മരിച്ച വീട്ടിൽ ഓണമുണ്ടോ?; ചെങ്ങന്നൂരി‍ൽ നിന്ന് ഒരു വീട്ടമ്മ

വിശേഷം തിരക്കലും വിവരങ്ങൾ കൈമാറലും അൽപം കൂടും ഓണക്കാലത്ത്. പുതിയ വസ്ത്രങ്ങൾ എടുത്തതിനെക്കുറിച്ച്. വീട്ടിലേക്കു  വാങ്ങിയ പുതിയ മോഡൽ ടെലിവിഷന്റെ ക്ലാരിറ്റിയെക്കുറിച്ച്, റഫ്രിജറേറ്ററിന്റെ ഫ്രീസറിനെക്കുറിച്ച്, എസിയുടെ തണുപ്പിനെക്കുറിച്ച് പിന്നെ ചില പാചക പരീക്ഷണങ്ങളെക്കുറിച്ചും. ചിലപ്പോഴെങ്കിലും ആരെങ്കിലുമൊക്കെ പറയും ഇത്തവണ ഓണമില്ലെന്ന്. പ്രിയപ്പെട്ടവരുടെ മരണം നടന്ന വീടുകളിലുള്ളവരാണ് ഇതു പറയുന്നത്. വിടപറഞ്ഞവരോടുള്ള സ്നേഹവും ആദരവും ദുഃഖവും. അതു കേൾക്കുമ്പോൾ ഒരു പ്രയാസം തോന്നും. ഒരു വിങ്ങൽ. പുറത്തുവരാത്ത കരച്ചിൽ. ശ്വാസം മുട്ടൽ. 

ഇത്തവണ, ഓണമില്ലെന്നു പറയാനുള്ള യോഗം എനിക്കാണ്; ഈ ചെങ്ങന്നൂർകാരിക്ക്. പക്ഷേ, അതു ഞാനെങ്ങനെ പറയും– ചത്തുമരവിച്ച ഫോണിലൂടെ ? 

രാജ്യത്തിന്റെ 72–ാം സ്വാതന്ത്ര്യദിനത്തിന്റെ അന്നാണു ഞങ്ങളുടെ വീട്ടിലെ വെളിച്ചം കെട്ടത്. ഞങ്ങൾ എന്നാൽ വീട്ടുകാരല്ല; ചെങ്ങന്നൂരുകാർ. അന്ന് ഉച്ചകഴിഞ്ഞു പോയ വൈദ്യുതി എത്തിയിട്ടില്ല ഇനിയും. കുട്ടികളുടെ പഠനം മുടക്കം വരാതിരിക്കാൻ വാങ്ങിവച്ച ഇൻവർട്ടറിലും ബാറ്ററിയിലും ചിലന്തികൾ വല നെയ്തു രസിക്കുന്നു. ഫോൺ എവിടെയോ ഉണ്ട്. ചാർജ് ചെയ്യാനാവാത്ത ആ ഉപകരണം കൊണ്ട് ആർക്കെന്തു പ്രയോജനം. വിളിച്ചുകൂവണം എന്നുണ്ട്. അലറിവിളിച്ചാൽ ചുറ്റുമുള്ള വെള്ളം എന്റെ ശബ്ദം മുഴക്കത്തോടെ തിരിച്ചുതരും; പരിഹസിച്ചു ചിരിക്കുന്നതുപോലെ. എഴുതാനറിയില്ലെങ്കിലും അതുകൊണ്ടു ഞാൻ എഴുതാൻ ശ്രമിക്കുകയാണ്, പറയാൻ വെമ്പുകയാണ് ..ഇത്തവണ എനിക്ക് ഓണമില്ലെന്ന്....ഈ ചെങ്ങന്നൂർ സ്വദേശിക്ക്. ആരും മരിച്ചിട്ടില്ല എന്റെ വീട്ടിൽ– മരണവക്കിലെത്തി രക്ഷപ്പെട്ടേയുള്ളൂ. പക്ഷേ, ഒരുങ്ങാൻ കൊതിച്ച എന്റെ വീടു കാണുന്നില്ലേ...മരിച്ചു മരവിച്ച വീട്. ആരും മരിച്ചില്ലെങ്കിലും മരണ മൂകത മുറ്റിനിൽക്കുന്ന വീട്. 

