മാലിനി! അവളാണ് ഇന്നത്തെ പെണ്ണ്...

ഏതൊരു പെണ്ണിന്റെ മനസ്സിലുമുണ്ട് ഒരു ഹിമാലയം യാത്ര. അത് ഒറ്റയ്ക്കുള്ളതായിരിക്കണം, അവിടെ ആരെങ്കിലും കാത്തിരുന്നിട്ടൊന്നുമല്ല, പക്ഷെ വീട്ടിലെ ആധി നിറഞ്ഞ നോട്ടങ്ങൾ, കുഞ്ഞുങ്ങൾ , ഇടയ്ക്കിടെ മുഖം കറുപ്പിക്കുന്ന ഭർത്താവ്, കുറ്റം പറയുന്ന അമ്മായിയമ്മമാർ, തല വേദനിക്കുന്ന ജോലി... "എങ്ങോട്ടെങ്കിലും ഞാനങ്ങു പോകും" എന്ന് അവൾ എപ്പോഴും പറയുമ്പോഴും അങ്ങനെ വലിച്ചെറിഞ്ഞു പോകാൻ കഴിയാതെ നൂറു കണക്കിന് വേരുകൾ അവളെ പിന്നിലേയ്ക്ക് പിടിച്ച് വലിക്കുന്നുണ്ടാകും.

എങ്കിലും അങ്ങ് ദൂരെയുള്ള ആ വലിയ പർവ്വത നിരകൾ അവളെ മോഹിപ്പിച്ച് കൊണ്ട് തന്നെയിരിക്കും. "നീ നോക്കിക്കോ, എപ്പോഴെങ്കിലും ഞാനവിടെ പോയിരിക്കും" ജോലിയിലെ ഇടവേളകളിൽ കൂട്ടുകാരിയോട് അവൾ വെറുതെ വീരവാദം മുഴക്കും. ഒരിക്കലും പോകാൻ കഴിയില്ലെന്നറിഞ്ഞാലും മോഹങ്ങളെ ഉള്ളിൽ കൊണ്ടു നടക്കും. എന്നാൽ അങ്ങനെ ഒരു യാത്ര പോകാൻ കഴിഞ്ഞാലോ? അത്തരമൊരു സ്ത്രീ ചങ്കൂറ്റമാണ് മാലിനി. 

രഞ്ജിത്ത് ശങ്കർ "രാമന്റെ ഏദൻ തോട്ടം" എന്ന ചിത്രമെടുക്കുമ്പോൾ അതിൽ സാമ്പ്രദായികമായ സ്ത്രീ സങ്കൽപ്പങ്ങളെ ഒന്നാകെ ഉള്ള പൊളിച്ചെഴുത്ത് തന്നെയാണ് നടത്തിയത്. ചിത്രത്തിന്റെ പേര് പോലെ രാമന്റെ ഏദൻ തോട്ടത്തിലൂടെ മാലിനി അവളുടേതായ ഏദൻ തോട്ടം കണ്ടെത്തുന്ന യാത്രയാണിത്. എത്രയോ നാളുകളായി മലയാളത്തിൽ ഇത്ര ശക്തമായ ഒരു സ്ത്രീപക്ഷ സിനിമ വന്നിട്ട്? പലപ്പോഴും സത്യസന്ധമല്ലാത്ത ജീവിതത്തിന്റെ ഏതൊക്കെയോ അറ്റത്ത് വെറുതെ നിൽക്കുന്ന ചില മനുഷ്യരെ/ ചിലപ്പോൾ ഇതുവരെ ഉണ്ടായിട്ടു പോലുമില്ലാത്ത മനുഷ്യരെക്കുറിച്ച് ചിത്രങ്ങളിറങ്ങുമ്പോൾ യാഥാര്‍ത്ഥ്യം പലപ്പോഴും ചിത്രങ്ങളിൽ നിന്നും അകന്നു നിൽക്കുന്നു. അഥവാ ഇറങ്ങുന്നുണ്ടെങ്കിൽ പോലും മിക്കതും ആൺപക്ഷ സിനിമകളായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു. അതിനിടയിലേക്കാണ് ഒരു പെണ്ണ് അവളുടെ സ്വാതന്ത്ര്യ ബോധവും കൊണ്ട് സദാചാരം പേറുന്ന സമൂഹത്തിലേക്ക് ചുണ്ടിൽ പരിഹാസവുമായി ഇറങ്ങി നടക്കുന്നത്.  

