ഒരു സാരിയിൽ നിന്ന് 360 ചേക്കുട്ടി; ചേന്ദമംഗലത്തിനൊരു കൈത്താങ്

നനഞ്ഞ ഓണക്കോടികൾ, തകർന്ന തറികൾ, കറപിടിച്ചു കത്തിക്കാനിട്ട സാരികൾ – കേരളത്തെ മുക്കിയ പ്രളയം ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിൽ ബാക്കിവച്ചത് നഷ്ടക്കണക്കുകൾ മാത്രം. ഓണവിപണി മുന്നിൽക്കണ്ട് തയാറാക്കിയ വസ്ത്രശേഖരം പകുതി നശിച്ചു. ബാക്കിപകുതി വെള്ളം കയറി നനവു പടർന്നു. വൈകുന്തോറും കരിമ്പനടിച്ചു നശിക്കും. 40 ലക്ഷം രൂപയുടെ സ്റ്റോക്ക് മിച്ചമുണ്ട്. ഈ അവസ്ഥയിൽ നിന്ന്, നന്മ വറ്റാത്ത മനുഷ്യരുടെ കൈ പിടിച്ച് അതിജീവനത്തിന്റെ ഊടും പാവും നെയ്യുകയാണിപ്പോൾ ചേന്ദമംഗലം.

ചേന്ദമംഗലത്തിന് കൈത്താങ്ങുമായി ആദ്യം എത്തിയത് ഡിസൈനർമാർ–  ശാലിനി ജെയിംസ് (ആമസോൺ ഫാഷൻ വീക്ക്), ശ്രീജിത്ത് ജീവൻ (ലാക്മേ ഫാഷൻ വീക്ക്) എന്നിവരെ ചേന്ദമംഗലത്ത് എത്തിച്ചത് പത്രവാർത്തകളാണ്. പ്രശ്നമൊന്നുമില്ലാത്ത തുണികൾ ശാലിനിയുടെ മന്ത്ര എന്ന ബ്രാൻഡിന്റെ ഇ– കൊമേഴ്സ് പ്ലാറ്റ്ഫോം വഴി വിൽപനയ്ക്കു വച്ചു. വലിയ ഓർഡറുകൾക്കായി കോർപറേറ്റുകളെ സമീപിക്കാനും ക്യാംപെയിൻ ഒരുക്കാനും ശ്രീജിത്ത് ജീവൻ മുന്നിട്ടിറങ്ങി.

ശാലിനി ജയിംസ്

ചെറിയ നിരക്കിൽ തുണികൾ ഡ്രൈ ക്ലീൻ ചെയ്തു വൃത്തിയാക്കാൻ അല്യൂർ ഡ്രൈ ക്ലീനേഴ്സ്, ഓൺലൈൻ സെയിൽ പ്ലാറ്റ്ഫോം നൽകാൻ ഡിസൈനർ ഹൗസുകൾ, എക്സിബിഷനു വഴിയൊരുക്കാൻ ഗോ കൂപ്പ് (Go Coop) പോലുള്ളവ, സ്റ്റോക്ക് വാങ്ങാൻ ടൈറ്റന്റെ തനൈര, മുംബൈയിലെ ലക്ഷ്വറി ഡിസൈനർ ഹൗസായ അസ തുടങ്ങിയവ, ജീവനക്കാർക്കു സമ്മാനമായി നൽകാൻ കൈത്തറി തിരഞ്ഞെടുത്ത്  കുവൈത്ത് എയർവേസ്– സഹായം പലവഴിക്ക് വന്നു.

ശ്രീജിത്ത് ജീവൻ

സ്റ്റോക്ക് നശിച്ചു പോകുന്നതിന്റെ വിഷമം, ഡിസൈനർ എന്ന നിലയിൽ നന്നായി അറിയാം. നെയ്ത്തുകാർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കാനായില്ലെങ്കിൽ, സസ്റ്റൈനബിൾ ഫാഷൻ എന്നു പറഞ്ഞിട്ട് എന്തു കാര്യം – ശാലിനി ജയിംസ്

