്ടാൻ വരാറുണ്ട്. മനഃപൂർവ്വം അബദ്ധങ്ങളിൽ ചെന്ന് ചാടേണ്ടല്ലോ. ഈ കറക്കം കണ്ടിട്ട് പല സുഹൃത്തുക്കളും ചോദിക്കാറുണ്ട്, എന്തിനാണ് കറങ്ങി നടക്കുന്നതെന്നൊക്കെ, ചിലർ നമുക്ക് ഒന്നും പറ്റരുത് എന്ന ചിന്തയിലാവും പറയുന്നത്. അവരെ ഒക്കെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്, പരമാവധി കരുതലിൽ തന്നെയാണ് നടക്കുന്നതും ഒറ്റയ്ക്ക് താമസിക്കുന്നതും ഒക്കെ. അതിന്റെ ഭാഗമാണ് ഒരുപക്ഷെ കത്തി വരെ. അവരുടെ സ്നേഹം ഞാൻ തിരിച്ചറിയുകയും ചെയ്യുന്നു".

പ്രതീകാത്മക ചിത്രം.

അശ്വതി ഇഥിക എന്ന ഈ പെൺകുട്ടി ലോകത്തെ ആദ്യത്തെ ഒറ്റയ്ക്ക് താമസിക്കുന്ന പെൺകുട്ടിയോ കയ്യിൽ കത്തി കരുതി നടക്കുന്ന ആളോ ആല്ല. പക്ഷെ ഈ കാലഘട്ടത്തിൽ ഇത്തരം കഥകൾ കേൾക്കുന്നതും കേൾപ്പിക്കുന്നതും പോലും ഒരു ചരിത്രമാണ്. കാരണം തിരുവനന്തപുരത്ത് ഒരു പെൺകുട്ടി കയ്യിലെ കത്തി കൊണ്ട് തന്നെ നിരന്തരം ഉപദ്രവിച്ചു കൊണ്ടിരുന്ന ഒരു വ്യക്തിയുടെ ആണവയവം മുറിച്ചു നീക്കിയിട്ട് ഒത്തിരി ദിവസങ്ങൾ ഒന്നും കഴിഞ്ഞിട്ടില്ല. പെൺകുട്ടികൾ കയ്യിലൊരു ആയുധം സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതകളിലേയ്ക്ക് ഒരു പക്ഷെ ആ പെൺകുട്ടിയെ അഭിനന്ദിച്ചു കൊണ്ട് മുഖ്യമന്ത്രി പോലും അനുകൂലമായി അഭിവാദ്യങ്ങൾ അർപ്പിക്കുമ്പോൾ നിയമം പോലും സഹായത്തിനെത്താത്ത പെൺ സങ്കടങ്ങളിലേയ്ക്ക് അവൾക്കു തുണ അവൾ മാത്രമാണെന്ന തിരിച്ചറിവുകൾ ഉണ്ടാക്കാൻ ഇത്തരംകഥകൾക്ക് കഴിഞ്ഞേക്കാം.

ഒറ്റയ്ക്കായി പോകുമ്പോൾ കൂട്ടിനായി ആളെ അന്വേഷിക്കുന്ന സ്ത്രീകൾക്ക് പോലും അടുത്തൊരു കത്തിയുണ്ടെങ്കിൽ ഒരു വീട്ടിൽ ഒറ്റയ്ക്ക് കിടക്കാൻ ധൈര്യം തരാൻ ഈ കഥയ്ക്ക് കഴിഞ്ഞേക്കാം... അതുകൊണ്ട് തന്നെ അശ്വതി ഈ സമൂഹത്തിലെ പല പെൺകുട്ടികളുടെയും സ്വന്തം കഥയാകുന്നു . അതുകൊണ്ടു തന്നെ ഈ കഥ മനസ്സുകളിൽ സൂക്ഷിച്ചു വയ്‌ക്കേണ്ടതും ആവശ്യം തന്നെ. ഇത് നിങ്ങളിൽ പലരുടെയും കഥയാക്കി മാറ്റാനുള്ളതല്ലേ!