''ഞാനും ഇരയാക്കപ്പെട്ടവൾ''...

സമൂഹമാധ്യമങ്ങളിൽ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന മി ടൂ ക്യാമ്പയിനുകൾ സ്ത്രീകൾ നേരിട്ട ലൈംഗികമായ അധിനിവേശങ്ങളെയും അവയുടെ മുറിവുകളെയും ഓർമ്മിപ്പിക്കുന്നതാണ്.

Me too...

If all the women who have ever been sexually harassed or assaulted wrote "Me too." as a status, we might give people a sense of the magnitude of the problem.

                    

ഇങ്ങനെയൊരു മീ ടൂ പറയാൻ ഇല്ലാത്ത എത്ര സ്ത്രീകൾ ചരിത്രത്തിലുണ്ടാകും എന്ന് വെറുതെ ആലോചിച്ചു നോക്കി. എവിടം മുതലാണ് ഈ വാക്കുകൾ പറയേണ്ടി വന്നിരിക്കുക... ജനിച്ചു വീണത് പെൺകുട്ടിയാണെന്നറിഞ്ഞ നിമിഷത്തിൽ അമ്മയുടെയും അച്ഛന്റെയും മുത്തശ്ശിയുടേയുമൊക്കെ ഹൃദയത്തിൽ ആൺകുട്ടി അല്ലാത്തതിന്റെ പേരിൽ വന്ന ഇടി മുഴക്കത്തോടെയാവില്ലേ ആ മീ ടൂവിന്റെ വേർതിരിവ് അനുഭവങ്ങൾ തുടങ്ങിയിട്ടുണ്ടാവുക. 

പിന്നെ സ്‌കൂളിൽ, ബസിൽ, സമൂഹത്തിൽ ഓഫീസിൽ ഒക്കെ അനുഭവിക്കേണ്ടി വന്ന തരംതിരിക്കലുകൾ. ഒരർത്ഥത്തിൽ മാനസികമായ പരിഹാസങ്ങൾ ശാരീരികമായ ഉപദ്രവത്തോളം തന്നെ മനുഷ്യനെ ബാധിക്കുന്നുണ്ട്. ഇവിടെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന മി ടൂ ക്യാമ്പയിനുകൾ സ്ത്രീകൾ നേരിട്ട ലൈംഗികമായ അധിനിവേശങ്ങളെയും അവയുടെ മുറിവുകളെയും ഓർമ്മിപ്പിക്കുന്നതാണ്. അതിജീവിക്കാൻ ആഗ്രഹമുള്ളവരാണ് എല്ലാവരും പക്ഷെ അതിനു കഴിയാതെ ജീവിതം ഉരുകിത്തീർന്ന എത്രയോ ജന്മങ്ങളുടെ മുന്നിൽ നിന്നാണ് ഓരോ പെണ്ണിനും അവളുടെ അനുഭവം തുറന്നു പറയേണ്ടത്... ചില തുറന്നു പറച്ചിലുകൾ മറ്റൊരാൾക്ക് ആശ്വാസമാകുമ്പോൾ പക്ഷെ അത് പങ്കു വയ്ക്കേണ്ടത് തന്നെയെന്ന് ഉറപ്പിക്കപ്പെടുന്നു.

മൂന്നാമത്തെ വയസ്സിൽ അമ്മ വീട്ടിൽ നിന്നും അച്ഛന്റെ നാട്ടിലെ ഞങ്ങളുടേത് മാത്രമായ സ്വർഗ്ഗലോകത്തേയ്ക്കു വരുമ്പോൾ നാട്ടിൽ കിട്ടിയ സ്വീകരണം ചെറുതല്ല. നാല് വശങ്ങളിലും ഉള്ള വീടുകളിലെ ആൺകുട്ടികൾക്ക് പകരമായി കിട്ടിയ ഒരേയൊരു പെൺകുട്ടി എന്ന നിലയിൽ ചിത്രശലഭം പോലെ പറന്നു നടക്കുന്ന കുട്ടിക്കാലം അത്രമേൽ മധുരമുള്ളതുമായിരുന്നു.പക്ഷേ ... ആ പക്ഷേയ്ക്ക് വളരെ വലിയ അർത്ഥങ്ങളുണ്ട്. തിരിച്ചറിവായ പ്രായം മുതൽ ആൺകുട്ടികളെ എന്തിനായിരുന്നു ഭയന്നതെന്ന ചോദ്യത്തിനുള്ള ഉത്തരവുമാണത്. ഒരുപക്ഷേ ഇന്നും പേറുന്ന നിരാശ്രയത്വത്തിന്റെ ഭയമുള്ള മനസ്സിന്റെ ഉത്തരവും.