പൂർണിമ ഇന്ദ്രജിത്ത്

Save the loom. org എന്ന ഓൺലൈൻ കൂട്ടായ്മയുമായി പൂർണിമ ഇന്ദ്രജിത്ത് ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്. ഡൽഹി ഫാഷൻ കൗൺസിൽ കൺസൽറ്റന്റ് രമേഷ് മേനോൻ, ബിലീഷ് മാധവൻ തുടങ്ങിയവർ സജീവമായി ഇടപെടുന്നു. തറികളുടെ അറ്റകുറ്റപ്പണിക്കു സ്പോൺസർമാരെ കണ്ടെത്തി അവരെ സൊസൈറ്റികളുമായി ബന്ധപ്പെടുത്തുകയാണ് ചെയ്യുന്നത്. തറികൾ പൂർത്തിയായി ജോലി തുടങ്ങുന്ന മുറയ്ക്ക് സ്പോൺസർമാർക്ക് സ്നേഹസമ്മാനമായി നെയ്തെടുത്ത വസ്ത്രം നൽകും. കേരള കൈത്തറിക്കു പിന്തുണ നൽകാൻ ബോളിവുഡ് താരങ്ങളെ അണിനിരത്തിയുള്ള ക്യാംപെയ്നും തുടങ്ങിക്കഴിഞ്ഞു.

ചേന്ദമംഗലം കൈത്തറിയെ പിന്തുണച്ചുള്ള പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്ന ബോളിവുഡ് നടി ജാൻവി കപൂർ

തകർന്ന തറികളാണ് പ്രശ്നമെന്ന് ഇവിടെ പലതവണ വന്ന എനിക്ക് അറിയാമായിരുന്നു. നെയ്യുന്നതിൽ കൂടുതലും സ്ത്രീകളാണ്. ജീവിതം വഴിമുട്ടുന്ന അവസ്ഥയിൽനിന്ന്, അവരുടെ അധ്വാനവും മികവും ദേശീയ തലത്തിൽ എത്തിക്കാനാണ് ശ്രമം– പൂർണിമ ഇന്ദ്രജിത്ത്

ഒരു സാരി, 360 ചേക്കുട്ടി

ലക്ഷ്മി മേനോൻ ചേന്ദമംഗലത്ത് എത്തുമ്പോൾ ബാക്കിയുണ്ടായത് കഴുകിയിട്ടും കറ പോകാത്ത 11 ലക്ഷം രൂപയുടെ സാരികൾ. കത്തിക്കാൻ കൂട്ടിയിട്ടിരുന്നതാണ്. സാരി കത്തിക്കേണ്ട, കറയും കളയണ്ട എന്നു പറഞ്ഞ് ഏതാനും സാരിയുമായി മടങ്ങി – ആക്രിലക്ഷ്മിയെന്നാണല്ലോ വിളിപ്പേര്. വീട്ടിലെത്തി ചിത്രം വരച്ചും വെട്ടിയെടുത്തും നോക്കുമ്പോൾ ചേക്കുട്ടി എന്ന ഓമനപ്പാവ തയാർ. അമ്മൂമ്മത്തിരി, ഉപയോഗിച്ചുവലിച്ചെറിയുന്ന പേനയിൽ നിന്നു മരം തുടങ്ങിയ ആശയങ്ങൾ നടപ്പാക്കിയിട്ടുണ്ട് ലക്ഷ്മി. പ്രളയത്തിന്റെ ഓർമ പേറുന്ന ചേറും ചെളിയും പറ്റിയ ചേക്കുട്ടിയെ ഓരോ വീട്ടിലും സൂക്ഷിക്കാമെന്ന ലക്ഷ്മിയുടെയും സുഹൃത്ത് ഗോപിനാഥിന്റെയും ആശയത്തിന് ഗംഭീര സ്വീകരണം. www.chekkutty.com എന്ന വെബ്സൈറ്റ് വഴിയാണ് പ്രവർത്തനം.

ലക്ഷ്മി മേനോൻ

ഓണവിപണിയിൽ വിറ്റിരുന്നെങ്കിൽ ഒരു സാരിക്കു കിട്ടുന്ന വില 1200 രൂപയാണ്. ഒരു സാരിയിൽ നിന്ന് പക്ഷേ 360 ചെക്കുട്ടിപ്പാവകൾ ഒരുക്കാം. ഒരു പാവയ്ക്ക് 25 രൂപ വിലയിട്ടാൽ മതി. കത്തിച്ചു കളയാനിട്ട ഒരു സാരിയുടെ മൂല്യം 9000 രൂപയായി – ലക്ഷ്മി മേനോൻ.