സ്ത്രീയുടെ കരണത്തടിച്ച് പൊലീസ് ; തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം

സ്ത്രീയുടെ കരണത്ത് പൊലീസ് ഉദ്യോഗസ്ഥൻ ആഞ്ഞടിക്കുന്നതിന്റെ വിഡിയോ ദൃശ്യം

മദ്യവിരുദ്ധ സമരത്തിനിടെ തിരുപ്പൂരിൽ പൊലീസ് ഓഫിസർ സ്ത്രീയുടെ കരണത്തടിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. സോമനൂരിനു സമീപം തമിഴ്നാട് സർക്കാറിന്റെ ടാസ്മാക് മദ്യക്കട തുറക്കുന്നതിനെതിരായ സമരത്തിനിടെയാണു സമരക്കാരിയായ സ്ത്രീയുടെ മുഖത്തു തിരുപ്പൂർ അഡീ. ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പാണ്ഡ്യരാജ് ആഞ്ഞടിച്ചത്.



ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസിനെതിരെ രൂക്ഷവിമർശന സന്ദേശങ്ങളുടെ പ്രവാഹമായി. അയ്യംപാളയം സ്വദേശി ഇൗശ്വരിക്കാണു കരണത്തടിയേറ്റത്.
സംഭവത്തെക്കുറിച്ച് അടുത്തദിവസം വാദം കേൾക്കുമെന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. സാമൂഹിക പ്രവർത്തകൻ ട്രാഫിക് രാമസ്വാമി, പിഎംകെ നിയമവിഭാഗ അംഗം കെ. ബാലു എന്നിവരുടെ ഹർജി പരിഗണിച്ചു ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് എം. സുന്ദർ എന്നിവരടങ്ങിയ ബെഞ്ചാണു കേസിൽ വാദം കേൾക്കാൻ സന്നദ്ധമായത്.



അതിനിടെ പാണ്ഡ്യരാജിനെതിരെ നടപടി വേണമെന്നു ഡിഎംകെ ആവശ്യപ്പെട്ടു.സുപ്രീം കോടതി നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടിയ സോമനൂർ കാരണംപേട്ട റോഡിലെ മദ്യക്കട  അയ്യൻകോവിൽ റോഡിലേക്കു  മാറ്റി സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു. പല്ലടം തഹസിൽദാർ ശാന്തി, ഡിഎസ്പി മനോഹരൻ എന്നിവരെത്തി ചർച്ച നടത്തിയെങ്കിലും  സമരക്കാർ പിരിഞ്ഞു പോകാൻ തയാറായില്ല. ഉച്ചയോടെ നാട്ടുകാരുടെ എതിർപ്പു പരിഗണിക്കാതെ മദ്യക്കട തുറന്നു.ഇതിനിടെ അണ്ണാ ഡിഎംകെ (എടപ്പാടി പഴനിസ്വാമി വിഭാഗം) എംഎൽഎ ആർ.കനകരാജിന്റെ കാർ സമരക്കാർ തടഞ്ഞു.  ഉടൻ  പാണ്ഡ്യരാജിന്റെ നേതൃത്വത്തിൽ  കൂടുതൽ പൊലീസെത്തി ലാത്തിച്ചാർജ് തുടങ്ങി.