പായ്‍വഞ്ചിയിൽ ലോകം ചുറ്റി അവർ തിരിച്ചെത്തി; അഭിമാനത്തോടെ നിർമല സീതാരാമൻ

തിങ്കളാഴ്ച ഗോവയിൽ എത്തുമ്പോൾ സന്തോഷത്തേക്കാളേറെ അഭിമാനമായിരുന്നു ഇന്ത്യൻ പ്രതിരോധ വകുപ്പു മന്ത്രി നിർമല സീതാരാമന്റെ മനസ്സിൽ. പുതിയ ചരിത്രവും ഇതിഹാസവും രചിച്ച ആറംഗ വനിതാ സംഘത്തെ സ്വീകരിക്കാനായിരുന്നു മന്ത്രിയുടെ ഗോവ സന്ദർശനം.

പായ്‍വഞ്ചിയിൽ ലോകം ചുറ്റി മടങ്ങിയെത്തിയ സംഘത്തെ വരവേൽക്കാൻ. നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബയുമുണ്ടായിരുന്നു മന്ത്രിക്കൊപ്പം. ‘നാവിക സാഗർ പരിക്രമ’ എന്ന പേരിൽ ഐഎൻഎസ് തരിണി എന്ന പായ്‌വഞ്ചിയിലായിരുന്നു എട്ടുമാസം നീണ്ട വനിതകളുടെ ലോകയാത്ര. കഴിഞ്ഞ സെപ്റ്റംബർ പത്തിനു ഗോവയിൽനിന്നു യാത്ര തിരിച്ച സംഘം 21,600ൽ ഏറെ നോട്ടിക്കൽ മൈൽ (40,000 കിലോമീറ്റർ) പിന്നിട്ടാണു തിരിച്ചെത്തിയത്. 

ഇതു ചരിത്രത്തിലെ അപൂർവ നിമിഷം. ദൈവകാരുണ്യത്തിനൊപ്പം ഈ വനിതകളുടെ ധൈര്യം കൂടി ചേർന്നപ്പോൾ അസാധ്യമായതു സംഭവിച്ചിരിക്കുന്നു. ഇവർ മടങ്ങിയെത്തിയിരിക്കുന്നു; പ്രതിസന്ധികളുടെ അലമാലകളെ അതിജീവിച്ച്. ഇവർക്കു സ്വാഗതമോതാം...സന്തോഷത്തോടെയും അഭിമാനത്തോടെയും മന്ത്രി വനിതാ സംഘത്തെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ലഫ്.കമാൻഡർ വർത്തിക ജോഷി നയിച്ച സംഘത്തിൽ ലഫ്.കമാൻഡർമാരായ പ്രതിഭ ജാംവാൽ, പി.സ്വാതി, ലഫ്റ്റനന്റുമാരായ ഐശ്വര്യ ബോഡപ്പെട്ടി, വിജയാദേവി, പായൽ ഗുപ്ത എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. 

കഴിഞ്ഞ സെപ്റ്റംബർ പത്തിനു ഗോവയിൽനിന്നാണു സംഘം  യാത്ര തിരിച്ചത്. അന്നു സംഘത്തെ യാത്ര അയയ്ക്കാനും മന്ത്രി നിർമല സീതാരാമൻ എത്തിയിരുന്നു. പ്രതിരോധ വകുപ്പിന്റെ തലപ്പത്തെത്തിയ നിർമല ഡൽ‌ഹിക്കു പുറത്തേക്ക് ആദ്യമായി ഒരു ചടങ്ങിനു പോകുന്നതും അന്നായിരുന്നു. ഇപ്പോഴിതാ സുവർണ നിമിഷത്തിൽ ലോകം കീഴടക്കിയെത്തിയ സംഘത്തെ സ്വീകരിക്കാനും നിർമല തന്നെയെത്തിയിരിക്കുന്നു; അപൂർവമായ ഒരു നിയോഗത്തിന്റെ സാഫല്യമായി. ബുധനാഴ്ച വിജയശ്രീലാളിതരായ സംഘത്തെ പ്രധാനമന്ത്രി നേരിൽ കാണുന്നുണ്ട്. രാജ്യത്തിന്റെ അഭിനന്ദനം അറിയിക്കാനും ചരിത്രനേട്ടത്തിനു നന്ദി പറയാനുമാണ് കൂടിക്കാഴ്ച. 