ഒരു ടിപ്പിക്കൽ പുരുഷനാണ് മാലിനിയുടെ ഭർത്താവ് എൽവിസ്. ആവശ്യത്തിന് കയ്യിൽ പണമുണ്ടെങ്കിൽ പോലും അയാളുടെ (ശ്രദ്ധിക്കുക അയാളുടെ മാത്രം) സ്വപ്നമായ സിനിമയ്ക്ക് വേണ്ടി  സ്വന്തമായി ഉണ്ടായിരുന്ന വീട് പോലും കളയുന്നു. മാലിനിയുടെ നൃത്തം കണ്ടു മോഹിച്ചാണ് അയാൾ അവളെ വിവാഹം കഴിക്കുന്നതെങ്കിൽ പോലും എൽവിസിന്റെ സ്വപ്ന സഞ്ചാരങ്ങൾക്കിടയിൽ മാലിനിയുടെ സ്വപ്നങ്ങൾ  പാതിവഴിയിൽ നിലച്ചു പോകുന്നുണ്ട്. അല്ലെങ്കിലും പുരുഷകേന്ദ്രീകൃതമായ നമ്മുടെ സമൂഹത്തിൽ സ്വന്തമായി സ്വപ്‌നങ്ങൾ ഉള്ള സ്ത്രീകളെത്ര, അഥവാ അതുണ്ടെങ്കിൽ പോലും അവ നടത്താൻ ശ്രമിക്കാനെങ്കിലും കഴിയുന്ന സ്ത്രീകളെത്ര... എണ്ണത്തിൽ വളരെ കുറവാണ്. ഭാര്യയാക്കപ്പെട്ട, അമ്മയാക്കപ്പെട്ട സ്ത്രീകൾ, പ്രിയപ്പെട്ടവനും കുഞ്ഞിനും വേണ്ടി ബലി കൊടുക്കുന്ന സ്വന്തം സ്വപ്‌നങ്ങൾ നടപ്പാക്കപ്പെട്ടിരുന്നെങ്കിൽ നമ്മുടെ കൊച്ചു സംസ്ഥാനം ഇന്നെത്രയോ മേലെ ചർച്ച ചെയ്യപ്പെട്ടേനെ! 

ക്രിയേറ്റീവ് ആയ ഏതൊരു വ്യക്തിയ്ക്കും ഒരു പ്രചോദനത്തിന്റെ ആവശ്യമുണ്ട്. ഏതൊരു ജോലിയും ക്രിയേറ്റീവായി മാറുമ്പോൾ, ഒരു സാധാരണ വീട്ടമ്മയ്ക്ക് പോലും ഉണ്ടാക്കുന്ന ഭക്ഷണത്തിൽ അഭിനന്ദനം ലഭിച്ചാൽ കിട്ടുന്ന സന്തോഷം വിലമതിക്കാൻ ആകാത്തതാണ്. പിന്നെ അവൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളുടെ സ്വാദ് കൂടും, ധരിക്കുന്ന വസ്ത്രത്തിന്റെ ഭംഗി കൂടും... പക്ഷെ നമ്മുടെ പുരുഷന്മാർ ഒരിക്കലും സ്വന്തം പങ്കാളിയെ ഒരു വാക്കു കൊണ്ടോ സ്പർശം കൊണ്ടോ അംഗീകരിക്കാൻ മടിക്കുന്നവരാണ് എന്നതാണ് ദുഃഖ സത്യം. ആ സത്യത്തിലേക്കാണ് രാമനെ പോലെയുള്ളവർ മോഹിപ്പിക്കുന്ന വാക്കുകളുമായി എത്തുന്നത്. ഏതൊരു മനുഷ്യന്റെയും ഉള്ളിലുണ്ട്, പ്രചോദിപ്പിക്കപ്പെടാനും അംഗീകരിക്കപ്പെടാനുമുള്ള കൊതി. അത് ലഭിക്കുന്നിടത്തേയ്ക്ക് ചായാനുള്ള തോന്നൽ, അതു തന്നെയാണ് മാലിനിയിലും ഉണ്ടായത്. രാമന്റെ വാക്കുകളിലേക്ക് മാലിനി ചാഞ്ഞതു മുതലാണ് അവളിലെ സ്ത്രീ ഉണർന്നു തുടങ്ങിയത്. പഴയ നൃത്തത്തിന്റെ വീണ്ടെടുപ്പിലേയ്ക്കും, സ്വപ്നത്തിന്റെ വഴിയിലേയ്ക്കും അവൾ ചലിച്ചു തുടങ്ങിയത്. 

