അവിവാഹിതരായ സ്ത്രീകൾ സ്വാർഥരാണോ?

പ്രതീകാത്മക ചിത്രം.

അമേരിക്കയിലെ സാൻഫ്രാൻസിസ്കോ നഗരത്തിലെ 200 വനിതകളുടെ ഒരു കൂട്ടം മാത്രമാണവർ. 1929 മുതൽ സജീവം. ഗ്രൂപ്പിൽ അംഗമാകണമെങ്കിൽ ചില നിബന്ധനകളുണ്ട്. കോളജ് വിദ്യാഭ്യാസം നേടിയ പ്രഫഷണലായിരിക്കണം. പ്രായം 21 നും 35 വയസ്സിനും ഇടയിൽ. സമൂഹത്തോടു പ്രതിബദ്ധതയുള്ള, ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തിയാകണം. 

ഈ മൂന്നു മാനദണ്ഡങ്ങളും പാലിച്ചതുകൊണ്ടുമാത്രം ഗ്രൂപ്പിൽ അംഗമാകാമെന്നു കരുതിയെങ്കിൽ തെറ്റി. മൂന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു യോഗ്യത കൂടിവേണം. അവിവാഹിതരായിരിക്കണം. ഗ്രൂപ്പിൽ അംഗമായതിനുശേഷം വിവാഹം കഴിച്ചുവെന്നിരിക്കട്ടെ. ഉടനടി ഗ്രൂപ്പിൽനിന്നു പുറത്താകും. 

യുവതികളും വനിതകളുമായ ഈ ഗ്രൂപ്പ് എന്താണ് ചെയ്യുന്നതെന്നറിയേണ്ടേ ? ദ് സ്പിൻസ്റ്റേഴ്സ് ഓഫ് സാൻഫ്രാൻസിസ്കോ എന്നാണിവർ അറിയപ്പെടുന്നത്. ലാഭചിന്തയില്ലാതെ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടന. തുടക്കത്തിൽ സാമൂഹികമായ ഒരു കൂട്ടായ്മ എന്നുമാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. 1957 മുതൽ ജീവകാരുണ്യപ്രവർത്തികൾ ഏറ്റെടുത്തുചെയ്യാൻ തുടങ്ങി. എല്ലാ വർഷവും ഫണ്ട് സ്വരൂപിക്കാൻവേണ്ടി ഈ സംഘം മൂന്നോ നാലോ പരിപാടികൾ നടത്തുന്നു.

ഏതെങ്കിലും ഒരു പ്രദേശം തിരഞ്ഞടുക്കുന്നു. അവിടെ സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. സാൻ ഫ്രാൻസിസ്കോയിലെ ഈ വനിതാ കൂട്ടായ്മ തങ്ങളുടെ മനുഷ്യത്വപരമായ പ്രവൃത്തികളിലൂടെ സമൂഹത്തിൽ നിലനിന്ന ഒരു അന്ധവിശ്വാസത്തെ തകർക്കൂക കൂടിയാണ് ചെയ്തത്. അതായത് അവിവാഹിതരായവർ സ്വാർഥരായിരിക്കും എന്ന മിഥ്യാധാരണ. പുതിയ കാലത്തെ ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നതും ഈ വസ്തുത തന്നെ. വിവാഹിതരേക്കാളും കുടുംബമായി ജീവിക്കുന്നവരേക്കാളും ജീവകാരുണ്യപ്രവൃത്തികളിൽ ഏർപ്പെടുന്നത് അവിവാഹിതരാണ്. അവരാണു സമൂഹത്തിനുവേണ്ടി ജീവിക്കുന്നത്. പ്രതിബദ്ധതയോടെയുള്ള പ്രവൃത്തികൾ ഏറ്റെടുക്കുന്നത്. 

