ബാലകൃഷ്ണൻ, ആതിര, കെവിൻ; ഒന്നരപ്പതിറ്റാണ്ടിന്റെ ദൂരത്തിൽ 3 ദുരഭിമാനക്കൊലകൾ

ആതിര, കെവിൻ.

ഒന്നരപതിറ്റാണ്ടിന്റെ ദൂരമുണ്ട് കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയ്ക്കും ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന കെവിൻ കൊലപാതകത്തിനും തമ്മിൽ. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലപാതകക്കേസിൽ സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ചു കൃത്യം പത്താം ദിവസം കേരളം കണ്ണുതുറന്നതു കെവിൻ എന്ന ചെറുപ്പക്കാരന്റെ മൃതദേഹത്തിലേക്കും ആലംബമറ്റ ഒരു കുടുംബത്തിന്റെ നിസ്സഹായതയിലേക്കും നീനു എന്ന പെൺകുട്ടിയുടെ തോരാത്ത കണ്ണീരിലേക്കും. അപ്പോഴും ആദ്യകേസിലെ ആശ്വാസവിധി കേൾക്കാൻ ഏറ്റവുമാഗ്രഹിച്ചിരുന്നൊരാൾ കൂടെയില്ലല്ലോ എന്ന സങ്കടം പങ്കുവയ്ക്കുകയായിരുന്നു ഒരു കുടുംബം. 

യൂത്ത് കോൺഗ്രസ് കാസർകോട് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണൻ വധക്കേസിലെ പ്രതികൾക്കു കൊച്ചി സിബിഐ കോടതി ജീവപര്യന്തം തടവു വിധിച്ച വാർത്ത പുറത്തുവന്നപ്പോൾ ബാലകൃഷ്ണന്റെ ജ്യേഷ്ഠസഹോദരൻ അനിൽകുമാർ എന്ന ബാബുവിന്റെ കണ്ണുകളെ ഈറനാക്കിയത് അമ്മയുടെ ഓർമ. വിധി കേൾക്കാൻ അമ്മയില്ലല്ലോ എന്ന സങ്കടം അദ്ദേഹം ആവർത്തിച്ചു പങ്കുവച്ചു. കോടതി വിധി പുറത്തുവരുന്നതിനു രണ്ടുമാസം മുമ്പ് മരിച്ചു ദുരഭിമാനത്തിന്റെ കൊലക്കത്തിക്ക് ഇരയായ ബാലകൃഷ്ണന്റെ അമ്മ പങ്കജാക്ഷി. 

മകൻ കൊല്ലപ്പെട്ട കേസിൽ നീതിക്കു വേണ്ടി പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങിയത് ആ അമ്മയായിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ചു. പിന്നീടു കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. അപ്പോഴും സ്വൈര്യവിഹാരം നടത്തുകയായിരുന്നു പ്രതികൾ. ഒടുവിൽ പങ്കജാക്ഷി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നു. കേസുമായി മുന്നോട്ടുപോകാൻ ബാലകൃഷ്ന്റെ അച്ഛൻ റിട്ട.തഹസിൽദാർ എം.ഗോപാലനെ പ്രേരിപ്പിച്ചതും ആ അമ്മ തന്നെ. 

തെളിവില്ലാതെ ഉപേക്ഷിച്ച കേസിനു ജീവൻവച്ചു. വിചാരണ പുരോഗമിച്ചു. ഇനി ഒരിക്കലും ഒരു അമ്മയും ദുരഭിമാനത്തിന്റെ പേരിൽ കരയരുത് എന്നായിരിക്കണം അപ്പോൾ പങ്കജാക്ഷി ചിന്തിച്ചിരുന്നത്. കപട അഭിമാനത്തിന്റെ പേരിൽ ഇനി ഒരു യുവതിയും വിധവയാകരുത്. ആഗ്രഹിച്ച വിധി വരാൻ വേണ്ടിവന്നതു 17 വർഷം.

ആതിര, ബ്രിജേഷ്.

ഒടുവിൽ മേയ് 18 ന് ബാലകൃഷ്ണൻ വധക്കേസിൽ രണ്ടു പ്രതികൾക്കു ജീവപര്യന്തം തടവുശിക്ഷയുടെ വിധി വന്നു. മജിസ്ട്രേട്ട് മുൻപാകെ പ്രതികൾക്കെതിരെ മൊഴി നൽകിയ ശേഷം വിചാരണ കോടതിയിൽ കൂറുമാറിയ രണ്ടു സാക്ഷികൾക്കെതിരെ സിബിഐ നിയമനടപടിയും തുടങ്ങി. പത്തുദിവസത്തിനുശേഷം മേയ് 28 നു പുറത്തുവന്ന മാധ്യമങ്ങളിലൂടെ പ്രണയവിവാഹത്തിനു മുതിർന്ന നവവരെ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത അറിഞ്ഞു കേരളം.അന്നുച്ചയായപ്പോഴേക്കും ഒരു അരുംകൊലയുടെ ഞെട്ടിക്കുന്ന വാർത്തയും. 