അമ്മയും അച്ഛനും ജോലിക്കു പോകുന്ന വീട്ടിലെ ഒരു പെൺകുട്ടി, അവൾ എത്ര നേരം അടച്ചിട്ട സ്വന്തം വീട്ടിലെ മുറിയ്ക്കുള്ളിലെ ഇരുട്ടിൽ ഒളിച്ചിരിക്കണം? ആകാശവാണിയിലെ പാട്ടുകൾ ഏറെ ഇഷ്ടമുള്ളവരുണ്ട്. ഉച്ചയ്ക്കയ്ക്കുള്ള റേഡിയോ പാട്ടു കേൾക്കാൻ വേണ്ടി മാത്രമായിരുന്നില്ല അയാൾ വീട്ടിലെ സ്ഥിരം സന്ദർശകനായത്. ഒറ്റയ്ക്കാവുന്ന സമയങ്ങളിൽ ചില വീടുകൾ നൽകുന്ന ആശ്രയത്വം വളരെ വലുതാണ്. അതിലും വലുതായിരുന്നു സ്വന്തം വീട്ടിലെ നിരാശ്രയത്വം. നീണ്ട പച്ചപ്പും കുറ്റിക്കാടുകളും എത്രയോ മരങ്ങളുമുള്ള വീട് ഏതു നേരവും മോഹിപ്പിക്കുന്നുണ്ടെങ്കിലും പിന്നാമ്പുറങ്ങളിൽ ഭയപ്പെടുത്തുന്ന ചില ആൺശരീരങ്ങളുടെ പതുങ്ങലുകളുണ്ട്. ഏറെ സ്നേഹത്തോടെ കൈപിടിച്ച് മടിയിലിരുത്തി പിന്നിൽ തട്ടി തടയുന്ന എന്തൊക്കെയോ കനമേറിയ വിഷാദങ്ങളുണ്ട്. 

അതിൽ നിന്നൊക്കെയുള്ള രക്ഷപെടൽ കൂടിയായിരുന്നു ഒരർത്ഥത്തിൽ അടുത്ത വീട്ടിലേയ്ക്കുള്ള യാത്രകൾ. രണ്ടു ആൺകുട്ടികളുള്ള വീട് പക്ഷേ സ്നേഹവും സൗഹൃദവും ലിംഗഭേദമില്ലാത്ത വീട്... രുചിയുള്ള ചക്കപ്പുഴുക്കിന്റെയും പുളിശ്ശേരിയുടെയും മാങ്ങാ അച്ചാറിന്റെയും സ്വാദ് ഇപ്പോഴും നാവിൻ തുമ്പിനെ ഓർമ്മിപ്പിക്കുന്ന വീട്. ആ വീടിന്റെ ഇരുണ്ട മൂലകളിൽ വച്ചായിരുന്നു അവനെന്നെ ആദ്യമായി ഭയപ്പെടുത്തിയതും.

അതിജീവിക്കാൻ ആഗ്രഹമുള്ളവരാണ് എല്ലാവരും പക്ഷെ അതിനു കഴിയാതെ ജീവിതം ഉരുകിത്തീർന്ന എത്രയോ ജന്മങ്ങളുടെ മുന്നിൽ നിന്നാണ് ഓരോ പെണ്ണിനും അവളുടെ അനുഭവം തുറന്നു പറയേണ്ടത്.

