പ്രമേഹമുള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ കൂടുതല്‍ കാന്‍സര്‍ സാധ്യത

പ്രമേഹമുള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ കൂടുതല്‍ കാന്‍സര്‍ സാധ്യതയുണ്ടെന്ന് ആഗോളതലത്തിലുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ആണ് ഇതു സംബന്ധിച്ച് പഠനങ്ങൾ നടത്തിയത്. ഇതനുസരിച്ച് ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കാന്‍സര്‍സാധ്യത കൂടുതലാണ്.

രക്താര്‍ബുദം, അബ്ഡൊമൻ കാന്‍സര്‍, വായിലും കിഡ്‌നിയിലുമുള്ള കാന്‍സര്‍ എന്നിവയ്ക്കാണ് സാധ്യത കൂടുതല്‍. എന്നാല്‍ ലിവര്‍ കാന്‍സറിനുള്ള സാധ്യത ഇതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ പ്രമേഹം എങ്ങനെയാണ് കാന്‍സറിന് കാരണമാകുന്നത് എന്നത് സംബന്ധിച്ച് ഇനിയും പഠനങ്ങള്‍ നടത്തേണ്ടതുമുണ്ട്. പ്രമേഹമുള്ള സ്ത്രീകള്‍ക്ക് പ്രമേഹമില്ലാത്ത സ്ത്രീകളുമായി താരതമ്യം നടത്തിയാല്‍ 27 ശതമാനം കാന്‍സര്‍ സാധ്യതയുണ്ട്. പുരുഷന്മാരില്‍ ഇത് 19 ശതമാനമാണ്.  ലുക്കീമിയ 15, വയറിലെ കാന്‍സര്‍ 14, വായിലെ കാന്‍സര്‍ 13, ലിവര്‍ കാന്‍സര്‍ 12,  എന്നിങ്ങനെ പോകുന്നു.

പ്രമേഹബാധിതരായ സ്ത്രീകള്‍ക്ക് കാന്‍സര്‍ പിടികൂടാനുള്ള  ശതമാനകണക്കുകള്‍. ലോകമെങ്ങും 415 മില്യന്‍ പ്രമേഹരോഗികളുണ്ട്. വര്‍ഷം തോറും ഇതില്‍ അഞ്ചുമില്യന്‍ ആളുകള്‍ പ്രമേഹബാധ മൂലം മരണമടയുന്നുമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് ഡിഎന്‍എ യില്‍ കേടുപാടുകള്‍ വരുത്തുകയും അത് കാന്‍സറിന് കാരണമാകുകയും ചെയ്യുന്നു എന്ന് വിശ്വസിക്കുന്നു. ഡയബറ്റോളജിയാ എന്ന ജേര്‍ണലിലാണ് കാന്‍സറും പ്രമേഹവും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.