മുലയൂട്ടാം ആശങ്കകളില്ലാതെ

ആദ്യത്തെ രണ്ടുവര്‍ഷം തുടര്‍ച്ചയായി  മുലയൂട്ടുന്നതുകൊണ്ട് ഒരുവര്‍ഷം നമുക്ക് രക്ഷപ്പെടുത്താന്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ എണ്ണം എത്രയാണെന്ന് അറിയാമോ? 8,20,000. അഞ്ചു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ എണ്ണമാണിത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ടും സംയുക്തമായി നടപ്പിലാക്കുന്ന 2018 ലെ ലോകമുലയൂട്ടല്‍വാരത്തോട് അനുബന്ധിച്ചാണ് ഈ കണക്ക് പ്രസിദ്ധീകരിച്ചത്. നവജാത ശിശുക്കളുടെ മരണനിരക്ക് വർധിപ്പിക്കുന്നതിനും പ്രായപൂര്‍ത്തിയെത്തിയതിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രധാന കാരണമായി പറയുന്നത് മുലയൂട്ടലിലുള്ള കുറവാണ്. 

അതുകൊണ്ടുതന്നെ മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വാരം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രസവം കഴിഞ്ഞ് ആദ്യമണിക്കൂറിനുള്ളില്‍ തന്നെ മുലയൂട്ടാന്‍ അമ്മമാരെ പ്രോത്സാഹിപ്പിക്കണം. കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അവര്‍ക്ക് പോഷകങ്ങള്‍ ലഭിക്കാനും പ്രസവം കഴിഞ്ഞ് ഉടന്‍ തന്നെയുള്ള മുലയൂട്ടല്‍ ഏറെ സഹായിക്കും. 

ഒരു വയസ്സില്‍ താഴെയുള്ള ശിശുമരണനിരക്ക് കുറയ്ക്കാനും ഇത് കാരണമാകും. മുലപ്പാലിനെ കുട്ടിക്കുള്ള ആദ്യത്തെ വാക്‌സിന്‍ ആയിട്ടാണ് പരിഗണിക്കുന്നത്. ഡയേറിയ, ന്യൂമോണിയ തുടങ്ങിയവയുടെയും ഇതര സാംക്രമികരോഗങ്ങളുടെയും അപകടസാധ്യത കുറയ്ക്കാനും മുലയൂട്ടലിന് കഴിയും. പ്രസവം കഴിഞ്ഞ് ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ മുലയൂട്ടുമ്പോള്‍ മുലപ്പാലില്‍ അടങ്ങിയിട്ടുള്ള കൊളസ്ട്രം( colostrum) ഹൈപ്പോതെര്‍മിയ മൂലമുള്ള മരണസാധ്യത കുറയ്ക്കുകയും എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്ന രോഗങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. 

മുലപ്പാല്‍ ഉണ്ടാകുന്നതിന് അമ്മമാര്‍ക്ക് സംതുലനാവസ്ഥയിലുള്ള ആഹാരവും ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണവിഭവങ്ങളും നൽകണം. അമ്മമാര്‍ക്ക് മുലപ്പാല്‍ ഉണ്ടാകുന്നതിന് പ്രസവശേഷവും ഗര്‍ഭകാലത്തും അവരുടെ ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. ഇതില്‍ അത്യാവശ്യം വേണ്ടത അയണിന്റെ സാന്നിധ്യമാണ്. ഭക്ഷണത്തില്‍ ഇരുമ്പ് കുറയുന്നത് അനീമിയായ്ക്ക് കാരണമാകും. പച്ചിലകള്‍, ഡ്രൈഫ്രൂട്‌സ്, മത്സ്യം, മാംസ്യം എന്നിവയിലെല്ലാം അയണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അമ്മമാര്‍ വിറ്റമിന്‍ സി അടങ്ങിയിട്ടുള്ള പഴങ്ങള്‍ കഴിക്കണമെന്നും ഡോക്ടേഴ്‌സ് അഭിപ്രായപ്പെടുന്നു. ഗുവാ, നാരങ്ങ, മധുരനാരങ്ങ, ഓറഞ്ച് എന്നിവയെല്ലാം അമ്മമാര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അതുപോലെ മുലയൂട്ടുന്ന അമ്മമാർ പുകയില, ആല്‍ക്കഹോള്‍, മദ്യം എന്നിവ ഉപയോഗിക്കരുത്. വര്‍ഷം തോറും ഓഗസ്റ്റ് ഒന്നുമുതല്‍ ഏഴു വരെയാണ് ലോകമുലയൂട്ടല്‍ വാരം ആചരിക്കുന്നത്.