പിന്നിലൂടെ വന്നുള്ള ചേർത്ത് പിടിയിൽ നിലവിളിക്കാൻ പോലുമാകാതെ വീട്ടിലേക്കോടുമ്പോൾ ഭയമായിരുന്നു മനസ്സിലെന്നു ഇപ്പോഴുമോർക്കുന്നു. പിന്നെ വീടിന്റെ ഓടാമ്പലിടാൻ മറന്നൊരു ഉച്ചയ്ക്ക് അകത്ത് കയറി വന്നപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പേടിച്ചരണ്ടിരുന്നപ്പോൾ കൈവലിച്ചു കൊണ്ട് പോയി അകത്തെ മുറിയിലെ കട്ടിലിൽ വാശിയോടെ തള്ളിയിട്ട് ഭയത്തോടെ അലഞ്ഞു കുതറുന്ന പെൺ ശരീരത്തെ നോവിച്ചത്... കുട്ടികളായിരുന്നു ഇരുവരും... 

കൗമാരത്തിന്റെ കൗതുകങ്ങളിൽ വായിച്ച കുട്ടി പുസ്തകങ്ങളിൽ നിന്നും ശരീരങ്ങളിലേയ്ക്ക് കയറാനുള്ള മാന്ത്രിക വിദ്യകൾ അവൻ പഠിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഉറക്കെയുള്ള കരച്ചിലുകൾ ഭിത്തികളിൽ തട്ടി പ്രതിഫലിച്ചതായി തോന്നിയതല്ലാതെ തൊട്ടടുത്തെങ്ങും വീടുകളില്ലാത്ത ഇടത്ത് അന്നു മുതൽ ഞാൻ ഒറ്റപ്പെട്ടവളായി തീർന്നു. പ്രതിരോധം യുദ്ധ സമാനമായപ്പോൾ പല്ലും നഖവും ആയുധമായപ്പോൾ ഒടുവിൽ സഹികെട്ടു എഴുന്നേറ്റു വാതിൽക്കൽ പോയി അവൻ തിരിഞ്ഞു നോക്കിയ നോട്ടമുണ്ട്. അസ്ഥിയിലേയ്ക്ക് തുളഞ്ഞു കയറിയ നോട്ടം...

പിന്നീടൊരിക്കലും സമാധാനത്തോടെ, ആനന്ദത്തോടെ സ്വന്തം വീട്ടിൽ ഒറ്റയ്ക്ക് കഴിയാൻ വയ്യാതായി തീർന്ന ഒരു പെൺകുട്ടി ആ നോട്ടത്തോടെ ഉണ്ടായിത്തീർന്നു. കൊളേജിലെ പരീക്ഷക്ക് വസ്ത്രം മാറുമ്പോൾ ജനലിന്റെ ചെറിയ വിടവിലൂടെ വന്നു ഒളിഞ്ഞു നോക്കി അവൻ ഭയപ്പെടുത്തി. അത്യാവശ്യത്തിനു പറമ്പിലേയ്ക്കിയിറങ്ങിയപ്പോൾ ആരുമറിയാതെ വീടിന്റെ ഉള്ളിലേയ്ക്ക് കടന്നു

കയറി ഒളിച്ചിരുന്നു. ആ സമയം അനിയത്തി വന്നതുകൊണ്ടാകണം അന്നത്തെ രക്ഷപെടൽ സംഭവിച്ചത്. പക്ഷെ ഭയങ്ങൾ അവസാനിക്കുന്നതേയില്ലല്ലോ... ഒറ്റയ്ക്കാവുന്ന ഓരോ നിമിഷവും പ്രതീക്ഷിക്കുന്ന കാലടിശബ്ദങ്ങൾ ഭീതിയുടെ തുരുത്തുകളിലേക്കുള്ള യാത്രകളായി തീർന്നു. ആരോട് എന്താണ് പറയേണ്ടത്? പെട്ടെന്ന് ദേഷ്യം വന്നാൽ എന്തും വിളിച്ച് പറയുന്ന അച്ഛനോടോ... അത്രയും സ്നേഹത്തിൽ കഴിയുന്ന രണ്ടു വീടുകൾക്കിടയിൽ ആരോടാണ് ഞാനിത് പറയേണ്ടത്...