ഇത്തിരിമുറ്റത്തു ഞങ്ങൾ വളർത്തുന്ന കുറച്ചു ചെടികളുണ്ട്. അവയിലെ പൂക്കളുടെ മണമായിരിക്കും എല്ലാ ഓണക്കാലത്തും വീട്ടിൽ. ഇത്തവണ ആ ചെടികളിൽ പൂവു പോയിട്ടു നാമ്പു പോലുമില്ല. അവയിൽ ഇനിയൊരിക്കലും പൂവുകളുണ്ടാവുകയുമില്ല. പൂമണത്തിനു പകരം വീണ്ടും വീണ്ടും ഓക്കാനമുണ്ടാക്കുന്ന ബ്ലീച്ചിങ് പൗഡറിന്റെ വൃത്തികെട്ട നാറ്റമാണ് ഈ വീട്ടിൽ. കുട്ടിക്കാലത്തു പഠിച്ച തിരുവാതിരപ്പാട്ട്  ഞാൻ മൂളിനോക്കും ഓണക്കാലത്തെങ്കിലും. മോളെ രണ്ടുവരിയെങ്കിലും പഠിപ്പിക്കാൻ ശ്രമിക്കും. ഇത്തവണ അന്തരീക്ഷത്തിൽ ഉയർന്നുകേൾക്കുന്നതു ഹെലികോപ്റ്ററുകളുടെ ശബ്ദം. പ്രളയത്തിൽ അകപ്പെട്ട ആരെയോ രക്ഷിക്കാൻ പോകുന്നവർ. സന്ദർശനം നടത്തുന്ന വിവിഐപികൾ, ദുരിതാശ്വാസപ്രവർത്തകർ. താഴ്ന്നുപറക്കുന്ന ആ യന്ത്രപ്പക്ഷികൾ ഉറക്കെ മൂളുമ്പോൾ തിരുവാതിരപ്പാട്ടു തിരതല്ലേണ്ട എന്റെ നാവു വറ്റിവരളുന്നു. താണുപോകുന്നു. ആരോ കൊണ്ടുവച്ച മിനറൽ വാട്ടർ തീർന്നുപോയല്ലോ..ഇനി ഇന്നു ഞാൻ എന്തു കുടിക്കും. മൃഗങ്ങൾ ചത്തഴുകിയ കിണർ... വേണ്ട അതൊന്നും ഓർക്കാതിരിക്കുന്നതാകും നന്ന്. 

മരണവീടുകളുടെ മുറ്റത്തു ഷീറ്റു വലിച്ചുകെട്ടിയിരിക്കും, കുറച്ചു കസേരകളുമുണ്ടാകും മരണം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞാലും. ആരും മരിക്കാത്ത എന്റെ വീട്ടുമുറ്റത്തുമുണ്ട് കസേരകൾ– മലവെള്ളപ്പാച്ചിൽ മുക്കിയെടുത്തുകൊണ്ടുപോയതിനുശേഷം ബാക്കിയായവ. അവയോരോന്നും കഴുകിത്തുടയ്ക്കണം. യഥാസ്ഥാനങ്ങളിൽ വീണ്ടും ഉറപ്പിക്കണം. തളർന്നുപോയ എന്റെ കൈകൾ അനങ്ങുന്നില്ലല്ലോ. പാഠപുസ്തകങ്ങൾ ഒഴുക്കിൽപ്പെട്ടു നഷ്ടപ്പെട്ട മക്കളുടെ മുഖത്തു നോക്കുമ്പോൾ ഞാനെങ്ങനെ കരയാതിരിക്കും; അകാലത്തിൽ പ്രിയപ്പെട്ടവർ വിട പറഞ്ഞ മരിച്ച വീട്ടിലെപ്പോലെ. അധികം വസ്ത്രങ്ങളൊന്നുമില്ലെങ്കിലും,  ഫാഷൻ സങ്കൽപങ്ങൾ അപരിചിതമാണെങ്കിലും കല്യാണത്തിനുടുത്ത പട്ടുസാരി... എന്റെ ഭർത്താവ് എനിക്കു വാങ്ങിത്തന്ന ആദ്യത്തെ സാരി. ജോലി കിട്ടിയതിനുശേഷം ഞാൻ ആദ്യം വാങ്ങിയ ചുരിദാർ. പിന്നെ ഈ ഓണത്തിന് ഉടുക്കാൻ കാത്തുവച്ച സെറ്റുസാരി....ആർത്തലച്ചെത്തിയ വെള്ളത്തിൽ നനഞ്ഞുകുതിർന്നും ചെളിവെള്ളത്തിൽ മഞ്ഞനിറം പുരണ്ടും കിടക്കുന്ന ഈ വസ്ത്രങ്ങൾ ഞാൻ എന്തു ചെയ്യണം....കിടപ്പുവിരികൾ. തലയിണകൾ. മെത്ത.....താഴ്ന്ന ക്ലാസുകളിൽ മുതൽ പഠിച്ച, ആവശ്യം കഴിഞ്ഞിട്ടും ഉപേക്ഷിക്കാതെ വച്ച പുസ്തകങ്ങൾ, ഡ്രൈവിങ് ലൈസൻസ്, വീടിന്റെ ആധാരം. ഇൻഷുറൻസ് പേപ്പറുകൾ... 

