ബന്ധുക്കൾ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചു ; എന്നിട്ടും അവൾ പ്രണയത്തിൽ നിന്നും പിന്മാറിയില്ല

പ്രതീകാത്മക ചിത്രം.

വിവാഹം സ്വർഗത്തിൽവച്ചു നടക്കുകയെന്നാണു പറയുക. പരസ്പരം ഇഷ്ടത്തോടെ വിവാഹിതരാകുമ്പോൾ സ്നേഹത്തിന്റെ സ്വർഗം സൃഷ്ടിക്കപ്പെടുന്നു. ഇഷ്ടമില്ലാത്ത വിവാഹം ജീവിതത്തെ നരകതുല്യമാക്കുന്നു.

ജീവിതം നരകമാകാതിരിക്കാൻ ഇഷ്ടമില്ലാത്ത വിവാഹങ്ങൾ ഉണ്ടാകാതിരിക്കണം. ഇന്ത്യയിൽ പല ഗ്രാമങ്ങളിലും ഇപ്പോഴും പെൺകുട്ടിയുടെ താൽപര്യം പരിഗണിക്കാതെ വിവാഹം നിശ്ചയിക്കുന്നു. ഇതു പലപ്പോഴും ദാമ്പത്യതകർച്ചയിലേക്കു നയിക്കുന്നു.

മഹാരാഷ്ട്രയിൽ നാസിക്കിനടുത്ത് മാലെഗാവിൽ ഇഷ്ടമില്ലാത്ത വിവാഹത്തിൽനിന്നു പിൻമാറി സ്വന്തം സമുദായത്തിൽതന്നെയുള്ള മറ്റൊരാളെ വിവാഹം കഴിച്ച പെൺകുട്ടിക്കു നേരിടേണ്ടിവന്നുതു സമുദായഭ്രഷ്ട് ഉൾപ്പെടെയുള്ള ദുരനുഭവങ്ങൾ.സമുദായത്തിൽനിന്നു പുറത്താക്കപ്പെട്ട ദമ്പതികളുടെ പരാതിയിൽ പൊലീസ് കേസ് എടുത്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. 

നിശ്ചയിച്ച വിവാഹത്തിൽനിന്നു പിൻമാറി മറ്റൊരു വിവാഹം കഴിച്ച പെൺകുട്ടിയുടെ ഭർത്താവിന്റെ ബന്ധുകുടുംബങ്ങളെയാണ് സമുദായത്തിൽനിന്നു ഭ്രഷ്ട് കൽപിച്ചു പുറത്താക്കിയത്. സാഗർ രാജ്കപൂർ ഷിൻഡെ എന്നാണു ഭർത്താവിന്റെ പേര്. പരാതിയുമായി പെൺകുട്ടിയുടെ പിതാവ് ഗ്രാമപഞ്ചായത്തിനെ സമീച്ചപ്പോഴാണു ഭ്രഷ്ട് തീരുമാനം എടുത്തത്. ദമ്പതികളുടെ പരാതിയെത്തുടർന്നു മാലെഗാവിലെ കാഖുർഡി പൊലീസ് വെള്ളിയാഴ്ച കേസെടുത്ത് അന്വേഷണവും തുടങ്ങി.പഞ്ചായത്തിനെതിരെ പരാതിയുമായി മുന്നോട്ടുപോകാൻ ദമ്പതികളെ സഹായിച്ചത് ഒരു സന്നദ്ധസംഘടന.

2012 ഏപ്രിൽ 15 നു വിവാഹം നടക്കേണ്ടിയിരുന്നു. പക്ഷേ പെൺകുട്ടി വിസമ്മതം അറിയിച്ചു. വീട്ടുകാർ ഭീഷണിപ്പെടുത്തി. കെട്ടിയിട്ടു മർദിച്ചു. പീഡനം സഹിക്കവയ്യാതെ ട്രെയിനിനു മുന്നിൽച്ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു പെൺകുട്ടി. ട്രെയിൻവരാൻവേണ്ടി കാത്തുനിന്നപ്പോൾ ഷിൻഡെയെ അവൾ  വിളിച്ചു. തന്റെ ദുരന്തം വിവരിച്ചു. എന്തു ചെയ്യണമെന്ന് അയാൾക്ക് അറിയില്ലായിരുന്നു. തന്നെ വിവാഹം കഴിക്കാൻ തയ്യാറാണോയെന്നു ഷിൻഡേയോടു ചോദിച്ചു. തയ്യാറാണെന്ന വാക്കു കേട്ടതോടെ പെൺകുട്ടി ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ഉപേക്ഷിച്ച് മാലെഗാവിൽ ഷിൻഡെയെടെ വസതിയിലേക്കു പോയി.

ഷിൻഡെയുടെ പിതാവ് അപ്പോൾതന്നെ പുണെയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ വിളിച്ച് കുട്ടി തങ്ങളുടെ വീട്ടിലുണ്ടെന്ന് അറിയിച്ചു. പെൺകുട്ടിയുടെ മുത്തച്ഛൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മാലേഗാവിൽ ദമ്പതികളുടെ വീട്ടിലെത്തി.ഈ വിവാഹം നടന്നാൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. ഷാൾ കഴുത്തിൽമുറുക്കി പെൺകുട്ടിയെ കൊല്ലാൻ പോലും ശ്രമിച്ചു അമ്മാവൻമാർ. പക്ഷേ ഷിൻഡെയുടെ ബന്ധുക്കൾ ശ്രമം തടഞ്ഞു. ഭീഷണിക്കു മുന്നിൽ മുട്ടുമടക്കാതെ തനിക്കിഷ്ടപ്പെട്ടയാളെത്തന്നെ വിവാഹം ചെയ്യുമെന്നു പെൺകുട്ടി തീർത്തുപറഞ്ഞു. 

2012 ഏപ്രിൽ 17 ന് പെൺകുട്ടിയുടെ വീട്ടുകാർ പഞ്ചായത്തിനെ സമീപിച്ചു. ഷിൻഡെയെയും ബന്ധുക്കളെയും സമുദായത്തിൽനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നാണു ദമ്പതികൾക്കും വീട്ടുകാർക്കും ഒറ്റപ്പെടൽ അനുഭവിക്കേണ്ടിവന്നത്. പക്ഷേ തളതാരെ പോരാടാൻ തന്നെയാണ് അവരുടെ തീരുമാനം.ഒരു സന്നദ്ധസംഘടന സഹായിക്കാൻ എത്തിയപ്പോൾ അവർ പൊലീസിനെ സമീപിച്ചു.

ഇപ്പോൾ കേസുമെടുത്തിരിക്കുന്നു. കാലത്തിനു നിരക്കാത്ത, അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ അനേകം നിയമങ്ങൾ പലപെൺകുട്ടികളുടെയും ജീവിതം ദുരിതമയമാക്കുന്നു. നിശ്ശബ്ദരായിരുന്നാൽ ദുരന്തങ്ങൾ ആവർത്തിക്കുകയേയുള്ളൂ. ശബ്ദമുയർത്തണം, പോരാടണം. ഷിൻഡെയും ഭാര്യയും നടത്തുന്ന പോരാട്ടത്തിലൂടെ സമുദായ ഭ്രഷ്ട് പോലെയുള്ള ദുരാചാരങ്ങൾ അവസാനിക്കുമെന്നു പ്രതീക്ഷിക്കാം.