സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാൻ ഈ വിധിക്ക് കഴിയും; അവർ പറയുന്നു

ഏറ്റവും പോസിറ്റീവായ മനസ്സോടെയാണ് സമൂഹമാധ്യമങ്ങളിൽ പലരും ആ സുപ്രീംകോടതി വിധിയെപ്പറ്റി അഭിപ്രായങ്ങൾ പങ്കുവച്ചത്. സ്വവർഗ്ഗരതി നിയമവിധേയമാക്കുന്ന സുപ്രീം കോടതി വിധിയെക്കുറിച്ച് ആക്റ്റിവിസ്റ്റുകളായ ശീതളിനും രഞ്ജുവിനും വിനീതിനും ഒരുപാടു പറയാനുണ്ട്.

‘നൂറ്റിയമ്പത്തേഴ് വർഷമായി ക്രിമിനലുകളായി മുദ്രകുത്തപ്പെട്ടു. സ്വത്വം നിഷേധിക്കപ്പെട്ട് ധാരാളം പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. രോഗികള്‍ ആക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിനുള്ള ഉത്തരമാണീ വിധി..’ ആക്ടിവിസ്റ്റ് ശീതൾ ശ്യാമിന്റെ വാക്കുകളാണിത്. സ്വവർഗ്ഗരതി നിയമവിധേയമാക്കിയ സുപ്രീം കോടതിയുടെ വലിയ വിധിയിലെ സന്തോഷമുണ്ട് ആ വാക്കുകളിൽ. ആഹ്ലാദവും പ്രതീക്ഷയും മനോരമ ന്യൂസ് ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് ശീതളും രഞ്ജുവും വിനീതും. 

ഓരോ പൗരന്മാർക്കും സന്തോഷം നൽകുന്ന വിധിയാണിത്. സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ വിധിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശീതൾ പറഞ്ഞു. സന്തോഷത്തേക്കാളുപരി മധുരപ്രതികാരമെന്നാണ് വിധിയെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ വിശേഷിപ്പിച്ചത്. 377 എന്ന ക്രൂരനിയമത്തെ കാറ്റിൽ പറത്തുന്നതിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.

ഈ നിയമത്തിന്റെ പേരിൽ നികൃഷ്ടജീവികളായാണ് പൊലീസുദ്യോഗസ്ഥരിൽ പലരും ഞങ്ങളെ കണ്ടിരുന്നത്. എന്തെങ്കിലും ആവശ്യത്തിനായി പൊലീസ് സ്റ്റേഷനിലെത്തിയാൽ കൈചൂണ്ടി 377 എന്ന് വിളിച്ചിട്ടുണ്ട്. ഇനി ആ 377 ഇനിയില്ല എന്നത് വലിയ പ്രതീക്ഷയാണ്.– രഞ്ജു പറയുന്നു. ഒരു വ്യക്തിയുടെ മൗലികാവാശങ്ങളെയാണ് ഇത്രകാലം ഇവിടെ ചോദ്യം ചെയ്തുകൊണ്ടിരുന്നത്. ഈയൊരു വിധിയിലേക്കെത്താൻ നമ്മളെന്തേ ഇത്ര വൈകിയെന്നും രഞ്ജു ചോദിക്കുന്നു. 

വിധിയെ ഭരണകൂടം എങ്ങനെ നോക്കിക്കാണും എന്ന കാര്യത്തിലെ ആശങ്കയും രഞ്ജു പങ്കുവെച്ചു. ‘നാണമില്ലേ നിങ്ങൾക്ക്? സമൂഹത്തെ മാറ്റാൻ നോക്കാതെ സ്വയം മാറിക്കൂടേ നിങ്ങൾക്ക്..?’ സെക്ഷൻ 377നെതിരെ പ്ലക്കാർഡുകളും ബാനറുമുയർത്തി കോടതിക്ക് മുന്നിലും തെരുവുകളിലും സമരത്തനിറങ്ങിയപ്പോൾ ഭൂരിഭാഗം ആളുകളും ചോദിച്ച ഒരു ചോദ്യമുണ്ട്. ആ ചോദ്യത്തിനും ചോദിച്ച ആളുകൾക്കും മുഖമടച്ചുള്ള മറുപടിയാണിത്. പറയുന്നത് ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് വിനീത് സീമയാണ്

സ്വവർഗ്ഗരതി നിയമവിധേയമാക്കുന്ന സുപ്രീം കോടതി വിധി വരുമ്പോൾ വർഷങ്ങളായി ഈയൊരു നിമിഷത്തിനായി നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും ഓർക്കുകയാണ് വിനീത്. 377ന്റെ പേരിൽ ഒരുപാട് വിവേചനങ്ങൾക്കും ആക്രമണങ്ങളും നേരിട്ടിട്ടുണ്ട്. പൊലീസ് പോലും ഈ നിയമം പറഞ്ഞാണ് ഞങ്ങളെ നേരിട്ടിരുന്നത്. അതാണ് ഇന്ന് ഇല്ലാതായിരിക്കുന്നത്, വിനീത് മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. 

നാളുകളായി നമുക്കിടയിലുള്ള ഒരു മതിൽക്കെട്ടാണ് ഇന്ന് തകർന്നുവീണിരിക്കുന്നത്. സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാൻ ഈ വിധിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഭൂരിഭാഗം ആളുകൾക്കും ഞങ്ങളെ അംഗീകരിക്കാനും ഉൾക്കൊള്ളാനും ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതിനെല്ലാം ഒരു മാറ്റം വരുമെന്ന് കരുതുന്നു– വിനീത് പറഞ്ഞു.

ചരിത്രവിധി ഇങ്ങനെ

പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി. സ്വവര്‍ഗരതി നിയമവിധേയമെന്നും ചരിത്രവിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി. സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഐപിസി 377–ാം വകുപ്പിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണ്. 

മറ്റ് പ്രകൃതിവിരുദ്ധ ലൈംഗികവേഴ്ചകള്‍ കുറ്റകരമായി തുടരുമെന്നും ഭരണഘടനാബഞ്ചിന്റേ ചരിത്രവിധിയിൽ പറയുന്നു. വ്യത്യസ്തവ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചതായും കോടതി നിരീക്ഷിച്ചു. പരമ്പരാഗതകാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാനുള്ള സമയമായെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രസ്താവിച്ചു.

വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമെന്നും  ഭിന്നലൈംഗികസമൂഹം എല്ലാ ഭരണഘടനാഅവകാശങ്ങള്‍‌ക്കും അര്‍ഹരാണെന്നും ഭരണഘടനാബഞ്ച് ചൂണ്ടിക്കാട്ടി. ജീവിക്കാനും സ്വകാര്യതയ്ക്കും തുല്യതയ്ക്കുമുള്ള  അവകാശങ്ങളില്‍ ലൈംഗികാഭിരുചിയേയും ഉള്‍പ്പെടുത്തുന്നതാണ് ചരിത്രവിധി. 2009 ല്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനസ്ഥാപിക്കുന്നതിന് തുല്യമാണ് സുപ്രീംകോടതിവിധി. ഹൈക്കോടതി വിധി റദ്ദാക്കിയ 2013 ലെ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടിയും ഭരണഘടനാബഞ്ച് വിധിയോടെ അപ്രസക്തമായി.