വീട്ടിലെ എല്ലാവരും ജീവനോടെയുണ്ടല്ലോ. ആർക്കും വലിയ അപകടമൊന്നും പറ്റിയില്ലല്ലോ. എല്ലാം ഇനിയും നമുക്കു തുടങ്ങാം.... ദയവുചെയ്ത് ആക്ഷേപിക്കരുതു കൂട്ടരേ...നനഞ്ഞതും കുതിർന്നതും ഒഴുകിപ്പോയതും കുറച്ചുവർഷങ്ങളുടെ അധ്വാനമല്ല; ഒരു ജന്മത്തിന്റെ ആകെത്തുക. ഇനി അവ ഉണ്ടാക്കാൻ പോയിട്ട് അങ്ങനെ ചിന്തിക്കുന്നതു പോലും പാപം. വിടപറഞ്ഞ പ്രിയപ്പെട്ടവർക്കു പകരമാകുമോ മറ്റാരെങ്കിലും....? നൃത്തം ചെയ്തു നടന്ന മുറിയിലൂടെ ഞാനിപ്പോൾ പതുക്കെ അടിവച്ചാണു നടക്കുന്നത്. നടക്കാൻ പഠിക്കുന്ന കുട്ടിയെപ്പോലെ. മൂന്നോ നാലോ തവണ കഴുകിയിട്ടും ഒഴുകിപ്പോകാത്ത ചെളിയിൽ തെന്നുന്ന കാലുകൾ വലിച്ചെടുത്ത്. ബ്ലീച്ചിങ് പൗഡറിന്റെയും ദുർഗന്ധവും ഫിനോയിലിന്റെ ആശുപത്രി മണവും ആവോളം ശ്വസിച്ച്. 

പൂക്കളമിടേണ്ട മുറ്റത്ത് ആഴുകിയ കരിയിലകൾ. എവിടെനിന്നെക്കോയോ ഒഴുകിവന്ന മാലിന്യങ്ങൾ. ദുർഗന്ധം. വീർപ്പുമുട്ടിക്കുന്ന നിശ്ശബ്ദത. ഒരു ദിവസം കൂടി കഴിഞ്ഞാൽ തിരുവോണമാണ്. ഓടിപ്പാഞ്ഞുനടക്കേണ്ട ഞാൻ തളർന്നും വീണും ഇരിക്കാനൊരിടം തേടി എന്റെ വീട്ടിൽ അലയുന്നു. ഇതല്ലേ മരിച്ച വീട് ? പറയരുതേ....ആരും മരിച്ചിട്ടില്ലെങ്കിലും ഇതു മരണവീടല്ലെന്നു മാത്രം പറയരുതേ....ആരും കാണുന്നില്ലേ അടക്കം ചെയ്ത എന്റെ വീടിനെ. എനിക്ക് ഓണമില്ല. ഇത്തവണയല്ല ഇനിയൊരിക്കലും.. ‘മഹാപ്രളയം’ എന്നു മാധ്യമങ്ങൾ വലുപ്പത്തിൽ പുകഴ്ത്തിയ മലവെള്ളപ്പാച്ചിൽ ഇല്ലാതാക്കിയത് എന്റെ ഇന്നലെകളെയല്ല. ഈ നിമിഷങ്ങളെയല്ല; നാളെകളെക്കൂടി. ഭാവിയെ. ഇപ്പോൾ കടലെടുത്തുപോകുന്നത് എന്റെ എല്ലാമെല്ലാമാണ്...ഞാനാണ്... 