വനിതാ സംഘം യാത്ര തുടങ്ങിയതുമുതൽ പ്രധാനമന്ത്രി അന്വേഷണങ്ങൾ നടത്തുന്നുണ്ടായിരുന്നെന്നു പറഞ്ഞു മന്ത്രി നിർമല സീതാരാമൻ. ചില അവസരങ്ങളിൽ അദ്ദേഹം അവരോടു നേരിട്ടുതന്നെ സംസാരിക്കുകയും ചെയ്തു.  വനിതാസംഘത്തിന്റെ പര്യടനത്തിലുള്ള രാജ്യത്തിന്റെ താൽപര്യത്തിനു തെളിവാണ് പ്രധാനമന്ത്രിയുടെ നിരന്തരമായ അന്വേഷണമെന്നു പറയുന്നു മന്ത്രി നിർമല. 

ഈ നിമിഷത്തിൽ ഇവിടെ എത്താനായതിൽ സന്തോഷമല്ല എനിക്കു തോന്നുന്നത്. മറിച്ച് ആദരിക്കപ്പെട്ടതായി എനിക്കു തോന്നുന്നു. ചരിത്രമുഹൂർ‌ത്തത്തിന്റെ ഭാഗമാകാൻ കഴിഞ്ഞല്ലോ. എന്റെ ഭാഗ്യം..ആറു വനിതകളുടെ അതുല്യമായ നേട്ടത്തിൽ അഭിമാനം കൊള്ളട്ടെ രാജ്യം മുഴുവൻ. 

വനിതകളുടെ നേട്ടം എന്നുമാത്രം വിശേഷിപ്പിച്ച് മഹാസംഭവത്തിന്റെ പ്രാധാന്യം കുറയ്ക്കരുതെന്നു പറയുന്നു മന്ത്രി. രാജ്യത്തെ പുതുതലമുറയുടെ നേട്ടമാണിത്. വളർന്നുവരുന്ന എല്ലാവർക്കും പ്രചോദനം പകരുന്നത്. ദൃഢനിശ്ചയത്തോടെ മുന്നിട്ടിറങ്ങിയാൽ അസാധ്യമായി ഒന്നുമില്ലെന്നു തെളിയിച്ചിരിക്കുന്നു നമ്മുടെ രാജ്യത്തിന്റെ വനിതാ ശക്തി....ആറംഗ സംഘതത്തിന്റെ നേട്ടത്തിൽ വാചാലയാകുകയാണു മന്ത്രി. 

കഴിഞ്ഞ സെപ്റ്റംബർ പത്തിനു ഗോവയിൽനിന്നു യാത്ര തിരിച്ച സംഘം നാവികപര്യടനത്തിനിടെ അഞ്ചിടത്തു മാത്രമാണു കരതൊട്ടത്. ബോട്ടിന്റെ അറ്റകുറ്റപ്പണി, അവശ്യസാധനങ്ങൾ ശേഖരിക്കൽ എന്നിവയ്ക്കായി ഫ്രീമന്റിൽ (ഓസ്ട്രേലിയ), ലിറ്റൽടൺ (ന്യൂസീലൻഡ്), പോർട്ട് സ്റ്റാൻലി (ഫോക്‌ലൻഡ്), കേപ് ടൗൺ (ദക്ഷിണാഫ്രിക്ക), മൊറീഷ്യസ് എന്നീ തുറമുഖങ്ങളിലാണു വഞ്ചി അടുപ്പിച്ചത്. ഒടുവിൽ സാഹസികമായ യാത്രയ്ക്കു വിജയകരമായ പര്യവസാനം.