പെണ്ണിനെ അപമാനിക്കുന്നവനെ നേരിടേണ്ടത് ഇങ്ങനെ തന്നെ

ദീപാ നിശാന്ത്.

സമൂഹമാധ്യമങ്ങളിൽ ഒരു സ്ത്രീ എത്രമാത്രം അപമാനിക്കപ്പെടാം എന്നതിന്റെ ഉദാഹരണ് ദീപ നിശാന്ത് . ബീഫ് സംബന്ധിച്ച് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത പോസ്റ്റ് മുതൽ എന്തിനും ഏതിനും ഇത്രയേറെ ക്രൂശിക്കപ്പെടുന്ന സ്ത്രീകൾ വേറെയുണ്ടായിക്കാണില്ല. അതിനു കൃത്യമായി ഒരു കാരണമേയുള്ളൂ. ദീപയ്ക്ക് സ്വന്തമായി ഒരു രാഷ്ട്രീയവും അഭിപ്രായവും ഉണ്ടായിപ്പോയി എന്നത്.

ഇത്രയധികം സൈബർ ബുള്ളിയിങ് നടന്നെങ്കിലും കൊടുത്ത കേസുകൾ പലതും നിലനിൽക്കുന്നുണ്ടെങ്കിലും അതിൽ അറസ്റ്റു രേഖപ്പെടുത്തിയത് ഏറ്റവും ഒടുവിലുണ്ടായ ചില ചെറുപ്പക്കാരുടെ അശ്ലീല കമന്റുകളുടെ പേരിലാണ്. തന്റെ ഫോൺ നമ്പർ വാട്സാപ്പിലും മറ്റും പ്രചരിപ്പിച്ചു , "വെടിയാണ്", "പീസാണ്" തുടങ്ങിയ വാക്കുകളുപയോഗിച്ച് അപമാനിച്ചതിന് യുവാക്കൾക്കെതിരെ ദീപ സ്റ്റേഷനിൽ അവസാനമായി പരാതി നൽകിയത്, അതിൽ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. 

ഒരു സ്ത്രീ ഉറക്കെ സംസാരിക്കാൻ തുടങ്ങിയാൽ അവളെ നിശബ്ദയാക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് അവളെ "വെടിയാക്കുക" എന്നത്. ദീപ നിശാന്തിന്റെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്. അതുകൊണ്ടു തന്നെ രാഷ്ട്രീയമുള്ള ഒരു സ്ത്രീയെ മൗനത്തിലും പ്രതിരോധത്തിലുമാക്കാൻ അവളുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചാൽ മതിയെന്ന സ്ത്രീ വിരുദ്ധ ആശയം എവിടുന്നാണാവോ ഇവർക്ക് ലഭിക്കുന്നത്. ഇവിടെ രാഷ്ട്രീയത്തിന്റെയും വിശ്വാസത്തിന്റെയും ഒക്കെ അപ്പുറത്തു നിന്ന് സംസാരിക്കുമ്പോൾ ദീപ നിശാന്ത് എന്ന വ്യക്തി വെറുമൊരു സ്ത്രീയായി മാത്രം തരം താഴ്ത്തപ്പെടുന്നു. ഈ വിഷയത്തിൽ കേസ് കൊടുക്കാൻ ഇടയായ സാഹചര്യത്തെ കുറിച്ച ദീപ പറയുന്നതിങ്ങനെ:-