ചില തുറന്നു പറച്ചിലുകൾ മറ്റൊരാൾക്ക് ആശ്വാസമാകുമ്പോൾ പക്ഷെ അത് പങ്കു വയ്ക്കേണ്ടത് തന്നെയെന്ന് ഉറപ്പിക്കപ്പെടുന്നു.

സ്വയം പ്രതിരോധം സൃഷ്ടിക്കുകയല്ലാതെ എങ്ങനെ അതിജീവിക്കണം? ഒന്നിനും ഉത്തരങ്ങളുണ്ടായിരുന്നില്ല. ഓരോ നിമിഷവും സ്വന്തം വീട്ടിൽ ഭയപ്പെട്ടു, പുരുഷന്മാരെ ഭയപ്പെട്ടു, സുഹൃത്തുക്കളാക്കാൻ പോലും ഭയപ്പെട്ടു... പക്ഷെ എന്നിട്ടും ഇഷ്ടങ്ങളുണ്ടായി...  സ്നേഹങ്ങളും സൗഹൃദങ്ങളുമുണ്ടായി... പിന്നീട് ജീവിതം മാറി മറിഞ്ഞ ഒരു യാത്രയിൽ ബസിന്റെ പിന്നിലെ സീറ്റിൽ നിന്നും ലഭിച്ച കൈവിരൽ സ്പർശങ്ങൾ പോലും എത്ര നിസ്സാരങ്ങളായിരുന്നു.

ബസ് യാത്രകളിൽ ആവർത്തിച്ച് മാറിലും അരക്കെട്ടിലും വന്നു വീഴുന്ന ആൺ കൈകൾ ഭീതിയുടെ വാൾമുന കണ്ണുകൾ വച്ച് നോക്കി കാണുമ്പോൾ ആരുമറിയാതെയുള്ള പ്രതിരോധ മാർഗ്ഗങ്ങളായിരുന്നു തിരഞ്ഞു കൊണ്ടിരുന്നത്. അതേ... ഉച്ചത്തിൽ അവർ ചെയ്ത തെറ്റുകൾ പറയാൻ ഭയപ്പെട്ടു. എന്തുകൊണ്ടെന്നറിയാത്ത ഭീതികളാൽ ഞാൻ വീണ്ടും വീണ്ടും വളയപ്പെട്ടു.

പക്ഷെ ഇപ്പോഴും ഞാൻ കാണുന്നുണ്ട്. സ്നേഹമെന്നാൽ അങ്ങേയറ്റം ആർദ്രമാണെന്നു ചിന്തിക്കുന്ന ഒരു കൂട്ടം ആണുങ്ങളെ. ഒരുപക്ഷേ പുരുഷൻ എന്ന ഭീതിയിൽ നിന്നും പുരുഷൻ എന്ന സ്നേഹത്തിലേക്ക് നടന്നെത്തിയെങ്കിൽ അവിടെയുമുണ്ട് എത്രയോ പുരുഷന്മാർ! ഇപ്പോൾ ഭീതികളെ അതിജീവിക്കാൻ പഠിച്ചവളായിരിക്കുന്നു. പണ്ട് ഉപദ്രവിച്ച പുരുഷന്റെ ഭാര്യയെ ഇന്ന് കാണുമ്പോൾ നെഞ്ചെരിയുന്നതു പോലെ തോന്നും.

അവന്റെ മുഖം കാണുമ്പോൾ നേർത്ത ഭീതിയുടെ പക്ഷികൾ ചിറകു കുടയും, പക്ഷെ ഇപ്പോൾ അതൊന്നും കാര്യമാക്കുന്നില്ല, കാരണം ചുറ്റുമുള്ള സ്നേഹപ്പക്ഷികൾ വിരിച്ചിട്ട തണൽ അത്രയെളുപ്പം പൊട്ടിച്ചെറിയാൻ കഴിയുന്നതല്ല. അനാവശ്യ സ്പർശനങ്ങളിൽ പ്രതികരിക്കാൻ അറിയാതെ പോകുന്നവളിൽ നിന്നും അത്യാവശ്യത്തിനു പ്രതികരിക്കേണ്ടുന്ന മാനസികാവസ്ഥയിലേക്ക് കടന്നു വരുമ്പോഴും അകാരണമായ ഒരു ഭീതി ഉള്ളിൽ എപ്പൊഴും ചലനങ്ങളുണ്ടാക്കുന്നുണ്ട്.

