ആശ്വാസത്തിന്റെ അമ്മച്ചിരിയുമായി അഖില; കുഞ്ഞ് ആരവിനൊപ്പം വീടണഞ്ഞു

പ്രളയത്തിൽ നിന്നും രക്ഷപെട്ട ശേഷം തിരുവനന്തപുരത്തെ ഭർതൃവീട്ടിലെത്തിയ അഖിലയും കുഞ്ഞ് ആരവും. വെള്ളപ്പൊക്ക ദിനങ്ങളിലൊന്നിൽ ഇവരുടെ വിതുമ്പുന്ന ചിത്രമാണ് മലയാള മനോരമ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത്.

തിരുവനന്തപുരം∙ ആരവിന്റെ മുഖത്ത് ഇടയ്ക്കിടെ ചിമ്മി ചിമ്മിയൊരു ചിരി വിടരും.. പെരുമഴയിൽ കാൽച്ചുവട്ടിൽനിന്നു ജീവിതമൊലിച്ചു പോയവരുടെ ഇടനെഞ്ചിലേക്ക് പെയ്തിറങ്ങുന്ന ചിരി... മരണത്തിനും ജീവിതത്തിനുമിടയിൽ വിറങ്ങലിച്ചു പോയൊരമ്മയുടെ കണ്ണീർച്ചൂടിന്റെ വിലയുണ്ടതിന്. പ്രളയത്തിന്റെ മഴത്തണുപ്പിലും അവനു കൂട്ടുപോയ ചൂട്. ചെങ്ങന്നൂർ തിരുവൻവണ്ടൂരിലെ രണ്ടുനില വീടിന്റെ റൂഫ് ടോപ്പിൽ, ഉറ്റവരൊന്നും എവിടെയെന്നറിയാതെ പ്രളയജലത്തിൽനിന്നു കരയെത്താൻ വഴികളൊന്നുമില്ലാതെ, രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ മുറുകെപ്പിടിച്ചു കഴിച്ചുകൂട്ടിയ അഞ്ചു ദിവസങ്ങളെക്കുറിച്ചോർക്കുമ്പോൾ അഖിലയുടെ നെഞ്ചു പിടയ്ക്കും ഇപ്പോഴും. തിരുവനന്തപുരത്തെ ഭർതൃഗൃഹത്തിൽനിന്നു പ്രസവത്തിനായി സ്വന്തം വീടായ ചെങ്ങന്നൂരിലേക്കു പോയതായിരുന്നു അഖില.

ചിങ്ങം പിറന്നിട്ട് അമ്മയെയും കുഞ്ഞിനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാൻ കാത്തിരിക്കുകയായിരുന്നു ഭർത്താവ് അരുണും അമ്മയും ചേട്ടൻ കിരണും കുടുംബവും. 15നു ചെങ്ങന്നൂരിലെ വീട്ടിലെത്തിയ ഇവർ ആരവിനെ കളിപ്പിച്ചു കൊതി തീരാതെയാണു മടങ്ങിയത്. ചെങ്ങന്നൂരിൽ ശക്തിപിടിച്ചു വന്ന മഴ അന്നേയെത്തിയിരുന്നു വീടിന്റെ മുറ്റത്തോളം. ഇത്രയ്ക്കേയുണ്ടാവുള്ളൂ എന്ന സമാധാനത്തിലാണു ബന്ധുക്കളെ കൂട്ടാതെ അവരന്നു മടങ്ങിപ്പോയത്. അതിലും വലിയ മഴയൊന്നും ചെങ്ങന്നൂരുകാർക്ക് അന്നോളം പരിചയമുണ്ടായിരുന്നില്ലല്ലോ. നോക്കി നിൽക്കെയാണ് മഴ കനത്തത്. മുട്ടോളം, പിന്നെ കഴുത്തറ്റം മഴ വിഴുങ്ങുന്നതു നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.. അഖിലയെയും കുഞ്ഞിനെയും അടുത്തുള്ള കുറേക്കൂടി പൊക്കത്തിലുള്ള വീട്ടിലേക്കു മാറ്റിയിരുന്നു മഴ കനത്തപ്പോൾ.. വിളിപ്പുറത്ത് അമ്മയും സഹോദരങ്ങളുമുണ്ടല്ലോയെന്ന ആശ്വാസം പക്ഷേ പൊടുന്നനെ മാഞ്ഞു.