"ഒരു സന്തോഷവാർത്തയുണ്ട്! [ എന്നെ സംബന്ധിച്ചിടത്തോളം എന്ന് കൂട്ടിച്ചേർക്കുന്നു. ] എന്റെ മൊബൈൽ നമ്പർ പല അശ്ലീല ഗ്രൂപ്പുകളിലേക്കും വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ ഒരു പരാതി കൊടുത്തിരുന്നു തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ. അതിൽ നിലവിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.. സൈബർ കേസായതു കൊണ്ട് ഫേസ് ബുക്ക് വെരിഫിക്കേഷനും മറ്റ് കടമ്പകളുമുള്ളതിനാൽ ബാക്കിയുള്ളവരുടെ അറസ്റ്റിന് അൽപ്പം കാലതാമസം വരുമെന്നാണറിഞ്ഞത്. എത്ര താമസം നേരിട്ടാലും ഈ കേസിൽ നിന്നും ഒരടി പുറകോട്ടു പോകാൻ ഉദ്ദേശിക്കുന്നില്ല." വെടിയാണ്", "പീസാണ് ", "മറ്റവളാണ് " എന്നൊക്കെ പറഞ്ഞ് പല ഗ്രൂപ്പുകളിലും നമ്പർ കൊണ്ടു ചെന്നിട്ട അതീവനിഷ്കളങ്കർ പോലീസ് സ്റ്റേഷനിൽ മൂക്കുപിഴിഞ്ഞ് നിൽപ്പുണ്ട്.. ഒരുത്തൻ സജീവ ബി ജെ പി പ്രവർത്തകനാണ്. പാർട്ടിയിൽ നിന്നും "2 ദിവസം മുൻപേ'' പെരുമാറ്റ ദൂഷ്യം മൂലം അവനെ പുറത്താക്കീതാണെന്ന വാർത്ത പ്രതീക്ഷിക്കുന്നു."

ഇതിനു മുൻപും ദീപ നിശാന്ത് പല ഉറച്ച നിലപാടുകളും ഉറക്കെ പറഞ്ഞതിന്റെ പേരിൽ,(ചിലപ്പോൾ മൗനമായി ഇരുന്നതിന്റെ പേരിൽ പോലും)  ബോഡിഷെയിമിങിന് ഇരയാക്കപ്പെട്ട സ്ത്രീയാണ്. കേരളവർമ്മ കൊളേജിൽ ഹിന്ദു ദേവതയുടെ ശരീരം കലാപരമായി കോളേജ് വിദ്യാർഥികൾ തൂക്കിയതിന്റെ പേരിൽ ഇക്കാര്യത്തിൽ ഒരു ബന്ധവും ഇല്ലാത്ത ദീപ കുറച്ചൊന്നുമല്ല പഴി കേട്ടത്. നിശബ്ദയായി ഇരുന്നിട്ടു പോലും മോർഫ് ചെയ്ത അവരുടെ ചിത്രങ്ങൾ പലയിടങ്ങളിലും പ്രചരിക്കുന്നുണ്ടായിരുന്നു. അതിനെ തുടർന്ന് നിവൃത്തിയില്ലാതെ വന്നപ്പോഴാണ് അവർ ഏറ്റവും തീവ്രമായ രീതിയിൽ പ്രതികരിച്ചതും. അതെത്തുടർന്ന് വധഭീഷണിയുൾപ്പെടെയുള്ളവ അവരെ തേടിയെത്തി. വധഭീഷണി അടക്കമുള്ള 4 പരാതികൾ വിവിധ കാലഘട്ടങ്ങളിലായി തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ദീപ പല കാലങ്ങളിലായി നൽകിയിട്ടുമുണ്ട്. എന്നാൽ അതിൽ ഇത്തവണ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. 

വ്യത്യസ്തമായി ചിന്തിക്കുന്ന, വിരുദ്ധ അഭിപ്രായങ്ങൾ ഉള്ള ഒരു വ്യക്തിയെ , അത് സ്ത്രീയാണെങ്കിൽ അവരെ ശരീരമെന്ന മട്ടിൽ കണ്ട് അപമാനിക്കുന്ന തരം താഴ്ന്ന രീതികൾക്കെതിരെ ഉറച്ച മനസ്സോടെ മുന്നോട്ടു പോകണം എന്ന് തന്നെയാണ് ദീപയ്ക്ക് ഇപ്പോഴും പറയാനുള്ളത്. കേസിൽ നേരിട്ട പല ബുദ്ധിമുട്ടുകളും ഒരു സ്ത്രീ എന്ന നിലയിൽ അവരെ ബാധിക്കുന്നുമുണ്ട്. സ്വകാര്യത തന്നെയാണ് അതിൽ ഏറ്റവും പ്രധാനം. സൈബർ ബുള്ളിയിങ്ങിനെതിരെ പരാതി കൊടുക്കുമ്പോൾ സ്ത്രീകൾക്ക് ശ്രദ്ധിക്കാൻ വേണ്ടി ദീപ എഴുതുന്നു.

