ആ മാപ്പു പറച്ചിലിൽ എല്ലാം ഒടുങ്ങുമോ? ; അവളുടെ മുറിവേറ്റ മനസ്സ് എല്ലാം പൊറുക്കുമോ?

പ്രതീകാത്മക ചിത്രം.

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നതിനാണ് വുമൺ കളക്ടീവ് ഇൻ സിനിമ എന്ന സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിക്കപ്പെട്ടതെന്നു ബന്ധപ്പെട്ടവർ പറയുകയുണ്ടായി. സിനിമയുടെ പിന്നാമ്പുറത്തും മുന്നിലുമൊക്കെയുള്ള സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എന്തുമാത്രം ഉണ്ടാക്കാമെന്ന് മാസങ്ങൾക്കു മുൻപ് മലയാള സിനിമയിലെ ഒരു മുൻനിര നടി അക്രമിക്കപ്പെട്ടപ്പോൾ തന്നെ മലയാളിയ്ക്കു മനസ്സിലായി. പലപ്പോഴും പല സ്ത്രീ സിനിമാ പ്രവർത്തകരും ആവർത്തിച്ചു പറഞ്ഞ വാചകങ്ങളായിരുന്നു സിനിമയിലെ ആൺ മേൽക്കോയ്മയുടെ ധാർഷട്യങ്ങൾ. അതിന്റെ തുടർ വാചകങ്ങളാണ് കഴിഞ്ഞ ദിവസം ഒരു നടനിൽ നിന്നും കേട്ടതും.

പാതിരാത്രി കഴിഞ്ഞൊരു നേരം അത്യാവശ്യം ധൈര്യമുണ്ടെങ്കിൽ പോലും എപ്പോഴും ചുറ്റുപാടുകളെ ഭയത്തോടെ കാണുന്ന സഹജസ്വഭാവമുള്ളൊരു പെൺകുട്ടി വളരെ യാദൃശ്ചികമായി ഒരു കൂട്ടം പുരുഷന്മാരാൽ റോഡിൽ വച്ച് തടയപ്പെടുക, വിചാരിക്കാത്ത രീതിയിൽ പോലും അപമാനിക്കപ്പെടുക. പൊതുവേ ഇന്നത്തെ രീതി അനുസരിച്ച് അത്തരത്തിൽ ഉപദ്രവിക്കപ്പെട്ട സ്ത്രീയുടെ വിളിപ്പേര് "ഇര" എന്നാണ്.

ഇരയാക്കപ്പെടുന്നതോടെ അവർക്ക് സ്വന്തം പേരുകൾ നഷ്ടപ്പെടുന്നു. വേട്ടക്കാരന് മുഖവും പേരും ചിരിയും പോലും ആകാം. പത്രത്തിലെ മുൻപേജിൽ ചിത്രവുമാകാം. അതങ്ങനെയാണല്ലോ ഇന്നത്തെ കാലത്തിന്റെ നീതി! എന്തു തന്നെ ആയാലും ഉപദ്രവിക്കപ്പെട്ട പെൺകുട്ടിയുടെ പക്ഷം എന്നാൽ അത് നീതി ആവശ്യപ്പെടുന്ന ഇടവും കൂടിയാണ്. ആ നീതിയുടെ മുകളിൽ നിരവധി കഥകൾ ഉരുണ്ടു കൂടുകയും ചെയ്യുന്നുമുണ്ട്. അവിടേക്കാണ് ഈ നടൻമാർ ഒക്കെ എത്തിച്ചേരുന്നത്.

ഇരയാക്കപ്പെട്ട നടിയെയും നുണ പരിശോധനയ്ക്ക് വിധേയയാക്കണം എന്ന് പറയുമ്പോൾ അറിയാതെ പറഞ്ഞ ഒരു കാര്യമുണ്ട്. ഇരയാക്കപ്പെട്ടവരുടെ വാക്കുകളെ അത്രയും നാൾ ഒരുമിച്ച് ജോലിയിൽ സഹകരിച്ച് പ്രവർത്തിച്ചവർ പോലും വിശ്വാസിക്കുന്നില്ലാ എന്നത്. ഏറ്റവും അടുത്ത സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അത്രയ്ക്കൊന്നും സുഹൃത്തല്ലാത്ത ഒരു വ്യക്തിയെ സ്വഭാവഹത്യ ചെയ്യുന്നതാണോ മാന്യത എന്നും ചോദിക്കേണ്ടി വരുന്നു. പക്ഷെ സോഷ്യൽ മീഡിയയിലെ എണ്ണമറ്റ ചോദ്യങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ അദ്ദേഹം ഇട്ട പോസ്റ്റ് കളയുകയും മാപ്പ് ചോദിച്ചു മറു പോസ്റ്റ് ഇടുകയും ചെയ്തു. പക്ഷെ ആദ്യമിട്ട പോസ്റ്റിലെ നഷ്ടപ്പെട്ട മനസ്സാക്ഷി അദ്ദേഹത്തോട് നിരന്തരം ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും.

