എച്ച്ഐവി പോസിറ്റീവ് രക്തംകൊണ്ട് ഒരു ഡയാനച്ചിത്രം; കാരണമിതാണ്

ലോകത്തിന്റെ ഓര്‍മയില്‍ ഇന്നുമുണ്ട് ഡയാന രാജകുമാരി; അകാലത്തിൽ മിന്നിപ്പൊലിഞ്ഞ നക്ഷത്രമായി. വേർപാടിനു രണ്ടു പതിറ്റാണ്ടിനുശേഷവും ഡയാനയുടെ വ്യത്യസ്ത ചിത്രങ്ങളും ഭാവങ്ങളും ലോകത്തിനു പരിചിതമാണെങ്കിലും പുതിയ ഒരു ചിത്രം എത്തിയിരിക്കുന്നു. രാജകുമാരിയുടെ സൗന്ദര്യമോ ഗ്ലാമറോ പകർത്തിയല്ല ഈ ചിത്രം ശ്രദ്ധേയമാകുന്നത്. മറിച്ച് സാമൂഹികമായ അവബോധം സൃഷ്ടിക്കാനും ലോകത്തിനു തന്നെ ഭീഷണിയായ ഒരു രോഗത്തെക്കുറിച്ചുള്ള വ്യാപക തെറ്റിധാരണകൾ മാറ്റാനും.

കോണർ കോളിൻസ് എന്ന ചിത്രകാരനാണ് ഡയാനയുടെ പുതിയ ചിത്രത്തിനു പിന്നിൽ. അദ്ദേഹം വരച്ച ചിത്രം വളരെവേഗം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. വ്യാപക ചർച്ചയ്ക്കും തുടക്കമിട്ടിരിക്കുന്നു.കോളിൻസിന്റെ ഡയാന ചിത്രം സൃഷ്ടിച്ചിരിക്കുന്നതു രക്തത്താൽ. അതും എച്ച്ഐവി പോസിറ്റീവ് രക്തത്താൽ. വൈരക്കൽപൊടികളും ഉപയോഗിച്ചിട്ടുണ്ട് ചിത്രം ആകർഷകമാക്കാൻ. 

എച്ച്ഐവി പോസിറ്റീവ് രക്തം ഉപയോഗിച്ചു ചിത്രം വരച്ചതു പെട്ടെന്നൊരു തോന്നലിലൊന്നുമല്ല. ചിത്രം വൈറലായതോടെ എന്തുകൊണ്ട് താൻ ഇങ്ങനെയൊരു അപൂർവ പ്രയത്നം ഏറ്റെടുത്തു എന്ന വിശദീകരണവുമയി രംഗത്തുവന്നിട്ടുണ്ട് കോളിൻസ്. പുതിയ ചിത്രം സംസാരവിഷയമായതിനിടെ ബിബിസി ഒരു പുതിയ വാർത്തയും പുറത്തുവിട്ടു. 

1987– ൽ ഡയാന എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ച ഒരു രോഗിയുടെ കൈ പിടിച്ചു കുലുക്കി സൗഹൃദം പങ്കുവച്ചിരുന്നു. എച്ച്ഐവി ബാധിച്ച രോഗികളെക്കുറിച്ചു സമൂഹം പുലർത്തുന്ന അബദ്ധ ധാരണകൾ ഒഴിവാക്കാൻവേണ്ടിയായിരുന്നു രാജകുമാരി രോഗിയുമായി സൗഹൃദം പങ്കുവച്ചത്. ഈ വാർത്തയുടെ പശ്ചാത്തലത്തിൽവേണം കോളിൻസിന്റെ ചിത്രം കാണാനും ആസ്വദിക്കാനും. മാരക രോഗമെന്ന പേരിലും വേഗം പകരുമെന്ന ധാരണകളിലും ലോകമെങ്ങും കഷ്ടത അനുഭവിക്കുന്ന ആയിരക്കണക്കിന് എച്ച്ഐവി രോഗികളുണ്ട്. രോഗത്തെക്കുറിച്ചു വ്യക്തമായ ബോധമില്ലായ്മയും അബദ്ധധാരണകളും രോഗികളുടെ ജീവിതം കഷ്ടപ്പാടു നിറഞ്ഞതാക്കിയിരിക്കുന്നു. ഈ പ്രശ്നത്തിലേക്കു ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് കോളിൻസ് എച്ച്ഐവി രക്തം ഉപയോഗിച്ച് ഡയാനയുടെ ചിത്രം വരച്ചത്. 

ചിത്രം കാണുന്നവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരും ചിത്രത്തിന്റെ പിന്നിലുള്ള സന്ദേശം കൂടി മനസ്സിലാക്കണമെന്ന് അഭ്യർഥിക്കുന്നു കോളിൻസ്. എച്ച്ഐവിയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ സമൂഹമനസ്സിൽനിന്ന് ഇല്ലാതാക്കുകയാണ് എന്റെ ലക്ഷ്യം–കോളിൻസ് വ്യക്തമാക്കുന്നു. എച്ച്ഐവി രോഗത്തെക്കുറിച്ച് ലോകം മനസ്സിലാക്കുന്നതും രോഗഭീഷണിയെക്കുറിച്ച് അറിയുന്നതും 1980– കളുടെ തുടക്കത്തിൽ. അന്നുമുതൽ ഈ രോഗത്തിന്റെ ഇരകളായി ആയിരങ്ങൾ ദുരിതം അനുഭവിക്കുന്നു. ഒറ്റപ്പെടുത്തപ്പെടുന്നു. രോഗം മരണവാറന്റ് എന്ന ധാരണ പോലും നിലനിൽക്കുന്നു.