ആരാണ് പത്മാവതി ? സിംഹള രാജാവിന്റെ പുത്രിയുടെ യഥാർഥ കഥയെന്ത്?

ചിത്രത്തിന് കടപ്പാട്: ട്വിറ്റർ.

മേവാർ രാജാവിന്റെ ഹൃദയം കീഴടക്കി റാണിയായി ചിത്തോറിലേക്കു തിരിക്കുമ്പോൾ പത്മാവതി കൂടെക്കൂട്ടിയവയിൽ ഏറ്റവും വിലപ്പെട്ടത് ഒരു തത്ത– ഹിരാമണി. പത്മാവതിയുടെ അലൗകിക സൗന്ദര്യത്തെക്കുറിച്ചു പാടി രാജാക്കൻമാരെ അസ്വാസ്ഥ്യത്തിലേക്കു തള്ളിവിട്ട പഞ്ചവർണക്കിളി.

തത്തയുടെ പാട്ടിൽനിന്നും ചരിത്രത്തിൽനിന്നും കഥകളുടെ ചിറകിലേറിയെത്തിയ പത്മാവതി ഇന്നു രാജ്യത്തെ ഏറ്റവും ചൂടേറിയ സാമൂഹിക പ്രശ്നമായും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ മാറ്റുരയ്ക്കുന്ന ഉരകല്ലായും മാറിയിരിക്കുന്നു. ചരിത്രവും കഥകളും കൂടിക്കുഴഞ്ഞു, വിശ്വാസം കൂടിച്ചേർന്ന്, അഭിമാനത്തിന്റെ കുലചിഹ്നമായി രൂപാന്തരം നേടിയിരിക്കുന്നു പത്മിനി. വധഭീഷണികൾ പോലും ഉയരുകയും 190 കോടി ചെലവിട്ടെടുത്ത ചിത്രം വെളിച്ചം കാണാതെ ഇരുളിലാണ്ടുകിടക്കുമ്പോൾ ചോദ്യം ഉയരുന്നു. ആരാണു പത്മാവതി ? സിംഹള രാജാവിന്റെ പുത്രിയുടെ യഥാർഥ കഥയെന്ത്?

രാജസ്ഥാനിലെ ഓരോ കോട്ടയ്ക്കും പറയാനുണ്ട് ഒട്ടേറെ കഥകൾ. പ്രതാപത്തിന്റെയും ഐശ്വര്യത്തിന്റെയും സുവർണകഥകൾ. സമ്പദ്സമൃദ്ധിയുടെ അഭിമാന കഥകൾ. പ്രണയത്തിന്റെയും വിരഹത്തിന്റെയും കരളലിയിക്കുന്ന കഥകൾ. തകർച്ചയുടെയും ദുരന്തത്തിന്റെയും സങ്കടചരിതങ്ങൾ. വാമൊഴിയായി പ്രചരിച്ച കഥകളിൽ സത്യമുണ്ട്; അസത്യവും. യാഥാർഥ്യമുണ്ട്; ഭാവനയും. തലമുറകൾ ആ കഥകൾ പാടിനടന്നു. കൂട്ടിച്ചേർക്കപ്പെട്ടും വെട്ടിക്കുറയ്ക്കപ്പെട്ടും കാലത്തെ അതിജീവിച്ച കഥകളുണ്ട്; പത്മാവതിയെപ്പോലെ. പല കഥകളും ചാരം മൂടിപ്പോയെങ്കിലും ചിതയിൽനിന്നു ജീവൻ നേടിയ ഫീനിക്സ് പക്ഷിയെപ്പോലെ പത്മാവതി ചരിത്രത്തിൽനിന്നു വർത്തമാനത്തിൽ എത്തിയിരിക്കുന്നു.