സ്ത്രീകൾക്ക് വേണ്ടി എന്തിനു സിനിമയിൽ തന്നെ സ്ത്രീ സംഘടനാ എന്ന ആവർത്തന വിരസമായ ഒരു ചോദ്യം ഇനിയെങ്കിലും ആരും ഉന്നയിക്കാതിരിക്കട്ടെ!

സ്ത്രീകൾക്ക് വേണ്ടി എന്തിനു സിനിമയിൽ തന്നെ സ്ത്രീ സംഘടനാ എന്ന ആവർത്തന വിരസമായ ഒരു ചോദ്യം ഇനിയെങ്കിലും ആരും ഉന്നയിക്കാതിരിക്കട്ടെ! വലിയ സ്‌ക്രീനിൽ ഏറ്റവും മനോഹരിയായ നിൽക്കുന്ന അല്ലെങ്കിലും ഏറ്റവും താരമൂല്യമുള്ള നായിക പ്രതിഭയ്ക്ക് വരെ ആൺ മേൽക്കോയ്മയുടെ ഇടമായ സിനിമയിൽ നിന്ന് അവഗണനകൾ ലഭിക്കുമ്പോൾ എങ്ങനെ ഈ കലയിൽ ഒരു ജൂനിയർ ആർട്ടിസ്റ്റിനു പിടിച്ചു നിൽക്കാൻ കഴിയും എന്ന ചോദ്യം പ്രസക്തമല്ലേ? 

സിനിമയുടെ തിളങ്ങുന്ന ലോകം പലരുടെയും മോഹവും ഭ്രാന്തും ഒക്കെയാണ്. പുരുഷന്റേതിന് തുല്യമായ ഭ്രാന്തുകൾ പേറുന്ന സ്ത്രീകളുമുണ്ട്. ലിംഗ സമത്വത്തെ കുറിച്ച് നാം വാചകമടിക്കുമ്പോൾ തന്നെയും ഇന്ത്യയിലെ പല തട്ടിലും നിൽക്കുന്ന സ്ത്രീ-പുരുഷ അവസ്ഥയ്ക്ക് വളരെ വ്യത്യാസമുണ്ട്. നൽകുന്ന കൂലിയിൽ നിന്ന് തന്നെ തുടങ്ങി വൈകാരികവും ശാരീരികവുമായ അപമാനത്തിൽ വരെ അത്തരം വ്യത്യാസങ്ങൾ എത്തി നിൽക്കുന്നുണ്ട്. 

കഹാനി എന്ന ചിത്രത്തിൽ നടി വിദ്യാബാലൻ അഭിനയിച്ച അനുഭവം അവർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്, നടന് തുല്യമോ അതിനും മുകളിലോ അഭിനയിച്ച വേഷത്തിൽ "നടി" എന്ന പദവിയിൽ കൂടുതലൊന്നും കിട്ടിയില്ല എന്ന് മാത്രമല്ല "നടൻ" ആയി അഭിനയിച്ച വ്യക്തിക്ക് നൽകിയ തുക പോലും നൽകിയില്ലെന്നും വിദ്യ തുറന്നടിച്ചിരുന്നു. ശരീരവും മിന്നുന്ന ചിരിയും കൊണ്ട് ആകാശത്ത് നിന്നും സാധാരണക്കാരുടെ ഇടയിലേക്കിറങ്ങി വന്നു കാഴ്ചക്കാരെ കൂട്ടാൻ നടിമാരെ ആവശ്യമുള്ളപ്പോൾ തന്നെ അവർക്ക് വിലയില്ലാതാകുന്നതിന്റെ പ്രധാന കാരണം സിനിമാ ലോകം അടക്കി വാഴുന്ന ആണിന്റെ അധികാര ധാർഷ്ട്യം തന്നെയാണ്. അവിടെ ഇരകളാക്കപ്പെടുന്ന സ്ത്രീകൾക്ക് പോലും നീതി എന്നത് കാണാപ്പുറത്തിരിക്കുന്ന എന്തോ ഒന്ന് മാത്രമാണ്. 