എനിക്കൊന്നു കരണയമെന്നുണ്ട്. ക്ലോറിൻ നാറുന്ന ഈ കൈകൾകൊണ്ട് ഞാനെങ്ങനെ തുടയ്ക്കും എന്റെ കണ്ണുകൾ. അഴുക്കു പുരളാത്ത ഒരു തുണി പോലുമില്ലല്ലോ എന്റെ വീട്ടിൽ. എല്ലാ സങ്കടവും ഞാൻ പറയുന്ന എന്റെ പൂജാമുറിയെവിടെ...? എല്ലാ ആഴ്ചയും കഴുകിവൃത്തിയാക്കുന്ന നിലവിളക്കല്ലേ അവിടെ വീണുകിടക്കുന്നത്. അതു തിളങ്ങുന്നില്ലല്ലോ...കളർബൾബുകൾ പ്രഭ ചൊരിഞ്ഞ എന്റെ കലണ്ടർ ചിത്രങ്ങളെവിടെ. പുറത്തേക്കിറങ്ങുമ്പോൾ ഇനി എവിടെനോക്കി ഞാൻ നമസ്കരിക്കും. ഇതുവരെ പോയ അമ്പലങ്ങളിൽനിന്നെല്ലാം ഞാൻ ശേഖരിച്ചുകൊണ്ടുവന്നുവച്ച പ്രസാദം...? വാടിയെങ്കിലും, വടുക്കൾ വീണെങ്കിലും ഞാൻ സൂക്ഷിച്ചുവച്ച അർച്ചനപ്പൂക്കൾ... 

നെഞ്ചുപൊട്ടി നിലവിളിക്കണം എന്നുണ്ട്. പൊട്ടിക്കഴിഞ്ഞുവല്ലോ എന്റെ നെഞ്ച്– ഒരാഴ്ച മുമ്പ് ഓഗസ്റ്റ് 16 ന് പുലർച്ചെ. അന്നല്ലേ രാവിലെയെണീറ്റ് ഒരുക്കിവച്ച പ്രഭാതഭക്ഷണം വെള്ളത്തിൽ മുങ്ങിയത്. ഉടുത്തതു മാത്രമുടുത്ത് ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടിയത്. ഒഴുകിവരുന്ന വെള്ളത്തിൽ മുങ്ങിയും താണും കിലോമീറ്റർ താണ്ടിയത്. ഓർമയിലുണ്ട് അന്നത്തെ ഉൾക്കിടിലം..ഇപ്പോഴും വിറയൽ മാറിയിട്ടില്ല എന്റെ ശരീരത്തിൽ. നടുക്കം നെഞ്ചിൽ. ശ്വാസം നിന്നുപോയ നിമിഷങ്ങൾ.... 

നാട് ചെങ്ങന്നൂർ എന്ന് അഭിമാനത്തോടെ പറയുമെങ്കിലും എന്റെ നാട് ചെങ്ങന്നൂർ അല്ല. വധുവായി ഞാൻ വന്നുകയറിയ നാടാണിത്. വയലും തോടും നിറഞ്ഞ നാട്. തെങ്ങും കപ്പയും വാഴയും ആർത്തലച്ചുവളരുന്ന വളക്കൂറുള്ള മണ്ണ്. ഉച്ചകഴിഞ്ഞാൽ പടിഞ്ഞാറുനിന്നു വരുന്ന കാറ്റിൽ നവോൻമേഷം വീണ്ടെടുക്കുന്ന പ്രകൃതി. പഞ്ചസാര പോലെ വെള്ള മണ്ണും താഴ്ത്തിക്കുഴിച്ചാൽ മണലും വരുന്ന നാട്. പമ്പയുടെ തീരം. ഈ നാട്ടിൽ എന്റെ എല്ലാമെല്ലാമാണ് എന്റെ വീട്. ആ വീടിന്റെ മൂകതയിലിരുന്ന് ആരും കേൾക്കാനില്ലെങ്കിലും എനിക്കു പറയാതിരിക്കാനാവില്ല; ഇല്ല എനിക്ക് ഓണമില്ല. എന്നോടു പൊറുക്കൂ...