ഇവന്റെ ചതിക്കുഴിയിൽ നിങ്ങളും വീണോ?

പ്രതീകാത്മക ചിത്രം.

സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സ്ത്രീകളുൾ വീണു പോകുന്ന കെണി ഏതായിരിക്കാം? പ്രണയം എന്നത് ഒരു തട്ടിപ്പിനപ്പുറം അവനവന്റെ വൈകാരികതയിൽ പിടി മുറുകുമ്പോൾ മറ്റു ചില തട്ടിപ്പുകൾ ബൗദ്ധികമായ ഇടങ്ങളെ തകർത്തെറിഞ്ഞു ജീവിതത്തിൽ ആധിപത്യം സ്ഥാപിക്കുന്നു. ഇക്കാര്യത്തിൽ സമൂഹമാധ്യമങ്ങൾ പറയാതെ പറയുന്നത് ജ്യോതിഷ സംബന്ധമായ തട്ടിപ്പുകളെക്കുറിച്ചാകാം.

ജ്യോതിഷത്തിന്റെ പേരിൽ തട്ടിപ്പ് പല വിധത്തിലാകാം എങ്കിലും കഴിഞ്ഞ ദിവസം കേരള സൈബർ വാരിയേഴ്‌സ് എന്ന മിടുക്കന്മാരായ സൈബർ ഹാക്കേഴ്‌സ് പുറത്തു കൊണ്ടു വന്നത് വളരെ വ്യത്യസ്തമായ ഒരു ജ്യോതിഷ തട്ടിപ്പാണ്. അരക്ഷിതരായ സ്ത്രീകളുടെ പ്രൊഫൈലുകൾ വഴി ലൈംഗിക മോഹം തീർക്കുന്ന ഒരു പ്രൊഫൈലാണ് ജനരോഷത്തിനു വിധേയമായത്. 

സമൂഹത്തിൽ വിദ്യാഭ്യാസവും വിവരവും കൂടുമ്പോഴും ഇത്തരം അന്ധവിശ്വാസങ്ങളുടെ പ്രസക്തി കൂടുകയാണ്. "വരാഹ മിഹിര" എന്ന സൈബർ വാരിയേഴ്‌സ് പുറത്താക്കിയ പ്രൊഫൈൽ ഉദ്ദേശിച്ചത് സ്ത്രീകളെത്തന്നെയായിരുന്നു. ഒരു കുന്നോളം പ്രശ്നങ്ങളുമായാണ് ഈ സമൂഹത്തിൽ സ്ത്രീകൾ ഉൾപ്പെടുന്ന എല്ലാ മനുഷ്യരും ജീവിക്കുന്നത്.

പക്ഷേ അരക്ഷിതാവസ്ഥ ഉൾപ്പെടുന്ന മാനസിക ബുദ്ധിമുട്ടുകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ടു തന്നെ അവരെ കണ്ടെത്താനും അവരുടെ മാനസിക നിലയ്ക്ക് മേൽ പിടി മുറുക്കാനും എളുപ്പമാണ്. ജ്യോതിഷി എന്ന പേരിൽ ഇയാൾ കാണിച്ചതും അതേ വിദ്യ തന്നെ ആയിരുന്നുവെന്നു സൈബർ വാരിയേഴ്‌സ് പറയുന്നു.

പല സ്ത്രീകളുമായി ജ്യോതിഷപരമായ വിഷയങ്ങൾ പറഞ്ഞു പ്രശ്ന പരിഹാരം സാധ്യമാക്കാം എന്ന വാഗ്ദാനത്തിലൂടെ അടുക്കുന്ന ഇയാൾ അവരുടെ ചിത്രങ്ങൾ കൈക്കലാക്കി പിന്നീട് ബ്ലാക്ക്മെയിൽ ചെയ്യുകയാണ്. മാനവും പണവും പോയ സ്ത്രീകൾ ധാരാളം.

പ്രായമുള്ളവരും അല്ലാത്തവരുമായ സ്ത്രീകളെ സ്വാധീനിച്ച് അവരുടെയും പെൺമക്കളുടെയും ചിത്രങ്ങൾ ആവശ്യപ്പെടുകയാണ് ഇയാളുടെ പരിപാടി. ഒപ്പം അശ്ലീലം കലർത്തി ഇവരോട് ചാറ്റ് ചെയ്യാനും ഇയാൾ മടിക്കാറില്ല. ചില സ്ത്രീകളോട് സഹായവാഗ്ദാനം നൽകി അടുക്കാൻ ശ്രമിക്കുമ്പോൾ മറ്റുചിലരോട് പറയുന്നതനുസരിച്ചില്ലെങ്കിൽ ശപിച്ചു  കളയും എന്ന മട്ടിൽ ഭയപ്പെടുത്തി കെണിയിൽക്കുടുക്കാനുള്ള ശ്രമമാണ് ഇയാൾ സ്വീകരിച്ചത്.