ആദ്യത്തെ ദുരഭിമാനക്കൊലപാതകം ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നെങ്കിൽ മറ്റു രണ്ടു കൊലപാതകങ്ങളും സംഭവിച്ചത് ഈ വർഷം തന്നെ. രണ്ടുമാസത്തിന്റെ ഇടവേളയിൽ. മാർച്ചിലും മേയ് മാസത്തിലും. 

ആതിര.

സംസ്ഥാനത്തെ രണ്ടാമത്തെ ദുരഭിമാനക്കൊലപാതകത്തിന്റെ കത്തിക്ക് ഇരയായത് ഒരു പെൺകുട്ടിതന്നെയായിരുന്നു. ആതിര. രണ്ടുമാസം മുമ്പ് മാർച്ച് 22 –ന് ആയിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം മലപ്പുറത്ത് അരീക്കോട് എന്ന സ്ഥലത്തു നടന്നത്. വിവാഹത്തിന്റെ തലേന്നു പിതാവിന്റെ കുത്തേറ്റു മരിക്കുകയായിരുന്നു ആതിര എന്ന ഇരുപത്തിരണ്ടുകാരി യുവതി. ഇതര ജാതിയിലെ യുവാവുമായി പ്രണയത്തിലായിരുന്നു ആതിര.

ക്ഷേത്രത്തിൽവച്ചു വിവാഹം നടത്താൻ പദ്ധയിയിട്ടിരുന്നതിന്റെ തലേന്ന് മദ്യപിച്ചു വീട്ടിലെത്തി വഴക്കിട്ട പിതാവിൽനിന്നു രക്ഷപ്പെടാൻ കട്ടിലിന്റെ അടിയിൽ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു കുത്തുകയായിരുന്നു മകളെ വളർത്തിവലുതാക്കിയ രക്ഷകൻ തന്നെ. അന്നും പൊലീസിനെതിരെ പരാതിയുണ്ടായി. വധഭീഷണിയുണ്ടായിട്ടും ആതിരയ്ക്കു സംരക്ഷണം കൊടുക്കാൻ പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ടായി.

പിതാവിന്റെ കപട അഭിമാനത്തിന്റെ കത്തിമുനയിലേക്ക് മകളെ എറിഞ്ഞുകൊടുക്കുകയായിരുന്നു നിയമപാലകർ എന്ന വ്യാപകമായ പരാതിയുണ്ടായി. പക്ഷേ, ഒരു നടപടിയുമുണ്ടായില്ല. ഒരു ഉദ്യോഗസ്ഥനും സസ്പെൻഷൻ പോലും നേരിടേണ്ടിവന്നില്ല. പൊലീസ് സ്റ്റേഷനിലെ ഒത്തുതീർപ്പു ചർച്ചയ്ക്കുശേഷം ഹോസ്റ്റലിലേക്കോ മറ്റോ മാറ്റുന്നതിനുപകരം പിതാവു താമസിക്കുന്ന വീട്ടിലേക്കു തന്നെ ആതിരയെ നിർബന്ധിച്ചു പറഞ്ഞുവിട്ടതു പൊലീസാണെന്ന് പ്രതിശ്രുത വരൻ ആരോപിച്ചു.

പക്ഷേ ആതിര സ്വന്തം ഇഷ്ടപ്രകാരമാണു താമസം തിരഞ്ഞെടുത്തത് എന്ന നിലപാടിലായിരുന്നു പൊലീസ്. ഒടുവിൽ പ്രണയത്തെ ദുരഭിമാനത്തിന്റെ ബലിക്കല്ലിൽ അനാഥമാക്കുകയും വിവാഹസ്വപ്നങ്ങൾ കണ്ട ഒരു യുവാവിനെ ഒരിക്കലും മോചനമില്ലാത്ത ദുഃഖത്തിലേക്കു തള്ളിയിടുകയും ചെയ്ത് പ്രതികാരം തന്നെ വിജയിച്ചപ്പോൾ ചോദ്യം ഉയരുന്നു പ്രതിസ്ഥാനത്ത് ആര് ? 

നിയമം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട നിയമപാലകരോ ? 

നിയമപാലകരെ നിയന്ത്രിക്കുന്ന ഭരണകൂടമോ ? 

