സരോജത്തിന്റെ റേഷൻ കാർഡ് വൈറലായി; ചിത്രം കണ്ടാൽ കാജൽ അഗർവാൾ പോലും ഞെട്ടും

കാജൽ അഗർവാൾ, സരോജം.

ഇനി ഇതു ശരിക്കും കാജൽ അഗർവാളിന്റെ റേഷൻകാർഡ് തന്നെയാണോ? എന്ന സംശയമാണ് കാർഡ് കൈയിൽ കിട്ടിയപ്പോൾ  64 വയസ്സുകാരിയായ സരോജത്തിന് തോന്നിയത്. എന്നാൽ ചിത്രമൊഴിച്ച് ബാക്കി വിവരങ്ങളെല്ലാം തന്നെപ്പറ്റിയാണെന്ന് കാർഡ് പൂർണ്ണമായി പരിശോധിച്ചപ്പോൾ തമിഴ്നാട് സ്വദേശിനിയായ സരോജത്തിനു ബോധ്യപ്പെടുകയും ചെയ്തു.

സംശയവുമായി അയൽക്കാരെയും നാട്ടുകാരെയും സമീപിച്ചപ്പോൾ അവർ കാർഡിന്റെയും സരോജത്തിന്റെയും ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തു. അതോടെ അന്നുവരെ സാധാരണ സ്ത്രീയായിരുന്ന സരോജം സമൂഹമാധ്യമങ്ങളിൽ താരമായി. ഒപ്പം അവരുടെ റേഷൻ കാർഡും.

സരോജത്തിന്റെ പേരിലുള്ള സ്മാർട്ട് കാർഡിൽ കാജൽ അഗർവാളിന്റെ ചിത്രം.

സംസ്ഥാനസർക്കാറിന്റെ സ്മാർട്ട്കാർഡ് പദ്ധതിയിലൂടെ സരോജത്തിനും കാർഡ് ലഭിച്ചു. പക്ഷേ സരോജത്തിന്റെ ചിത്രത്തിനുപകരം ചലച്ചിത്രതാരം കാജൽ അഗർവാളിന്റെ ചിത്രംപതിച്ച കാർഡാണ് ലഭിച്ചത്. സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷം.

ഇതാദ്യമായല്ല റേഷൻ കാർഡിൽ ചലച്ചിത്രതാരങ്ങളുടെ ചിത്രം അച്ചടിച്ച് സാധാരണക്കാർക്കു കിട്ടുന്നത്. ചലച്ചിത്രതാരങ്ങളുടെയും വൃക്ഷങ്ങളുടെയും ചിത്രങ്ങളുള്ള കാർഡ് ലഭിച്ചവർ ഇതിനു മുൻപും ഉണ്ടായിട്ടുണ്ടെന്നും പ്രതിപക്ഷം പറയുന്നു. എന്നാൽ ഇതു സർക്കാരിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയല്ലെന്നും റേഷൻകാർഡ് വിതരണം ചെയ്യാൻ ഏൽപ്പിച്ച കമ്പനിക്കുപറ്റിയ പിഴവുമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.