സ്ത്രീകൾ മദ്യപാനികളാകും; ഈ നിയമം പിൻവലിക്കണമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്

പ്രതീകാത്മക ചിത്രം.

സ്ത്രീകള്‍ക്കെതിരെ വര്‍ഷങ്ങളായി നിലനിന്ന വിവേചനം അവസാനിപ്പിച്ചുകൊണ്ട് ശ്രീലങ്കന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമെടുത്ത തീരുമാനത്തിനോട് എതിര്‍പ്പു പ്രകടിപ്പിച്ചുകൊണ്ട് പ്രസിഡന്റ് തന്നെ രംഗത്ത്. മദ്യം വാങ്ങാന്‍ സ്ത്രീകളെ വിലക്കിയിരുന്ന നിയമം ബുധനാഴ്ചയാണ് സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. പെര്‍മിറ്റ് കൂടാതെ സ്ത്രീകളെ  ബാറുകളില്‍ ജോലിചെയ്യാനും അനുവദിക്കുന്നതായിരുന്നു പുതിയ നിയമം. 

പക്ഷേ, കഴിഞ്ഞദിവസം നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് നിയമം പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നു പറഞ്ഞു പ്രസിഡന്റ് മൈത്രിപാല സിരിസേന. നിയമം മാറ്റിയതിനെക്കുറിച്ച് താന്‍ മാധ്യമങ്ങളില്‍നിന്നാണ് അറിഞ്ഞതെന്നും പ്രസിഡന്റ് പറയുന്നു. 1955 മുതല്‍ നിലവിലുണ്ടായിരുന്ന നിയമം സ്ത്രീകള്‍ക്കെതിരായ വിവേചനമായതുകൊണ്ടാണു മാറ്റുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. 

സ്ത്രീ-പുരുഷ സമത്വം എന്ന വിഷയത്തെ പ്രസിഡന്റ് ഗൗരവമായി കാണുന്നില്ലെന്ന് അക്ഷേപിക്കുന്നു വിമര്‍ശകര്‍. പഴഞ്ചന്‍ നിയമമായിരുന്നു ലങ്കയിലേത്. ചവറ്റുകുട്ടയില്‍ എറിയേണ്ടത്. സ്ത്രീകളെ നിയന്ത്രിക്കുക മാത്രമാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നത് - ബ്ലോഗിൽ ഒരാള്‍ എഴുതി. മദ്യം വാങ്ങുന്നതില്‍നിന്നു സ്ത്രീകളെ വിലക്കിയ നിയമം നിലവിലുണ്ടായിരുന്നപ്പോഴും അതു കര്‍ശനമായി നടപ്പാക്കിയിരുന്നില്ല, 18 വയസ്സുകഴിഞ്ഞ എല്ലാവര്‍ക്കും മദ്യം വാങ്ങാന്‍ അനുമതി നല്‍കുന്നതായിരുന്നു പുതിയ നിയമം.

പ്രതീകാത്മക ചിത്രം.

ബുദ്ധമതാനുയികള്‍ക്കു നിര്‍ണായക സ്വാധീനമുള്ള ശ്രീലങ്കയില്‍ കൊണ്ടുവന്ന നിയമത്തിനെതിരെ കടുത്ത എതിര്‍പ്പുമുണ്ടായിരുന്നു. ലങ്കന്‍ സംസ്കാരത്തിനെതിരാണു നിയമമെന്നു പറഞ്ഞു ചിലര്‍. കൂടുതല്‍ സ്ത്രീകളെ മദ്യത്തിന്റെ അടിമകളാക്കാന്‍ മാത്രമേ നിയമം പ്രയോജനപ്പെടൂ എന്നും അവര്‍ വാദിക്കുന്നു. ഈ വിമര്‍ശനങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇപ്പോള്‍ പ്രസിഡന്റ് ഇടപെട്ടിരിക്കുന്നത്. മദ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി കൂടിയാണ് സിരിസേന. 

എന്തായാലും പ്രസിഡന്റിന്റെ ഇടപെടലോടെ സഖ്യകക്ഷി സര്‍ക്കാരില്‍ വിയോജിപ്പുകളുണ്ടെന്നും വ്യക്തമായിരിക്കുന്നു. കൂടുതല്‍ സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് നേരത്തേ സിരിസേന അഭ്യര്‍ഥിച്ചിരുന്നു. ഭാവിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സ്ത്രീകള്‍ സ്ഥാനാര്‍ഥികളാകണമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അതേ പ്രസിഡന്റു തന്നെ സ്ത്രീകള്‍ക്കെതിരായ വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്.