സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്ന രോഗങ്ങളിൽ മുൻപൻ പുറംവേദന

ഹോ എന്തൊരു പുറം വേദന.അടുക്കളയില്‍ ഓടിനടന്ന് പണിയെടുക്കുമ്പോഴും ഓഫീസില്‍ നിന്നുതിരിയാന്‍ സമയമില്ലാതെ ജോലിചെയ്തു മടുത്ത് കസേരയില്‍ നിന്നെഴുന്നേൽക്കുമ്പോഴും ഒരുതവണയെങ്കിലും ഇങ്ങനെ പറഞ്ഞിട്ടില്ലേ?. ലോകജനസംഖ്യയിലെ പാതിയോളം പേരും പുറം വേദന മൂലം അസ്വസ്ഥത അനുഭവിക്കുന്നുണ്ട്.  

വ്യക്തികളെ സാധാരണയായി ബാധിക്കുന്ന പത്ത് പ്രധാനപ്പെട്ട അസുഖങ്ങളില്‍ ഒന്നാണ് പുറം വേദന. എന്നാല്‍ ഇത് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് അനുഭവിക്കുന്നത്. ഗ്ലോബല്‍ ഡിസീസ് ബര്‍ഡന്റെ അഭിപ്രായപ്രകാരം ലോകജനസംഖ്യയിലെ 58 ശതമാനവും ഇങ്ങനെയൊരു പ്രശ്‌നത്തിലൂടെ കടന്നുപോകുന്നുണ്ട്. 

ഏകദേശം മുപ്പത് വയസ്സോടടുക്കുമ്പോഴാണ് ആളുകളില്‍ പുറം വേദന കണ്ടുതുടങ്ങുന്നത്. പിന്നീട് പ്രായം കൂടുന്തോറും അത് വഷളായിവരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും പുറംവേദനയ്ക്കു പിന്നിലെ യഥാര്‍ഥകാരണം ഇതുവരേയും കണ്ടെത്തിയിട്ടില്ല. 

പൊണ്ണത്തടി, തെറ്റായ ശരീരനില, ഇരിപ്പ്, സ്‌ട്രെസ്സ്, ഡിപ്രഷന്‍ എന്നിവയെല്ലാം പുറംവേദനയ്ക്കു കാരണമാകാം. കൂടുതലാളുകള്‍ക്ക് ഈ അസുഖമുണ്ടെങ്കിലും ചികിത്സ തേടി എത്തുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ മരുന്നുകളും ഫിസിയോതെറാപ്പികളും ഈ വേദനയ്ക്ക് ആശ്വാസം നൽകാറുണ്ട്.