നിഷ്ഠൂര കൊലപാതകങ്ങളുടെ കണ്ണീരിനും നിസ്സഹായ വിധിക്കും മൂകസാക്ഷികളാകുന്ന സമൂഹമോ ? 

ഒരോ കൊലപാതകക്കേസും അതുണ്ടാകുമ്പോൾ കുറച്ചുനാൾ ചർച്ചയുടെ കേന്ദ്രസ്ഥാനത്തു നിൽക്കുന്നു. വലിയൊരു വാർത്ത വരുന്നതോടെ ആദ്യത്തെ വാർത്ത പിന്നാമ്പുറത്തേക്ക് വലിച്ചെറിയപ്പെടുന്നു. പിന്നീട് എപ്പോഴെങ്കിലും കേസിന്റെയോ വിചാരണയുടെയോ ഭാഗമായി വാർത്തകളുണ്ടാകുമ്പോൾ മാത്രം തലക്കെട്ടുകൾ സൃഷ്ടിക്കുകയും വീണ്ടും വിസ്മൃതിയിലേക്കു തള്ളപ്പെടുകയും. കേസിലെ പ്രതികൾ പിടിക്കപ്പെട്ടാലും ഇല്ലെങ്കിലും ഉചിതമായ ശിക്ഷ വിധിക്കപ്പെട്ടാലും ഇല്ലെങ്കിലും വീണ്ടും കേസുകൾ ഉണ്ടാകുന്നതെന്തുകൊണ്ട് എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. എവിടെയാണു നമുക്ക് തെറ്റുപറ്റിയതെന്ന ആത്മവിമർശനം വേണ്ടിയിരിക്കുന്നു. നാളെകളിൽ എന്തുമാറ്റമാണ് നാം കൊണ്ടുവരേണ്ടത് എന്ന ഭാവിചിന്ത കൂടി വേണം. 

നീനു, കെവിൻ.

ദുരഭിമാനക്കൊലപാതകങ്ങൾ ഇനിയെങ്കിലും ഒഴിവാക്കണമെങ്കിൽ അത്യാവശ്യമായി നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുരളി തുമ്മാരുകുടി ഫെയ്സ്ബുകിൽ എഴുതി. പ്രധാന്യത്തോടെ അദ്ദേഹം അക്കമിട്ട് ആദ്യം പറഞ്ഞ വ്യവസ്ഥ സമൂഹം കണ്ണുതുറന്നു വായിക്കണം. ചിന്തിക്കണം. 

പ്രായപൂർത്തിയായവർക്ക് സ്വന്തം ഇഷ്ടപ്രകാരം പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള നിയമപരമായ അവകാശത്തെക്കുറിച്ചു വ്യാപകമായ ബോധവത്കരണം സമൂഹത്തിൽ‌ നടത്തണം. സ്വജാതിയിൽനിന്നോ മതത്തിൽനിന്നോ പുറത്തുള്ളവരെ വിവാഹം കഴിക്കുന്നവർക്കെതിരെയോ അവരുടെ കുടുംബാംഗങ്ങൾക്കെതിരെയോ ശാരീരികമോ മാനസികമോ ആയ പീഡനങ്ങൾ നടത്തുന്നതിനെ പിന്തുണയ്ക്കുന്നില്ല എന്ന് എല്ലാ സമുദായ നേതൃത്വവും പരസ്യമായി പറയണം. 

മുരളി തുമ്മാരുകുടി പറയുന്ന യാഥാർഥ്യത്തിലേക്ക് ഇനിയെങ്കിലും കണ്ണു തുറക്കുമോ നമ്മുടെ സമൂഹം. 

മകൻ നഷ്ടപ്പെട്ടെങ്കിലും അർഹിച്ച നീതി കിട്ടാതെ കണ്ണടച്ച ബാലകൃഷ്ണന്റെ അമ്മ പങ്കജാക്ഷി.  

ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിക്കാൻ‌ തീരുമാനിച്ചെങ്കിലും പിതാവിനെ നോക്കുന്നതു തന്റെ കടമയായി കരുതിയതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട ആതിര. 

സാമ്പത്തികമായ ഔന്നത്യത്തിൽനിന്ന്, കഷ്ടപ്പാടുകളുണ്ടെങ്കിലും പ്രണയത്തിന്റെ സ്വർഗത്തിലേക്ക് ഇറങ്ങിവരാൻ തയാറായതിന്റെ പേരിൽ ഔദ്യോഗികമായ വിവാഹത്തിനും മുമ്പേ വിധവയാക്കപ്പെട്ട നീനു..

ഇനിയും താമസിച്ചുകൂടാ മലയാളിയുടെ ആത്മവിമർശനം !