കുട്ടികളുടെ മുന്നിൽവെച്ച് തമ്മിലടിച്ച് അധ്യാപകർ; ഞെട്ടലോടെ കുട്ടികൾ

കുട്ടികളുടെ മുന്നിൽവെച്ച് അടിയുണ്ടാക്കുന്ന അധ്യാപകർ.

ജീവിതത്തിലെ നല്ലപാഠങ്ങൾ പഠിക്കേണ്ട വിദ്യാലയത്തിൽ നിന്ന് അധ്യാപകരുടെ തമ്മിലടി കണ്ടു പഠിക്കേണ്ട ദുരവസ്ഥയിലാണ് കുട്ടികളിന്ന്. സ്കൂളിലെ പ്രധാനാധ്യാപികയും സയൻസ് അധ്യാപികയും തമ്മിലുള്ള അടിപിടി കണ്ടാണ് കുട്ടികൾ പകച്ചുപോയത്. പഞ്ചാബിലെ ഡേരാ ബസ്സിലെ ഗവൺമെന്റ് സ്കൂളിലാണ് സംഭവം. കുട്ടികൾ നോക്കിനിൽക്കുമ്പോഴാണ് സ്കൂളിലെ പ്രധാനാധ്യാപികയായ വീണാബസ്സിയും സയൻസ് അധ്യാപികയായ  കൈലാഷ് റാണിയും തമ്മിൽ തല്ലുണ്ടാക്കിയത്.

സംഭവത്തെക്കുറിച്ച് കൈലാഷ് റാണി വിശദീകരിക്കുന്നതിങ്ങനെ '' രണ്ടുദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ച സ്കൂളിലെത്തിയ എന്നെ പ്രധാനാധ്യാപിക കാരണമില്ലാതെ തല്ലുകയായിരുന്നു. സ്കൂൾ ഫണ്ടുകൾ അവർ ദുരുപയോഗം ചെയ്തതിനെപ്പറ്റി ഞാൻ നേരത്തെ പരാതിപ്പെട്ടിരുന്നു. അതിന്റെ വൈരാഗ്യം അവർ തീർത്തത് മറ്റൊരു വഴിക്കാണ് അവർ കഴിഞ്ഞാൽ ഞാനാണ് ഈ സ്കൂളിലെ സീനിയർ എന്നിട്ടും വൈസ് ഹെഡ്മിസ്ട്രസ്സിന്റെ ചാർജ് അവർ ഒരു ജൂനിയർ അധ്യാപികയ്ക്കാണു നൽകിയത്''.

എന്നാൽ കൈലാഷ് റാണി തനിക്കും ഇവിടെയുള്ള മറ്റ് അധ്യാപകർക്കും ഭീഷണിയാണെന്നാണ് പ്രധാനാധ്യാപികയുടെ വാദം. ഇതിനു മുമ്പ് അവർ മറ്റു മൂന്നു അധ്യാപകരെ ആക്രമിച്ചിട്ടുണ്ടെന്നും വീണാബസ്സി പറയുന്നു. സംഭവത്തെത്തുടർന്ന് ജില്ലാവിദ്യാഭ്യാസ ഓഫീസർ സ്കൂളിലെത്തി സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുകയും മറ്റ് അധ്യാപകരിൽ നിന്ന് ഇവർക്കെതിരെ പരാതി എഴുതി സ്വീകരിക്കുകയും ചെയ്തു. ഇരുവരെയും മേലധികാരികൾക്കു മുന്നിൽ ഹാജരാക്കുമെന്നും അറിയിച്ചു. കുട്ടികൾക്കു മാതൃകയാകേണ്ട അധ്യാപകർ ഇതുപോലെ മോശമായി പെരുമാറിയാൽ അതു കുട്ടികളുടെ പഠനത്തെയും ഭാവിയെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.