"ഈ കേസ് കൊടുക്കാൻ കുറേ ബുദ്ധിമുട്ടിയിട്ടുണ്ട്. ഞാൻ മാത്രമല്ല, മറ്റ് പലരും കുറേ സഹായിച്ചിട്ടുണ്ട്. കൂടെ നിന്നിട്ടുണ്ട്. കൃത്യമായ വിലാസമറിയാത്ത മറ്റ് വിവരങ്ങളൊന്നുമറിയാത്ത ആളുകൾക്കെതിരെ കേസ് കൊടുക്കുമ്പോൾ പിടിക്കും എന്ന ഉറപ്പൊന്നും സത്യത്തിൽ ഇല്ലായിരുന്നു. എങ്കിലും നിയമത്തെ വിശ്വസിച്ചു.. അതിന് ഫലവുമുണ്ടായി.അതിൽ തീർച്ചയായും സന്തോഷമുണ്ട്. അഭിമാനമുണ്ട്. 

സ്ത്രീകളെ മാന്യമായി നേരിടാനറിയാത്ത എല്ലാവർക്കുമുള്ള പാഠമാണിത്. മൂന്ന് കേസുകൾ കൊടുത്തിട്ടുണ്ട്. മറ്റ് രണ്ട് സൈബർ കേസുകൾ അന്വേഷണ വഴിയിലാണ്. ഫേസ് ബുക്ക് വെരിഫിക്കേഷൻ പോലുള്ള കടമ്പകളുണ്ട്. ഇനി ഇത്തരം കേസുകൾ കൊടുക്കാനാഗ്രഹിക്കുന്നവർ, ഫോൺ വഴിയുള്ള ഭീഷണിയോ അശ്ലീലം പറച്ചിലോ ആണെങ്കിൽ ദിവസം,സമയം, നമ്പർ എന്നിവ വ്യക്തമായി പരാതിയിൽ പറയാൻ ശ്രമിക്കുക.

പറ്റുമെങ്കിൽ ഫോണിൽ കോൾ റെക്കോഡ് ചെയ്ത് അതും പരാതിയോടൊപ്പം കൊടുക്കുക. സൈബർ ഭീഷണികളാണെങ്കിൽ കൃത്യമായ URL സഹിതം പരാതിപ്പെടുക. കമന്റ് ഡിലീറ്റ് ചെയ്യാനുള്ള സാധ്യത മുൻകൂട്ടി കാണുക. അതിനു മുൻപ് സ്ക്രീൻ ഷോട്ടെടുത്ത് സൂക്ഷിക്കുക. പ്രൊഫൈൽ ലിങ്കും പോസ്റ്റ് ലിങ്കും പരാതിയിൽ കൃത്യമായി പരാമർശിക്കുക. ഫേക്ക് ഐ ഡിയിലൂടെയുള്ള ആക്രമണങ്ങളെയും അവഗണിക്കാതിരിക്കുക. വ്യക്തിപരമായ എല്ലാ ബുദ്ധിമുട്ടുകളും അവഗണിച്ച് പരാതിയിൽ ഉറച്ചു നിൽക്കുക. അപ്പോൾ കാണാം, സ്റ്റേഷനിൽ മൂലയ്ക്ക് കൂനിപ്പിടിച്ചിരിയ്ക്കണ വീരശൂര സൈബർപരാ'കൃമി'കളെ!"