വീട്ടുകാർക്ക് എന്തുപറ്റിയെന്നു പോലുമറിയാതെ ആ കാത്തിരിപ്പു നീണ്ടത് അഞ്ചു ദിവസമാണ്. അഖിലയുടെ അമ്മയും അമ്മൂമ്മയും രണ്ടു സഹോദരങ്ങളും കഴിഞ്ഞ വീട് മഴ കനത്തതോടെ കാണാൻ പോലുമാകുമായിരുന്നില്ല. 16നു വൈകിട്ട് ഫോണിന്റെ ചാർജ് കൂടി കഴിഞ്ഞതോടെ ആശയറ്റു പോയി അഖിലയ്ക്ക്. കരഞ്ഞു തളർന്നു ഭക്ഷണമില്ലാതെ വീഴാറായപ്പോഴും ആരവിന്റെ ചിരിയാണു പിടിച്ചുനിർത്തിയത്. വിശന്നു കരയുന്ന ആരവിനു പാൽപൊടി കലക്കിക്കൊടുക്കാൻ ഒരു വഴിയേയുണ്ടായിരുന്നുള്ളൂ.. മഴവെള്ളം. ഒപ്പമുണ്ടായിരുന്ന അയൽവാസിയായ സ്ത്രീ മഴവെള്ളം സംഭരിച്ചാണ് ആരവിനെ വിശക്കാതെ പിടിച്ചുനിർത്തിയത്.

ഭാര്യയെയും കുഞ്ഞിനെയും രക്ഷിക്കാൻ അരുണും ചേട്ടൻ കിരണും കൂടി മൂന്നു തവണ പോയിരുന്നു ചെങ്ങന്നൂർക്ക്. വെള്ളം വിഴുങ്ങിയ വഴികളിലേക്ക് അവരെ ആദ്യ രണ്ടുതവണയും കടത്തിവിട്ടതു കൂടിയില്ല. രണ്ടു മാസം പ്രായമുള്ള കുഞ്ഞിനുവേണ്ടി ഒരുപാട് കേണിട്ടാണു രക്ഷാപ്രവർത്തകരുടെ ബോട്ട് അവിടേക്ക് എത്തിക്കാനായത്. കുത്തൊഴുക്കുള്ള ഇടവഴിയിലേക്കു ബോട്ടുകൾക്കു പോകാനാവുന്നില്ലായിരുന്നുവെന്നു കിരൺ. ചുറ്റുമുള്ള വീടുകളിലെ പലരും വീടുകളിൽ നിന്നിറങ്ങുന്നില്ലെന്നു പറഞ്ഞതും വിനയായി. അതിനിടയിൽ ഒറ്റപ്പെട്ടു പോയി ആ കുഞ്ഞുവീട്.. 20ന് ആണ് അഖിലയെയും കുഞ്ഞിനെയും വീട്ടുകാരെയും അവിടെനിന്നു രക്ഷിക്കാനായത്. ബോട്ടിലേക്കു കാലെടുത്തു വച്ച ആ നിമിഷം രണ്ടാം ജന്മത്തിലേക്കുള്ള ആദ്യ പടിയായിരുന്നു.

അഖിലയുടെ അച്ഛൻ ഇന്നലെയാണു ഗൾഫിൽനിന്നു നാട്ടിലെത്തിയത്. വീട്ടുകാരെയോർത്ത് ആധി പിടിച്ച് നാട്ടിലെത്താൻ ലീവ് ചോദിച്ച മധുവിന്റെ പാസ്പോർട്ട് മേലധികാരി പിടിച്ചുവച്ചു. പൊലീസ് ഇടപെട്ട് ഇന്നലെ നാട്ടിലെത്തിച്ച മധുവിന് ഇനി ആ ജോലിയിലേക്ക് ഒരു തിരിച്ചുപോക്കില്ല. കണിയാപുരത്തെ വീട്ടിൽ കഴിയുന്ന അഖിലയുടെ അമ്മയ്ക്കു തിരികെച്ചെല്ലുമ്പോൾ ചെങ്ങന്നൂരെ വീടുണ്ടാകുമോയെന്നറിയില്ല. പക്ഷേ, എല്ലാ വേദനകൾക്കും മുകളിലാണ് ആരവിന്റെ ചിരി. മുഹൂർത്തം തെറ്റിച്ചും അവൻ വീട് കയറിയതു മനംനിറയെ സന്തോഷം കൊണ്ടാണല്ലോ..