ഇയാളുടെ വലയിൽ കുടുങ്ങിയ സ്ത്രീകൾ പലപ്പോഴും നിസ്സഹായരായി പോവുകയാണ് പതിവ്. നാലു വയസ്സുള്ള പെൺകുഞ്ഞുങ്ങളുടെ മുതൽ നാൽപ്പതു വയസ്സുള്ള സ്ത്രീകളുടെ വരെയുള്ള ചിത്രങ്ങൾ ഇയാൾ ശേഖരിച്ചിരുന്നു. അത്തരം ചിത്രങ്ങൾ ഉപയോഗിച്ച് സ്വയം ഭോഗം ചെയ്യുകയും അത് അവരോടു പറഞ്ഞു നിർവൃതി നേടുകയും ചെയ്ത ഈ വ്യക്തിയുടെ ഫെയ്ക്ക് പ്രൊഫൈലായിരുന്നു വരാഹ മിഹിര എന്നത്. 

ഭാവിയെ കുറിച്ചറിയാനും ഇപ്പോഴുള്ള ബുദ്ധിമുട്ടുകളെ അതിജീവിക്കാനും എപ്പോഴും ഉള്ളിലിന്റെ ഉള്ളിൽ ആർക്കുമുണ്ട് ഒരു ആഗ്രഹം. ഏതു യുക്തിവാദിയും ഭാവി പറയാം എന്ന വാക്കിൽ പലപ്പോഴും കുടുങ്ങി പോകാറുമുണ്ട്. ജ്യോതിഷം ഒരു ശാസ്ത്രമായി നിലകൊള്ളുമ്പോൾ തന്നെ അതിന്റെ പേരിൽ നിരവധിയാളുകൾ പറ്റിക്കപ്പെടുന്നത് സൈബർ ലോകത്തും ആവർത്തിക്കപ്പെടുന്നു.

പ്രതീകാത്മക ചിത്രം.

ഇയാൾ ആവശ്യപ്പെടുന്നതു പോലെ നിന്നു കൊടുത്തില്ലെങ്കിൽ സ്ത്രീകളുടെ ചിത്രങ്ങൾ സെക്സ് സൈറ്റുകളിൽ ഇട്ടു മാനക്കേടുണ്ടാക്കുമെന്നാണ് ഇയാളുടെ ഏറ്റവും ഒടുവിലത്തെ ഭീഷണി. എപ്പോഴും കുടുംബ പ്രാരാബ്ധങ്ങളുമായി വരുന്ന, ഭർത്താക്കന്മാർ അറിയാതെ എളുപ്പം പരിഹാരം എന്ന ഉത്തരം അന്വേഷിച്ച് നടക്കുന്ന സാധാരണ വീട്ടമ്മമാർ ഈ വിരട്ടലിൽ പതറിപ്പോകും. സ്വയമേവ തന്നെ പിന്നെ ഇയാളുടെ വാക്കുകളിൽ വഴങ്ങി പോവുകയും പണമുൾപ്പടെയുള്ളവ നൽകുകയും ചെയ്യും. നിരവധി സ്ത്രീകളെ ഇത്തരത്തിൽ ഇയാൾ വലയിലാക്കിയിരുന്നു. ആരും പരാതി നൽകാതിരുന്നതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടുള്ളപ്പോഴാണ് സൈബർ വാരിയേഴ്‌സ് രംഗത്തിറങ്ങുന്നത്. 

ഇയാളുടെ ലൈംഗിക ചുവ നിറഞ്ഞ ചാറ്റുകളും യഥാർത്ഥ പ്രൊഫൈലുമുൾപ്പെടെ പബ്ലിക്ക് ആക്കിയാണ് സൈബർ വാരിയേഴ്‌സ് ഈ ഞരമ്പ് രോഗിയ്ക്ക് പണി കൊടുത്തത്. അധികം വൈകാതെ ഒറിജിനൽ പ്രൊഫൈലും പൂട്ടി ഇയാൾ ഒളിച്ചോടി എന്നത് സത്യം. പക്ഷേ ഒരു സംശയവും വേണ്ട ഇതുപോലെയുള്ള ചില കപട വിദ്യകൾ വച്ച് ഇനിയും പ്രൊഫൈലുകൾ സമൂഹമാധ്യമങ്ങളിൽ ഉണ്ടാക്കാൻ ഇയാൾക്ക് ബുദ്ധിമുട്ടില്ല. മാനസികമായ ഏകാന്തവാദികളായ സ്ത്രീകൾ ഈ ലോകത്ത് നിറയെ ഉള്ളതിനാൽ ഇയാൾക്ക് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ല. നാണക്കേടുമൂലം സ്ത്രീകൾ പരാതികൾ നൽകാൻ തയാറാകാത്തതിനാൽ ഒരിക്കലും ഇയാൾ പോലീസ് പിടിയിലാവുകയുമില്ല. അപ്പോൾ ഇനി ചെയ്യാനുള്ളത് വീട്ടമ്മമാർ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് തന്നെയാണ്. 