സൈബർ പോലീസ്, കേസ് എന്നൊക്കെയുള്ള വാക്കുകൾ കൊണ്ട് തന്നെ ഒതുങ്ങുന്നവരാണ് സൈബർ ബുള്ളിയിങ് നടത്തുന്നവരിൽ അധികവും. പക്ഷേ മറുവശത്ത് പ്രതികരിക്കാനറിയാത്ത സ്ത്രീയാണെന്ന ബോധ്യത്തിലാണ് പലപ്പോഴും ഇത്തരക്കാർ സ്ത്രീകൾക്കെതിരെ കുതന്ത്രങ്ങൾ മെനയുന്നത്. ചെറുതും വലുതുമായ ഇത്തരം ആക്ഷേപങ്ങൾ സമൂഹമാധ്യമങ്ങളിൽ സഹിക്കുന്ന പല സ്ത്രീകളുമുണ്ട്. പലപ്പോഴും ഇത്തരം വൃത്തികേടുകൾ അപമാന ഭീതി കൊണ്ട് സഹിക്കേണ്ടി വരുന്നവരാണ് സ്ത്രീകൾ. 

കുടുംബം, സമൂഹം, നാട്ടുകാർ എന്നിങ്ങനെ ചുറ്റുമുള്ള പലതിനെയും ഭയത്തോടെ നോക്കുമ്പോൾ തെറ്റ് ആര് ചെയ്താലും അതിന്റെ വിരൽ മുനകൾ നീളുന്നത് അവൾക്കു നേരെയാകുന്നു. അപ്പോൾ സ്വാഭാവികമായും പ്രതിരോധം നിശബ്ദമായിപ്പോകും. ഈ തിരിച്ചറിവ് ഉള്ളതുകൊണ്ട് തന്നെയാണ് മനസികരോഗികമായ ചിലർ സ്ത്രീകൾക്കെതിരെ എന്തും നടത്താമെന്നു തീരുമാനിക്കുന്നത്. അത്തരം ഇടങ്ങളിലാണ് ദീപ നിശാന്തിനെ പോലെയുള്ളവർ ഉറച്ച ശബ്ദമാകുന്നതും. 

പലപ്പോഴും ഒറ്റയാക്കപ്പെട്ടു പോകും അവൾ, യാത്രകളിൽ, പ്രതിരോധങ്ങളിൽ ഒക്കെയും അവൾ ഒറ്റയ്ക്കായിപ്പോകും. പക്ഷേ പ്രതികരിക്കാൻ തുടങ്ങുമ്പോൾ ശബ്ദമുള്ളവർക്ക് പിന്തുണയുമായി പലർ പല വഴിയിൽ നിന്നെത്തും. നിശ്ശബ്ദതയ്ക്കുള്ളിലെ നെരിപ്പോടുകൾ ആരറിയാൻ? അതുകൊണ്ടു തന്നെ സ്ത്രീവിരുദ്ധ ആശയങ്ങൾ പ്രകടിപ്പിക്കുന്ന, പ്രചരിപ്പിക്കുന്നവർ നേരിടാൻ ദീപാ നിശാന്ത് കാട്ടിത്തന്ന വഴി തന്നെയാണ് അഭികാമ്യമെന്നു സ്ത്രീകൾക്ക് ഉറപ്പുണ്ടാവണം. മുന്നോട്ടു നടന്നാൽ കരഞ്ഞു കാലുപിടിക്കുന്ന ധൈര്യമേ മിക്ക അപമാനിക്കൽ അണികൾക്കുമുണ്ടാകൂ. പക്ഷേ അതിനുള്ള ആർജ്ജവം ഓരോ സ്ത്രീയ്ക്കുമുണ്ടാകണം, അതുതന്നെയാണ് ഇത്തരം ഓരോ കേസും നൽകുന്ന പാഠവും.