കൊച്ചിയിൽ നടന്ന സംഭവത്തിൽ നടൻ കുറ്റം ആരോപിയ്ക്കപ്പെട്ട അല്ലെങ്കിൽ അങ്ങനെ സംശയിക്കപ്പെട്ട ഒരു വ്യക്തി മാത്രമാണ്. കുറ്റവാളി ആണോ എന്ന കാര്യത്തിൽ അവസാന വാക്കു പറയേണ്ടത് തെളിവുകളും കോടതിയും ഒക്കെ തന്നെയാണ്. പക്ഷെ അപമാനിക്കപ്പെട്ട ഒരു സ്ത്രീ എന്നത് ഒരിക്കലും ഒരു സ്ത്രീയും മനസ്സിൽ ആലോചിക്കാൻ പോലും ഭയപ്പെടുന്ന, അരോചകപ്പെടുന്ന, അറയ്ക്കുന്ന ഒരു സംഭവത്തിനു ഇരയാക്കപ്പെട്ടവളാണ്. ഇവിടെ അവർക്കൊപ്പം തന്നെയാണ് നീതിന്യായ വ്യവസ്ഥയും മനുഷ്യത്വമുള്ള സമൂഹവും നിൽക്കേണ്ടതും.

അത്ര എളുപ്പമല്ല അപമാനിക്കപ്പെട്ട, മുറിവേറ്റ ഒരു പെണ്ണിന് അതിൽ നിന്നും മനസ്സ് കൊണ്ട് രക്ഷപെടാൻ, പക്ഷെ അതിനുള്ള ധൈര്യം കാണിക്കുക എന്നത് തന്നെയാണ് ഒരു സ്ത്രീയെ ഉയർത്തി നിർത്തുന്നതും. അങ്ങനെ ഒരു സ്ത്രീയെ , "ഇര" എന്ന വിളിപ്പേരുള്ള ഒരു സ്ത്രീയെ ഉയർത്തി അവളെ ഒരു സാധാരണ നിലയിലാക്കി മാറ്റണമെങ്കിൽ ഒപ്പം നിൽക്കേണ്ടത് ഒരിക്കൽ അവരോടു കൂടെ ഉണ്ടായിരുന്നവർ തന്നെയാണ്.

ഇര" എന്ന വിളിപ്പേരുള്ള ഒരു സ്ത്രീയെ ഉയർത്തി അവളെ ഒരു സാധാരണ നിലയിലാക്കി മാറ്റണമെങ്കിൽ ഒപ്പം നിൽക്കേണ്ടത് ഒരിക്കൽ അവരോടു കൂടെ ഉണ്ടായിരുന്നവർ തന്നെയാണ്. സോഷ്യൽ മീഡിയയും അവർക്കു വേണ്ടി എഴുതുന്ന നൂറു കണക്കിന് ലേഖനങ്ങളും പിന്നാമ്പുറത്തെ ആശ്വസിപ്പിക്കലുകളുമൊക്കെ എങ്ങുമെത്തില്ല .

സോഷ്യൽ മീഡിയയും അവർക്കു വേണ്ടി എഴുതുന്ന നൂറു കണക്കിന് ലേഖനങ്ങളും പിന്നാമ്പുറത്തെ ആശ്വസിപ്പിക്കലുകളുമൊക്കെ എങ്ങുമെത്തില്ല എന്നിരിക്കെ ഒപ്പം പ്രവർത്തിക്കുന്നവരുടെ വാക്കുകളാണ് ജീവിതത്തെ മുറുകെ പിടിക്കാൻ ആവശ്യം. ആ വാക്കുകൾ തന്നെയാണ് സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവരിൽ നിന്നും യഥാർത്ഥ നീതി ആവശ്യമുള്ള ഒരു സ്ത്രീയ്ക്ക് ലഭിക്കേണ്ടതും. സുഹൃത്തുക്കൾക്ക് മാത്രമല്ല നീതി ആവശ്യം , അത് അർഹിക്കുന്നവർക്കും ആവശ്യം തന്നെ എന്ന് അദ്ദേഹത്തെ പോലെയുള്ളവർ മനസ്സിലാക്കിയിരുന്നെങ്കിൽ!

സോഷ്യൽ മീഡിയയും അവർക്കു വേണ്ടി എഴുതുന്ന നൂറു കണക്കിന് ലേഖനങ്ങളും പിന്നാമ്പുറത്തെ ആശ്വസിപ്പിക്കലുകളുമൊക്കെ എങ്ങുമെത്തില്ല എന്നിരിക്കെ ഒപ്പം പ്രവർത്തിക്കുന്നവരുടെ വാക്കുകളാണ് ജീവിതത്തെ മുറുകെ പിടിക്കാൻ ആവശ്യം. ആ വാക്കുകൾ തന്നെയാണ് സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവരിൽ നിന്നും യഥാർത്ഥ നീതി ആവശ്യമുള്ള ഒരു സ്ത്രീയ്ക്ക് ലഭിക്കേണ്ടതും. സുഹൃത്തുക്കൾക്ക് മാത്രമല്ല നീതി ആവശ്യം , അത് അർഹിക്കുന്നവർക്കും ആവശ്യം തന്നെ എന്ന് അദ്ദേഹത്തെ പോലെയുള്ളവർ മനസ്സിലാക്കിയിരുന്നെങ്കിൽ!!!