പത്മാവതിയുടെ ആദ്യചരിത്രം എഴുതപ്പെട്ടത് 1540 –ൽ. സൂഫി കവി മാലിക് മുഹമ്മദ് ജയാസി അവധ് ഭാഷയിൽ രചിച്ച ‘പത്മാവത്’ എന്ന ഇതിഹാസ കാവ്യത്തിൽ. പിന്നീടു ചരിത്രമായും കഥയായും ഐതിഹ്യമായും നോവലുകളായും സിനിമയായും പുനർജനിച്ചുകൊണ്ടിരുന്നു. അതീവ സുന്ദരിയെന്നു കീർത്തികേട്ട പത്മാവതിയുടെ ആധുനിക സിനിമാ രൂപം ഡിസംബർ ഒന്നിനു റിലീസ് ചെയ്യാനിരിക്കെയാണു വിവാദത്തിനു ചൂടുപിടിച്ചതും രാഷ്ട്രീയം കലർന്നതും മുഖ്യമന്ത്രിമാർപോലും പക്ഷം ചേർന്നു പോരാടിയതും. 

പത്മാവതിയുടെ കഥ നടന്നതെന്നു പറയുന്നതു 13–ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ. സിംഹള ദ്വീപിലെ രാജകുമാരിയായിരുന്നത്രേ പത്മാവതി. അതീവ സുന്ദരി. ചിത്തോറിലെ രജപുത്ര രാജാവ് രത്തൻ സെൻ (രത്തൻ സിങ് എന്നു പിന്നീടുള്ള ഐതിഹ്യങ്ങളിൽ) ഹിരാമണി എന്ന സംസാരിക്കുന്ന തത്തയിൽനിന്നു കേട്ടറിഞ്ഞു പത്മാവതിയെക്കുറിച്ച്. സാഹസികമായ അന്വേഷണത്തിനൊടുവിൽ പത്മാവതിയുടെ ഹൃദയം കവർന്ന രാജാവ്, റാണിയാക്കി ചിത്തോറിലേക്കു കൊണ്ടുവന്നു.

അക്കാലത്തു ഡൽഹി ഭരിച്ചിരുന്നതു സുൽത്താൻ അലാവുദ്ദീൻ ഖിൽജി. സുൽത്താൻ 1303–ൽ മേവാർ ആക്രമിച്ചു. ചിത്തോർ കോട്ട ഉപരോധിച്ചു. സൈന്യത്തേക്കാൾ സുൽത്താനു ഭീഷണിയുയർത്തിയതു കൊട്ടാരത്തിനുചുറ്റും നിർമിച്ചിരുന്ന ഭീമാകാരമായ കോട്ട. നാളുകൾ നീണ്ടുനിന്ന യുദ്ധത്തിനും ഉപരോധത്തിനുമൊടുവിൽ സുൽത്താൻ കോട്ട പിടിച്ചടക്കി. പക്ഷേ, പത്മാവതിയുടെ ഹൃദയം കീഴടക്കാനായില്ല.

ചിത്രത്തിന് കടപ്പാട്; ഇൻസ്റ്റഗ്രാം.

അന്തപുരത്തിലെ മറ്റു സ്ത്രീകൾക്കൊപ്പം പത്മാവതി ജൗഹർ അഥവാ കൂട്ട സതി അനുഷ്ഠിച്ചു. ആളിക്കത്തുന്ന തീക്കുണ്ഡത്തിലേക്ക് എടുത്തുചാടി. ശത്രുവിനു കീഴടങ്ങി ജീവിക്കുന്നതേക്കാൾ അവർ ഇഷ്ടപ്പെട്ടതു മരണം. അഭിമാനം സംരക്ഷിക്കാനായിരുന്നു പത്മാവിയുടെ ആത്മാഹൂതി. സ്ത്രീകൾ ഒരുപിടി ചാരമായപ്പോൾ അതുവരെ ചെറുത്തുനിന്ന രജപുത്ര യോദ്ധാക്കൾ കോട്ടയ്ക്കു പുറത്തുവന്ന് സുൽത്താനോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ചു. 

കുംഭാൽനെറിലെ രാജാവ് ദേവ്പാലും പത്മാവതിയെ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നത്രേ. ദേവ് പാലുമുണ്ടായ യുദ്ധത്തിൽ രത്തൻ സെൻ കൊല്ലപ്പെട്ടുവെന്നും കഥയുണ്ട്. പിന്നീടു തലമുറകളായി പറഞ്ഞുകേട്ട കഥകളിൽ പത്മാവതി വീരവനിതയായി ചിത്രീകരിക്കപ്പെട്ടു. അവരെക്കുറിച്ചു കഥകളും ഐതിഹ്യങ്ങളുമുണ്ടായി. 1303– ലെ അലാവുദ്ദീൻ ഖിൽജിയുടെ ചിത്തോർ ആക്രമണം ചരിത്രത്തിൽ രേഖപ്പെടുത്തിയ യാഥാർഥ്യമാണെങ്കിലും പത്മാവിയെക്കുറിച്ച് ഇന്നു പ്രചരിക്കുന്ന കഥകളിൽ വാസ്തവം എത്രത്തോളമുണ്ടെന്ന് ചരിത്രകാരൻമാർപോലും ഉറപ്പുപറയുന്നില്ല.

