ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട പെൺകുഞ്ഞിന് തെരുവുനായ്ക്കൾ കാവലായി

പ്രതീകാത്മക ചിത്രം.

തിരക്കേറിയ റെയിൽവേസ്റ്റേഷനിൽ ആ കുരുന്നു പെൺകുഞ്ഞിനെ ഉപേക്ഷിച്ചു പോയ മനുഷ്യർക്കു തോന്നാത്ത ഒന്ന് തെരുവുനായ്ക്കൾക്ക് ആ കുഞ്ഞിനോടു തോന്നിയതുകൊണ്ടു മാത്രമാണ് അവളിപ്പോഴും ജീവനോടെയിരിക്കുന്നത്. കൊൽക്കത്തയിലെ ഹൗറ സ്റ്റേഷനിലാണ് ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട പെൺകുഞ്ഞിന് തെരുവുനായ്ക്കൾ കാവലായത്. ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

പാതികുടിച്ച പാൽക്കുപ്പിയും ഡയപ്പറുകൾ നിറച്ച ഒരു ബാഗും കുഞ്ഞിനൊപ്പം ഉപേക്ഷിച്ചാണ് ആരോ കടന്നു കളഞ്ഞത്. തിരക്കേറിയ റെയിൽവെസ്റ്റേഷനിൽ ഒരു കുഞ്ഞു തനിച്ചുകിടക്കുന്നതു കാണാനോ വേണ്ടതു ചെയ്യാനോ ഉള്ള സൗകര്യവും സമയവുമൊന്നും ആർക്കുമുണ്ടായില്ല. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അവൾക്കരുകിലെത്തിയ തെരുവുനായ്ക്കൾ കാവലിലെന്നപോലെ അവൾക്കരുകിൽ കൂട്ടംകൂടി നിന്നു.

ഇവൾക്കു കാവലായി ഞങ്ങളുണ്ട് എന്ന മട്ടിൽ നിൽക്കുന്ന തെരുവുനായ്ക്കളെയും അവരുടെ മധ്യത്തിൽക്കിടക്കുന്ന പെൺകുഞ്ഞിനെയും കണ്ട ആർപിഎഫ് ഉദ്യോഗസ്ഥൻ സ്റ്റേഷനധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യം തൃപ്തികരമായതിനാൽ അവർ അവളെ ചൈൽഡ്‌ലൈനിനു കൈമാറി. കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞവരെക്കുറിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞെന്നും പൊലീസ് പറയുന്നു.