എയർപോർട്ട് ജീവനക്കാർ സ്ത്രീകളെ മർദ്ദിക്കുന്ന വിഡിയോ വൈറൽ

എയർപോർട്ടിൽ യാത്രക്കാരികളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ. ചിത്രത്തിന് കടപ്പാട് ; ട്വിറ്റർ.

യാത്രക്കാർക്കാരോട് എയർപോർട്ട് അധികൃതർ മോശമായിപ്പെരുമാറിയ വാർത്തകൾക്കു പിന്നാലെയാണ് യാത്രക്കാർ നോക്കിനിൽക്കേ എയർപോർട്ടിൽ സ്ത്രീകളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇസ്ലാമബാദ് എയർപോർട്ടിലാണ് സ്ത്രീക്ക് ദുരനുഭവമുണ്ടായത്. പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് സ്ത്രീകളെ മർദ്ദിച്ചത് ഫെഡറൽ ഇൻവെസ്റ്ററിഗേഷൻ ഒഫീഷ്യൽസ് ആണ്.

ബേനസീർ ഭൂട്ടോ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ചാണ് സ്ത്രീകൾക്ക് മർദ്ദനമേറ്റത്. എയർപോർട്ടിലെ സ്ത്രീജീവനക്കാർ അസഭ്യം വർഷം ചൊരിഞ്ഞുകൊണ്ട് സ്ത്രീകളെ എയർപോർട്ടിലൂടെ വലിച്ചിഴച്ചുകൊണ്ടു പോകുന്നതും മർദ്ദിക്കുന്നതുമാണ് വിഡിയോയിലെ ദൃശ്യങ്ങൾ. സ്ത്രീകൾ സഹായത്തിനുവേണ്ടി മറ്റുയാത്രക്കാരോട് കരഞ്ഞുകൊണ്ട് അഭ്യർത്ഥിക്കുന്നതിന്റെ ശബ്ദങ്ങളും വിഡിയോയിൽ കേൾക്കാം.

എയർപോർട്ട് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനിരയായ ഹസീനബീഗം പറയുന്നതിങ്ങനെ മക്കളായ ഫൗസിയയോടും ഫാത്തിമയോടുമൊപ്പം എയർപോർട്ടിലെത്തിയതാണു ഞാൻ. വിമാനം പുറപ്പെടാൻ സമയം ബാക്കിയുണ്ടായിരുന്നതിനാൽ ഞങ്ങൾ വിശ്രമമുറിയിൽ കാത്തിരുന്നു. അപ്പോഴാണ് മകൾ ഫൗസിയ എയർപോർട്ട് ജീവനക്കാരോട് കുറച്ചു ടോയ്‌ലെറ്റ് പേപ്പറുകൾ കിട്ടുമോ എന്നന്വേഷിച്ചത്. അതു ഞങ്ങളുടെ പണിയല്ല എന്ന് മര്യാദകെട്ട രീതിയിലാണ് അവർ പ്രതികരിച്ചത്. തുടർന്നുള്ള തർക്കത്തെത്തുടർന്നാണ് എയർപോർട്ട് ജീവനക്കാർ ശാരീരകമായി ഉപദ്രവിക്കാൻ തുടങ്ങിയത്. 

സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ വൈറലായപ്പോൾ വിഡിയോ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ വനിതാ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തുവെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് എയർപോർട്ട് അധികൃതരുടെ വിശദീകരണം.