16 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിൽ പേർഷ്യൻ–ഉറുദു ഭാഷകളിലായി പത്മാവതിയുടെ പല കഥകളും വന്നു. ഇവയുടെയെല്ലാം ആധാരം സൂഫി കവി മാലിക് മുഹമ്മദ് ജയാസിയുടെ ഇതിഹാസ കാവ്യം.പിന്നീടു രജപുത്രരാജാക്കൻമാരുടെ സംരക്ഷണയിലും പിന്തുണയിലും പത്മാവതിയെക്കുറിച്ച് കാവ്യങ്ങളും കഥകളും രചിക്കപ്പെട്ടു.  പ്രചരിപ്പിക്കപ്പെട്ടു.

ജയാസിയുടെ ഇഷ്ടപ്രമേയം പ്രണയവും സാഹസികതയുമായിരുന്നെങ്കിൽ രജപുത്രകഥകളിൽ അഭിമാനം സംരക്ഷിക്കാൻ വിരചരമം പ്രാപിച്ച ധീരവനിതയുടെ അപദാനങ്ങളാണു വാഴ്ത്തിപ്പാടുന്നത്. 1829–32 കാലത്ത് ജെയിംസ് ടോഡ് കോളോണിയൽ കാഴ്ചപ്പാടിൽ പത്മാവതിയുടെ ചരിത്രം എഴുതി; ആനൽസ് ആൻഡ് ആന്റിക്വിറ്റീസ് ഓഫ് രാജസ്ഥാൻ എന്ന പുസ്തകത്തിൽ. ജെയിംസ് ടോഡിന്റെ പുസ്തകം ബ്രിട്ടിഷ് ഇന്ത്യയുടെ ആസ്ഥാനമായ കൊൽക്കത്തിയിൽ എത്തിയതോടെ ബംഗാളി ഭാഷയിലും പത്മാവതിയുടെ വീരചരിതങ്ങൾ എഴുതപ്പെട്ടു. 

പത്മിനിയുടെ കഥ ആധാരമാക്കി ആദ്യത്തെ സിനിമ വരുന്നത് 1930ൽ. നിശ്ശബ്ദ ചിത്രം. ഹിന്ദിയിൽ 1964–ൽ മഹാറാണി പത്മിനിയും തിരശ്ശീലയെ കോരിത്തരിപ്പിച്ചെത്തി. 1963–ൽ തമിഴു പറയുന്ന പത്മിനിയെത്തി. ശിവാജി ഗണേശനും വൈജയന്തിമാലയുമായിരുന്നു പ്രധാനവേഷങ്ങളിൽ. ചിത്തൂർ റാണി പത്മിനി. സി.വി.ശ്രീധർ എഴുതി നാരായണ റാവുവിന്റെ സംവിധാനത്തിൽ. എട്ടുവർഷം മുമ്പ് സോണി ടിവിയിൽ ടെലിവിഷൻ പരമ്പരയായും പത്മാവതിയെത്തി– ചിറ്റോഡ് കി റാണി പത്മിനി കാ ജൗഹർ.