പരിചിതരാണെങ്കിൽ പോലും പുരുഷന്മാർ നൽകുന്ന നിരാശ്രയത്തിന്റെ ഭീതികളാണത്. എവിടെയെങ്കിലും സഞ്ചരിക്കാൻ നേരിടുന്ന ഭീതികൾക്കും വേറെ വേരുകളില്ല... പല യാഥാർഥ്യങ്ങളെയും ഉൾക്കൊള്ളാൻ മടിക്കുന്ന മനസ്സിനും വേറെ ഉത്തരങ്ങളൊന്നും നൽകാനായില്ല. ചിലപ്പോഴൊക്കെ നില തെറ്റി പോകുന്ന തലച്ചോറിന്റെ വ്യതിയാനങ്ങൾക്കും വേറെ ഉത്തരങ്ങളില്ല. എങ്കിലും അതിജീവിച്ചവരുടെ കൂടെയാണെന്ന് സ്വയം വിശ്വസിക്കാൻ തന്നെയാണിഷ്ടം. 

അമ്മയും അച്ഛനും ജോലിക്കു പോകുന്ന വീട്ടിലെ ഒരു പെൺകുട്ടി, അവൾ എത്ര നേരം അടച്ചിട്ട സ്വന്തം വീട്ടിലെ മുറിയ്ക്കുള്ളിലെ ഇരുട്ടിൽ ഒളിച്ചിരിക്കണം?

മുന്നിൽ വരുന്നുണ്ട് എത്രയോ കഥകൾ... കുട്ടിക്കാലത്ത് ചെറിയ അനുഭവങ്ങൾ നേരിട്ടവർ, ഭീകരമായ അനുഭവങ്ങൾ കൊണ്ട് സ്വന്തം വൈവാഹിക ജീവിതം നഷ്ടപ്പെട്ടു പോയവർ, പുരുഷന്മാരെ ഒരു കാരണങ്ങൾ കൊണ്ടും ഇഷ്ടപ്പെടാൻ കഴിയാതെ ഇരുട്ടിൽ ജീവിക്കുന്നവർ... എത്രയോ പെണ്ണുങ്ങളാണ് ഈശ്വരാ എനിക്ക് ചുറ്റും! അവരൊക്കെ ഹാഷ് റ്റാഗുകൾ ഇടുന്നുണ്ട്... മി ടൂ എന്ന് വീണ്ടും ആവർത്തിച്ച് പറയുന്നുണ്ട്.

സ്ത്രീകൾക്ക് വേണ്ടത് ഈ ഭീതിപ്പെടുത്തുന്ന ചിന്തകളല്ല എന്ന് എപ്പോഴും വിശ്വസിക്കുമ്പോഴും അതിനെ അതിജീവിക്കാൻ ശ്രമിക്കുന്നവളായി സ്വയം മാറാൻ ശ്രമിക്കുമ്പോഴും ഒപ്പം നിൽക്കുന്ന പുരുഷന്മാരുടെ സ്നേഹം തീരെ ചെറുതല്ല. മനസ്സിലാക്കി കൂടെ നിൽക്കുന്നത് തന്നെയാണ് അപമാനിക്കപ്പെട്ട ഞങ്ങൾ സ്ത്രീകൾക്കുള്ള പുരുഷന്മാരുടെ ഏറ്റവും വലിയ ആദരം.

എങ്കിലും സ്വന്തം വീടുകളിൽ പോലും അസ്ഥിരമാക്കപ്പെടുന്ന സ്ത്രീ ശരീരങ്ങൾക്കു മുന്നിൽ വേദനയോടെ ഒപ്പു വയ്ക്കുന്നു... മുറിവേറ്റു കിടക്കേണ്ടവരല്ല.. വേദനയ്ക്കു കീഴടങ്ങാതെ അതിജീവിച്ച് ഞാനും മനുഷ്യനെന്ന് ഉറക്കെ പറയേണ്ടവൾ തന്നെയാണ് സ്ത്രീ...