''ആനന്ദക്കണ്ണീരൊഴുക്കാതെ ഇത് കണ്ടിരിക്കാനാകില്ല''

ആന്ദക്കണ്ണീരൊഴുക്കാതെ ഒരിന്ത്യക്കാരനും ഈ വിഡിയോ കാണാനാകില്ല എന്നു പറഞ്ഞുകൊണ്ടാണ് ഹിമാദാസ് എന്ന മിടുക്കിക്കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്.  ഹിമാദാസ് മത്സരിച്ച് മുന്നേറുന്നതിന്റെയും വിജയിക്കുന്നതിന്റെയും ശേഷം ഇന്ത്യയുടെ ദേശീയഗാനം കേട്ട് കണ്ണീരൊഴുക്കുന്നതിന്റെയും ദൃശ്യങ്ങൾ അഭിമാനത്തോടെ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ കായികതാരത്തെ അഭിനന്ദന പ്രവാഹം കൊണ്ടു മൂടുകയാണ് സമൂഹമാധ്യമങ്ങൾ. അതിനിടയിലാണ് ഒരു കായികതാരത്തിന്റെ ദേശീയ വികാരം എത്രത്തോളം തീവ്രമാണെന്ന് വെളിവാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായത്.

രാജ്യം അഭിമാനത്തോടെ തന്നെയോർക്കുമ്പോൾ തന്റെ രാജ്യത്തിന്റെ ദേശീയഗാനം മുഴങ്ങുമ്പോൾ ആനന്ദക്കണ്ണീരൊഴുക്കുന്ന ഹിമയുടെ ദൃശ്യങ്ങൾ കീഴടക്കിയത് ഓരോ ഇന്ത്യക്കാരന്റെയും മനസ്സുകൂടിയാണ്. ആദ്യമായാണ് ട്രാക്ക് ഇനങ്ങളിൽ ഒരിന്ത്യൻ അത്‌ലറ്റ് സ്വർണ്ണം നേടുന്നത്. ഹിമയുടെ സുവർണ്ണ നേട്ടത്തിന്റെ ദൃശ്യങ്ങൾ ആഹ്ലാദത്തോടെ അതിലുപരി അഭിമാനത്തോടെയാണ് ഓരോ ഇന്ത്യക്കാരനും പങ്കുവയ്ക്കുന്നത്.

പിന്നിൽ നിന്നും അതിവേഗത്തിൽ മുന്നിലേക്ക് കുതിച്ച് മത്സരത്തിൽ വിജയിക്കുന്ന ഹിമയുടെ വിഡിയോ ഏറെ അഭിമാനത്തോടെയാണ് എല്ലാവരും പങ്കുവയ്ക്കുന്നത്. ഇന്നലെവരെ ലോകം അറിയാതിരുന്നൊരു പെൺകുട്ടി സ്വന്തം കഴിവുകൊണ്ട് രാജ്യത്തിനു തന്നെ അഭിമാനമായ കാഴ്ച പ്രചോദനപ്രദമാണെന്നു പറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും വീണ്ടും ആ ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെടുന്നത്.