ചിത്രത്തിൽ രാമന്റെയും മാലിയുടെയും ബന്ധം വഴി മാറുന്നിടത്ത് വച്ച് നാം സ്വാഭാവികമായി അവരുടെ ബന്ധത്തിലേക്ക് രഹസ്യ ക്യാമറകളുപയോഗിച്ച് എത്തി നോക്കുന്നുണ്ട്. ഭർത്താവുള്ള സ്ത്രീ കണ്ടെത്തുന്ന പ്രണയ ബന്ധത്തിൽ അത്രയേറെ ശ്രദ്ധാലുക്കളാണ് ഇന്നത്തെ സദാചാര സമൂഹം. അതേസമയം സമൂഹമാധ്യമങ്ങളൊരുക്കുന്ന സ്വാതന്ത്ര്യം സ്ത്രീകളെയും പുരുഷന്മാരെയും ഇത്തരം പ്രണയബന്ധങ്ങളിലേയ്ക്ക് കൂടുതൽ ആകർഷിപ്പിക്കുകയും ചെയ്യുന്നു. അതിലേയ്ക്കൊക്കെ മറ്റൊരാളുടെ ക്യാമറക്കണ്ണുകൾ എത്തി നോക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ പലപ്പോഴും സ്ത്രീകൾക്കാവശ്യം സ്വപ്നങ്ങളിലേക്ക് വഴി കാട്ടികളാകുന്ന ഒരു സുഹൃത്തിനെയാണെന്നു രഞജിത് ശങ്കർ മനസ്സിലാക്കിയിട്ടുണ്ട്.

ഒരുപാടൊന്നും തന്റെ പ്രണയിനിയെ മനസ്സു തുറന്നു കാണിക്കാനാകാതെ രാമൻ വീർപ്പുമുട്ടുമ്പോൾ ഒരു വഴിയിൽ വച്ച് മാലിനി അയാളോട് പൊട്ടിത്തെറിക്കുന്നുണ്ട്, നിശബ്ദമാക്കപ്പെടുന്ന അയാളുടെ സ്നേഹത്തെ കുറിച്ച് പരിഭവിക്കുന്നുണ്ട്. പക്ഷെ പ്രണയം അവകാശപ്പെടുന്നത് കൃത്യമായ വഴികാട്ടലും അംഗീകരിക്കലുകളും ജീവനുള്ള കാലത്തോളമുള്ള കൂട്ടിരിക്കലിന്റെ വാഗ്ദാനവുമാണെന്നു അയാൾ പറയാതെ പറയുന്നു. പെണ്ണിന്റെ ശരീരത്തിലേയ്ക്ക് മാത്രം കണ്ണുകൾ തുറന്നു വച്ച് അവളുടെ സൗഹൃദം മോഹിക്കുന്ന പല ആൺ കഥപാത്രങ്ങൾക്കുമുള്ള ഉത്തരമാണ് രാമൻ. ഇത്തരം രാമന്മാരെ തന്നെയാണ് സ്ത്രീകൾ ആഗ്രഹിക്കുന്നതും, പ്രണയിക്കാൻ മോഹിക്കുന്നതും. രാമന്റെ വാക്കുകളിൽ നിന്നും അയാളുടെ നിഴലിനോടൊപ്പം ചേർന്ന് കൂടുതൽ ഉയരങ്ങളിലേക്ക് പറക്കുകയാണ് പിന്നീട് മാലിനി. 