അവിവാഹിതരായവർ സ്വാർഥരായ ആളുകളാണെന്നാണ് സമൂഹത്തിലെ പ്രബലമായ ഒരു ധാരണ. പല ഗവേഷണങ്ങളും ഇതു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംഭാവന കൊടുക്കുന്ന കാര്യത്തിലും ദയയും കാരുണ്യവുമുള്ള പ്രവൃത്തികൾ ചെയ്യുന്നതിലും സഹതാപം പ്രകടിപ്പിക്കുന്നതിലുമൊക്കെ മുൻപന്തിയിൽ വിവാഹിതർ തന്നെ എന്നാണു 49 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. സമൂഹത്തിലെ എല്ലാ പ്രായക്കാരിലും നടത്തിയ സർവേയിലൂം ഈ അഭിപ്രായത്തിനുതന്നെയാണ് മുൻതൂക്കം ലഭിച്ചത്. കോളജ് വിദ്യാർഥികൾ മുതൽ മധ്യവയസ്കർ വരെ ഇക്കാര്യം എടുത്തുപറഞ്ഞു. പക്ഷേ, പുതിയ പഠനങ്ങൾ ഇതിനു വിപരീത ഫലങ്ങളാണ് പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. 

സുഹൃത്തുക്കളെ സഹായിക്കുന്നതിൽ, കടയിൽവച്ചോ നിരത്തിൽവച്ചോ ഒരു കൈ സഹായം നൽകുന്നതിൽ ഒക്കെ വിവാഹിതരേക്കാൾ അവിവാഹിതരായ സ്ത്രീകളാണു മുന്നിൽ. പ്രായമായ അച്ഛനമ്മമാരെ സഹായിക്കുന്നതിലും ഇവർ ഒരുപടി മുന്നിലെത്തിയിരിക്കുന്നു. സന്നദ്ധ സംഘടനകളെ സഹായിക്കുന്ന കാര്യത്തിലും വിവാഹിതരെ കടത്തിവെട്ടിയിരിക്കുകയാണ് അവിവാഹിത വനിതകൾ. വിവാഹിതരായി, കുടുംബമായി താമസിക്കുന്നവർ മത സംഘടനകൾക്കും മറ്റും സഹായം ചെയ്തേക്കാം. അതവരുടെ സാമൂഹിക നിലനിൽപിന്റെ ഭാഗം മാത്രമാണ്. 

നിർവ്യാജമായ സ്നേഹപ്രകടനത്തിൽ, 

ലാഭചിന്തയില്ലാത്ത പ്രവർത്തനങ്ങളിൽ, 

സ്നേഹ നിർഭരമായ നടപടികളിൽ....

അവിവാഹിത വനിതകൾ തന്നെ മുന്നിൽനിൽക്കുന്നു. എന്തായിരിക്കാം കാരണം ? 

സമൂഹത്തിന്റെ ആവശ്യങ്ങളെക്കുറിച്ചും സഹായം വേണ്ടവരെക്കുറിച്ചും കൂടുതലായി ചിന്തിക്കുന്നതു സ്ത്രീകളാണെന്നു പറയുന്നു ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ താമസിക്കുന്ന ഹെലൻ ഡൺബർ. വിവാഹിതരാണെങ്കിലും അല്ലെങ്കിലും സ്ത്രീകൾക്കു സ്വന്തം ജീവിതത്തിനപ്പുറമുള്ള ജീവിതത്തെക്കുറിച്ചും ചിന്തയുണ്ട്. മനുഷ്യരെക്കുറിച്ചു വിചാരമുണ്ട്. ആവശ്യങ്ങളെക്കുറിച്ചുള്ള ബോധം സ്ത്രീകൾക്കാണു കൂടുതലെന്നു പറയുന്നു നോട്ടിങ്ഹാമിൽ താമിസിക്കുന്ന അവിവാഹിതയായ ജോ കോക്സ് ബ്രൗൺ. 

ലോറി മാറ്റിനെക് എന്ന എഴുത്തുകാരി ജീവിതകാലത്തുതന്നെ ഒരു ഫൗണ്ടേഷൻ സ്ഥാപിച്ചിട്ടുണ്ട്. അവരുടെ മരണശേഷം എല്ലാ സ്വത്തുക്കളും സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും സ്വന്തം കാലി‍ൽ നിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സ്ത്രീകൾക്കുവേണ്ടി ദാനം ചെയ്യാനാണ് ഫൗണ്ടേഷൻ സ്ഥാപിച്ചതുതന്നെ. ഇനിയും തെളിവു വേണോ അവിവാഹിത വനിതകളുടെ മനുഷ്യത്വപൂർണമായ പ്രവൃത്തികളെക്കുറിച്ച് ഉദാഹരിക്കാൻ. ചുറ്റുമുള്ള സമൂഹത്തിലേക്കു തന്നെ നോക്കൂ. ഉത്തരം വ്യക്തമാകും.