ജ്യോതിഷം എന്നത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യനുമുണ്ട്. പക്ഷേ സമൂഹമാധ്യമങ്ങളിലെ മായക്കണ്ണാടിയുടെ അകവശം അത്ര പെട്ടെന്നൊന്നും സാധാരണ മനുഷ്യന്റെ മുന്നിൽ വെളിപ്പെടില്ല എന്ന ബോധം ഓരോരുത്തർക്കും ഉണ്ടാവണം. ഓൺലൈനിൽ ഉള്ള ചില ജ്യോതിഷികൾ നടത്തുന്ന തട്ടിപ്പുകൾ ഇതിലും ഇതിലപ്പുറവുമാണ്. ഏതൊരു അബദ്ധങ്ങൾക്കും വളരെ പെട്ടെന്ന് വശംവദരാകുന്ന മലയാളിയുടെ പൊതു സ്വഭാവം ഇവിടെയും ആവർത്തിക്കപ്പെട്ടതിൽ അതിശയിക്കാനില്ല.

പക്ഷേ ഇയാളെ പോലെയുള്ള നിരവധി പ്രൊഫൈലുകൾ ഉന്നമിടുന്നത് പ്രധാനമായും സ്ത്രീകളെയാണ്. വിവരവും വിദ്യാഭ്യാസവും ഉണ്ടെന്നു നാം തെറ്റിദ്ധരിക്കുന്ന സ്ത്രീകളും ഇവരുടെ വലകളിൽ വീണെന്നത് കാണാം. ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം അവനവന്റെ മനസ്സുകളിൽ തന്നെ ഭദ്രമായുണ്ട് എന്നതാണ് സത്യം. പക്ഷേ അത് കണ്ടെടുക്കാൻ ഒരു ജ്യോതിഷിയുടെയും സഹായത്തിന്റെ ആവശ്യമില്ല. 

പ്രതീകാത്മക ചിത്രം.

ആവശ്യമുള്ള സമയത്തു കൃത്യമായി അത് മുന്നിൽ വന്നിട്ടുണ്ടാകും. പക്ഷെ എളുപ്പത്തിൽ പ്രശ്നപരിഹാരം ആഗ്രഹിക്കുമ്പോൾ ഇത്തരക്കാർക്ക് സമൂഹത്തിനു മുന്നിൽ വരാനും സ്ത്രീകളെ അടിമകളാക്കാനും എളുപ്പമാണ്. ഒരിക്കൽ പെട്ടു പോയാൽ പിന്നെ വീണു പോകുന്നത് ഒരു കുടുക്കിനുള്ളിലേക്കാണ് രക്ഷപെടൽ അത്ര എളുപ്പമല്ല. അതുകൊണ്ടു തന്നെ ഓരോ മനുഷ്യരെയും പുതിയതായി പരിചയപ്പെടുമ്പോൾ അത്രമേൽ കൃത്യമായ നിരീക്ഷണം ഉണ്ടായിരിക്കണം. 

നിങ്ങളുടെ ജീവിതവും പ്രശ്നവും നിങ്ങളുടേത് മാത്രമാണ്. അവിടെ പരിഹാരവും ആ ജീവിതത്തെ അത്രമേൽ അടുത്തറിയുന്ന നിങ്ങൾക്കല്ലാതെ മറ്റാർക്കും ഉണ്ടാക്കുവാനാകില്ല . പരിഹാരമുണ്ട് എന്നു പറഞ്ഞു വരുന്ന സൈബർ ജ്യോതിഷികൾ തട്ടിപ്പാണ് എന്ന് തന്നെ മനസ്സിലാക്കുക. ഒരു വാക്കിനപ്പുറം അവരിലെ കൗശലക്കാരെ കണ്ടെത്തിക്കഴിഞ്ഞാൽ മനസ്സ് പ്രലോഭനങ്ങളിൽ പെട്ടു പോകാതെ ബ്ലോക്ക് എന്ന ബട്ടനിലേയ്ക്ക് കൈ നീണ്ടു പോകാനായുള്ള ശീലം ഉണ്ടാക്കിയെടുക്കുക.

ഇനി അഥവാ കുരുക്കിൽ അകപ്പെട്ടു പോയാൽ എന്ത് ഭീഷണിയുടെ പുറത്തും വഴങ്ങി പോകാതെ ധീരമായി സൈബർ കേസുമായി മുന്നോട്ടു പോകാനായുള്ള ആർജ്ജവമുണ്ടാകണം. അങ്ങനെ തന്നെയേ ഇത്തരം പ്രൊഫൈലുകളെ പൂട്ടി കെട്ടാനും ഇവരിൽ നിന്ന് അവനവനെ തന്നെ രക്ഷിക്കാനുമാകൂ. സ്ത്രീകൾക്ക് രക്ഷ നേടേണ്ടത് പലപ്പോഴും ഇത്തരം പ്രൊഫൈലുകളിൽ നിന്നല്ല അവനവന്റെ പ്രലോഭനങ്ങളിൽ നിന്ന് തന്നെയാണ്.