ഇഷ്ടപ്പെടാത്ത ഒരു ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന നിരവധി ദാമ്പത്യ ബന്ധങ്ങളുടെ നേർക്ക് മാലിനി അയക്കുന്ന ഒരു ഡിവോഴ്സ് അപേക്ഷയുണ്ട്. എൽവിസിന്റെ ജീവിതത്തിൽ നിന്നും മകൾക്കു വേണ്ടി മറ്റൊരു മനോഹര തീരം ഒരുക്കിക്കൊണ്ട് അവൾ പടിയിറങ്ങുമ്പോൾ അവിടെ ചോദ്യങ്ങളില്ല. സ്വപ്നങ്ങൾക്കു വേണ്ടിയും സ്ത്രീയ്ക്കു ജീവിക്കാം എന്നതിന്റെ ഉത്തരമാണ് മാലിനി. സിനിമ അവസാനിക്കുമ്പോൾ പലരും ചോദിച്ച ചോദ്യമിതാണ്, എന്തുകൊണ്ട് രാമനെ സ്വീകരിക്കാൻ, അയാളെ വിവാഹം കഴിക്കാൻ മാലിനി തയ്യാറായില്ല എന്നതാണത്. രാമന്റെയും മാലിനിയുടെയും ബന്ധത്തിന്റെ പരിണാമം കാഴ്ചക്കാർക്ക് പൂരിപ്പിക്കാൻ നൽകുകയാണ് രഞ്ജിത്ത് ശങ്കർ ചെയ്തത്.

കാഴ്ചക്കാർക്ക് ഇഷ്ടമുള്ളത് പോലെ ആ ബന്ധം പൂരിപ്പിക്കാം. വർഷങ്ങൾക്കപ്പുറം എല്ലായിടത്തും പരാജയപ്പെട്ടു, ഒറ്റയ്ക്കായി, വിഷാദിയായിപ്പോയ എൽവിസിനടുത്തേയ്ക്ക് വീണ്ടും അവൾ ഒരുപക്ഷെ തിരിച്ചു പോയേക്കാം, അല്ലെങ്കിൽ രാമന്റെ , അവളുടെ പ്രിയപ്പെട്ട അവന്റെ ഏദൻ തോട്ടത്തിലേക്ക് അവൾ ഒറ്റ പറക്കൽ പറന്നേക്കാം, അതും അല്ലെങ്കിൽ അകന്നു പോയ ദാമ്പത്യത്തെ ഓർക്കാതെ പ്രണയത്തിന്റെ കൈ പിടിച്ച് അവൾ അവളുടെ സ്വപ്നങ്ങളെ തിരഞ്ഞു കൊണ്ട് കൂടുതൽ ഉയരങ്ങൾ കീഴടക്കുകയുമാകാം.

എന്തു തന്നെ ആയാലും അത് മാലിനിയുടെ മാത്രം ചോയിസാണ്. അവിടെ എൽവിസോ രാമനോ രജ്ഞിത് ശങ്കറോ പോലും ഇടപെടേണ്ടതില്ല. സ്ത്രീയ്ക്ക് അവളുടേതായ ഒരു ഇടമുണ്ട്, അവിടെ സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാനും അതിൽ ഉറച്ചു നിൽക്കാനുമുള്ള പ്രാപ്തിയിൽ അവളെത്തുക എന്നത് മാത്രമാണ് പ്രധാനം, ആ ഒരു നില വരെ മാലിനിയെ സംവിധായകൻ എത്തിക്കുന്നുമുണ്ട്. ഇനി അവളുടെ ജീവിതം അവൾ തീരുമാനിക്കട്ടെ, അതിൽ കാഴ്ചക്കാരൻ അഭിപ്രായം പറയേണ്ടതില്ല!