നെഹ്റുവിന്റെ ദ് ഡിസ്കവറി ഓഫ് ഇന്ത്യ എന്ന പ്രശസ്തഗ്രന്ഥത്തിൽ പത്മാവതിയെക്കുറിച്ചു പറയുന്നുണ്ട്. സുൽത്താൻ ഒരു കണ്ണാടിയിലൂടെ റാണിയുടെ പ്രതിബിംബം കണ്ടു എന്ന കഥയാണു നെഹ്റു ഇന്ത്യയെ കണ്ടെത്തലിൽ വിവരിക്കുന്നത്. ചരിത്രം ഇങ്ങനെയാണെങ്കിലും വിദേശ ആക്രമണകാരിയിൽനിന്നു രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ 36,000 സ്ത്രീകൾക്കൊപ്പം തീക്കുണ്ഡത്തിൽ ചാടി വിരചരമം പ്രാപിച്ച പത്മാവതിയുടെ കഥയ്ക്കാണു ജനപ്രീതി. ബൻസാലിയുടെ സിനിമ വിവാദത്തിലാകാൻ കാരണവും ജനങ്ങൾക്കു പ്രത്യേകിച്ചു രജപുത്രർക്ക് കഥയിലുള്ള അടിയുറച്ച വിശ്വാസം.

ഡൽഹിയിൽ വിദേശഭരണാധികാരികൾ ആധിപത്യമുറപ്പിച്ച സമയത്തുതന്നെ ശക്തമായി നിലകൊണ്ട രജപുത്ര രാജ്യമായിരുന്നത്രേ മേവാർ. തലസ്ഥാന നഗരം ചിത്തോർ.രാജാ രത്തൻസിങ് രാജാവ്. ധീരനും കുലീനനുമായിരുന്നത്രേ രത്തൻ സിങ്. ഇക്കാലത്തു സിംഹള ദ്വീപിലെ രാജകുമാരിയായ പത്മാവതിയുടെ സ്വയംവരത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ഹിന്ദുസ്ഥാനിലെ രാജാക്കൻമാർക്കും ലഭിക്കുന്നു.

മുൻപുതന്നെ പത്മാവതിയുടെ സൗന്ദര്യത്തെക്കുറിച്ചു കഥകൾ കേട്ടിരുന്ന രാജാക്കൻമാർ അദമ്യമായ മോഹവുമായി സിംഹളദ്വീപിലേക്കു തിരിച്ചു. മകൾക്ക് അനുയോജ്യനായ വരനെ ലഭിക്കാൻ ഗന്ധർവ്വ സേന എന്ന രാജാവ് ഏർപ്പാടാക്കിയതായിരുന്നു സ്വയംവരം. ഒടുവിൽ ചിത്തോറിലെ രത്തൻ സെൻ സ്വയംവരത്തിൽ വിജയിയായി. പത്മാവതിക്കു വരണമാല്യം ചാർത്തി. രാജാവും റാണിയും മേവാറിലേക്ക്. തന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഹിരാമണി എന്ന തത്തയേയും റാണി കൂടെക്കൂട്ടിയത്രേ.

പത്മിനി എന്ന പേരിൽ പത്മാവതി ചിത്തോറിലെ രാജ്ഞിയായി വിരാജിക്കുന്നു. റാണാ രത്തൻ സെന്നിന്റെ സദസ്സിലുണ്ടായിരുന്ന  ഒരു സംഗീതജ്ഞനായിരുന്നു രാഘവ് ചേതൻ. ദുർമന്ത്രവാദികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ രാഘവ് ചേതൻ പിടിക്കപ്പെട്ടു. രാജാവ് ചേതനെ ശിക്ഷിച്ചു. മുഖത്തു കറുത്ത ചായം തേച്ച് കഴുതപ്പുറത്ത് ഇരുത്തി നഗരപ്രദക്ഷിണം നടത്തി. ഇതു ചേതനിൽ രത്തൻ സെന്നിനോടു കടുത്ത വിരോധവും പകയുമുണ്ടാക്കി. അയാൾ ഡൽഹിക്കു തിരിച്ചു. സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുടെ പ്രീതി സമ്പാദിച്ചു. ശക്തനും സ്വേഛാധിപതിയുമായ ഭരണാധികാരിയായിന്നു അലാവുദ്ദീൻ ഖിൽജി. 

