ഇത് ദൈവത്തിരുമകൾ ; പാളത്തിലേക്ക് പിറന്ന് വീണ ആത്ഭുത ശിശു ജീവിതത്തിലേക്ക്

Representative Image

ട്രെയിനിൻെറ വേഗത്തേയും തോൽപിച്ച് ജീവൻെറ ട്രാക്കിലേക്ക് തിരിച്ചു വന്ന ഈ കുഞ്ഞിനെ അത്ഭുതശിശുവെന്നല്ലാതെ എന്തുവിളിക്കും? യുപിയിലെ ഭോജിപുര റെയിൽവേസ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് നേപ്പാളുകാരിയായ ആ അമ്മയ്ക്ക് പ്രസവവേദന തുടങ്ങിയത്. ട്രെയിൻ ഓടിത്തുടങ്ങുമ്പോഴേക്കും അവർ ട്രയിനിലെ ടോയ്‌ലെറ്റിലേക്ക് കുഞ്ഞിനെ പ്രസവിച്ചു.

നിർഭാഗ്യമെന്നു പറയട്ടെ ഓടിത്തുടങ്ങിയ ട്രെയിനിൻെറ വേഗത്തിനൊപ്പം ആ പെൺകുഞ്ഞ് ടോയ്‌ലെറ്റ് പൈപ്പിലൂടെ വഴുതി പാളത്തിലേക്ക് വീണുപോയി. അതിവേദനയ്ക്കിടയിലും തൻെറ കുഞ്ഞിനെ നഷ്ടപ്പെട്ടകാര്യം തിരിച്ചറിഞ്ഞ അമ്മ നിലവിളിച്ചു.

ടോയ്‌ലെറ്റിൽ നിന്നുയർന്ന നി്ലവിളി കേട്ടെത്തിയ യാത്രക്കാർ കണ്ടത് ചോരയിൽകുളിച്ചു കിടക്കുന്ന ഒരു സ്ത്രീയെയാണ്. ഓടിയെത്തിയ ആൾക്കൂട്ടത്തോട് തൻെറ കുഞ്ഞിനെ നഷ്ടപ്പെട്ട വിവരം ആ അമ്മ അലറിക്കരഞ്ഞ് പറഞ്ഞു. അവരോട് സഹായം അഭ്യർത്ഥിച്ചു.

യാത്രക്കാർ ഉടൻ തന്നെ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി.തുടർന്ന് റയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു പോറൽപോലുമേൽക്കാതെ പാളത്തിൽ സുരക്ഷിതയായിക്കിടക്കുന്ന പെൺകുഞ്ഞിനെ കണ്ടെത്തി. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കി.

ട്രെയിനിൽ നിന്ന് വഴുതി പാളത്തിലേക്ക് വീണിട്ടും ഒരു പോറൽപോലുമേൽക്കാത്ത ആ പെൺകുഞ്ഞിനെ അത്ഭുത ശിശു എന്നാണ് ഡോക്ടർമാർ വിശേഷിപ്പിച്ചത്.

നേപ്പാളിലെ കാഞ്ചൻപൂർ ജില്ലയിൽ താമസിക്കുന്ന പുഷ്പ തംത എന്ന നാൽപതുകാരിയാണ് അത്ഭുതശിശുവിൻെറ അമ്മ. നേപ്പാളിൽ നിന്ന് യുപിയിലെ ബറേലി‌യിലുള്ള കണ്ണാശുപത്രിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അവർ കുഞ്ഞിന് ജന്മം നൽകിയത്.