ജലാലുദ്ദീൻ എന്ന അമ്മാവനെ ചതിയിൽ വീഴ്ത്തി, അദ്ദേഹത്തിന്റെ പുത്രൻമാരുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത ശേഷമായിരുന്നു അലാവുദ്ദീന്റെ സ്ഥാനാരോഹണം. റാണി പത്മിനിയുടെ അലൗകിക സൗന്ദര്യത്തെക്കുറിച്ച് അലാവുദീൻ കേൾക്കുന്നത് രാഘവ് ചേതനിൽ നിന്ന്. പത്മിനിയെ ഉടൻ സ്വന്തമാക്കണമെന്ന ആഗ്രഹം ജനിച്ചു സുൽത്താന്. ചിത്തോറിനുനേരെ പട നയിച്ചു. മേവാറിന്റെ തലസ്ഥാനമായ ചിത്തോറിലെ വാനം മുട്ടിനിൽക്കുന്ന കോട്ട വലിയ വെല്ലുവിളി ഉയർത്തി. കോട്ട ഭേദിക്കാനാവാതെ വന്നപ്പോൾ പത്മിനിയെ സഹോദരി എന്ന നിലയെങ്കിലും ഒന്നു കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു സുൽത്താൻ. 

ധർമസങ്കടത്തിലായ റാണ രത്തൻ‌ സിങ് പത്മിനിയുടെ സമ്മതത്തോടെ അവരുടെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ കാണിച്ചു. അത്ഭുതസ്തബ്ധനായി സുൽത്താൻ. ലക്ഷ്യം നിറവേറാതെ അദ്ദേഹം മടങ്ങി. സുൽത്താനെ യാത്രയാക്കാൻ കുറച്ചുദൂരം രത്തൻ സിങ് അദ്ദേഹത്തെ അനുഗമിച്ചു. പെട്ടെന്ന് ഒരു ആശയം തോന്നിയ സുൽത്താൻ റാണായെ ബന്ധനസ്ഥനാക്കി തലങ്കലിലാക്കി. റാണായെ മോചിപ്പിക്കണമെങ്കിൽ പത്മിനിയെ വിട്ടുകിട്ടണമെന്ന ഉപാധി മുന്നോട്ടുവച്ചു. പിറ്റേന്നുതന്നെ റാണിയെ സുൽത്താന്റെ മുന്നിൽ എത്തിക്കാമെന്നു വാക്കു കൊടുത്തു. പിറ്റേന്ന് 150 പല്ലക്കുകൾ സുൽത്താന്റെ ക്യാംപിനെ ലക്ഷ്യമാക്കി നീങ്ങി. റാണിയും പരിചാരകരുമാണു പല്ലക്കിലെന്നാണു കരുതിയതെങ്കിലും അങ്ങനെയായിരുന്നില്ല. സ്ത്രീവേഷം കെട്ടിയ രജപുത്ര യോദ്ധാക്കളായിരുന്നു പല്ലക്കുകളിൽ.

അവർ മിന്നലാക്രമണം നടത്തി റാണായെ മോചിപ്പിച്ചു. കോപത്താൽ ജ്വലിച്ച സുൽത്താൻ ചിത്തോറിനുനേരെ അവസാനയുദ്ധം പ്രഖ്യാപിച്ചു. കീഴടങ്ങാതെനിന്ന ചിത്തോർ കോട്ട ഉപരോധിച്ചു. ഭക്ഷണസാധനങ്ങൾ കൂടി കിട്ടാതായതോടെ കോട്ട തുറന്ന് സുൽത്താനോട് ഏറ്റുമുട്ടാൻ കൽപിച്ചു റാണാ രത്തൻ സിങ്. കീഴടങ്ങേണ്ടിവരുമെന്ന് ഉറപ്പായപ്പോൾ റാണി പത്മിനിയും സംഘവും ജൗഹറിന് ഒരുക്കം തുടങ്ങി. അഗ്നികുണ്ഡങ്ങൾ ഒരുങ്ങി. വേദമന്ത്രങ്ങൾ മുഴങ്ങി. പ്രാർഥനകളോടെ റാണിയും സംഘവും കൂട്ടസതി അനുഷ്ഠിച്ചു. സൈന്യം കീഴടങ്ങിയതോടെ ചിത്തോർ കോട്ട മലർക്കെ തുറക്കപ്പെട്ടു. അന്തപുരത്തിലെത്തിയ സുൽത്താനാകട്ടെ റാണിക്കു പകരം കിട്ടിയത് ഒരുപിടി ചാരം. അപ്പോഴും അണഞ്ഞിരുന്നില്ല രജപുത്രരുടെ അഭിമാനത്തിന്റെ അഗ്നികുണ്ഡങ്ങൾ.