ഗൂഗിളിൽ ആളുകൾ തിരഞ്ഞത് ഹിമയുടെ ജാതി; നാണക്കേടെന്ന് സമൂഹമാധ്യമങ്ങൾ

ഫിൻലൻഡിലെ ടാംപരെയിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങിയപ്പോൾ കണ്ണീർ നിയന്ത്രിക്കാനാകാതെ നിന്ന ഒരു പെൺകുട്ടിയുടെ ചിത്രം കഴിഞ്ഞദിവസം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. 18–ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് സ്വർണമെഡൽ നേടിയ ഹിമ ദാസിന്റെ ചിത്രം. ഓരോ വെള്ളപ്പൊക്കത്തിലും കര കവർന്നെടുത്തു ഗ്രാമങ്ങളെ ഇല്ലാതാക്കുന്ന ബ്രഹ്മപുത്രയുടെ കരയിൽ ജനിച്ച ഹിമ ദാസ്.

ഭാവിയിൽ തനിക്കു സഞ്ചരിക്കേണ്ട ദൂരത്തെക്കുറിച്ച് അപ്പോൾ ഹിമ ചിന്തിച്ചിരിക്കും. വലിയ ചാംപ്യൻഷിപ്പുകളിൽ ഇനിയും മെഡലുകൾ നേടി രാജ്യത്തിന് അഭിമാനമാകുന്നതിനെക്കുറിച്ചും. പക്ഷേ അപ്പോഴും ഇവിടെ ഇന്ത്യയിൽ ആ പെൺകുട്ടിയുടെ ജാതി ഏതെന്ന് അന്വേഷിച്ചവരുണ്ട്. ഹിമ ദാസിനെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ മുന്നിട്ടുനിൽക്കുന്നു ഹിമയുടെ ജാതി ഏതെന്ന ചോദ്യവും. ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ  പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ‌ 51.46 സെക്കൻഡിൽ ഫിനിഷ് ചെയ്ത കുട്ടി ഇന്ത്യക്കാരിയെന്ന അഭിമാനം പങ്കുവയ്ക്കുന്നതിനുപകരം ജാതിയും മതവും നോക്കി വേർതിരിക്കാനുള്ള ശ്രമത്തിനെതിരെ  പ്രതിഷേധം പടരുകയാണ് സമൂഹ മാധ്യമങ്ങളിൽ. 

ആസ്സാമിൽ ബ്രഹ്മപുത്രയുടെ വളക്കൂറുള്ള തീരങ്ങളിൽ വിളയുന്ന നെൽപാടങ്ങൾ കടന്നാണു ഹിമ വരുന്നത്. ധിങ് എന്ന പ്രദേശത്താണു ഹിമ ജനിച്ചതും വളർന്നുവന്നതും. ഹിമയുടെ വർണചിത്രങ്ങൾ ഒട്ടിച്ചുവച്ച ഭിത്തിക്കു സമീപം മകളുടെ നേട്ടത്തിൽ അഭിമാനത്തോടെ മകളെ കാത്തിരിക്കുന്നുണ്ട് ഹിമയുടെ അച്ഛനമ്മമാർ.  അനധികൃത കുടിയേറ്റത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുൻനിരയിലുണ്ടായിരുന്നു ആ കുട്ടി.

നാടിന്റെ നഷ്ടപ്പെടുന്ന തനിമയ്ക്കും പൈതൃകത്തിനും വേണ്ടി ശബ്ദയുമർത്താനും മുന്നിൽതന്നെ നിന്നു. അവികസിതമായ ചുറ്റുപാടിൽ ജനിച്ച്, ദാരിദ്ര്യത്തിന്റെ വൻ നദി കടന്നാണ് ഇപ്പോൾ ഒരു വിദേശരാജ്യത്ത് വളർന്നുവരുന്ന മികച്ച താരങ്ങളെ പിൻതള്ളി ഹിമ മുന്നിലെത്തിയത്. ആ നേട്ടത്തിൽ അഭിമാനിക്കുന്നതിനുപകരമാണ് ജാതി ഏതെന്നും എന്തെന്നും തിരക്കാൻ ആൾക്കൂട്ടം തിരക്കു കൂട്ടുന്നത്. ഒരു താരം പ്രശസ്തിയിലേക്ക് ഉയരുമ്പോൾ അവരുടെ ജാതി തിരയുന്ന പരമ്പരാഗത, യാഥാസ്ഥിതിക സ്വഭാവം മുൻപും ഉണ്ടായിട്ടുണ്ട്.

റിയോ ഒളിംപിക്സിൽ പി.വി.സിന്ധു വെള്ളിമെഡൽ നേടിയപ്പോഴും താരത്തിന്റെ ജാതി അറിയാൻ വ്യാപക അന്വേഷണം തന്നെയുണ്ടായി. ആന്ധ്രാപ്രദേശ്, തെലങ്കാന മേഖലകളിൽനിന്നാണ് അന്നു സിന്ധുവിന്റെ ജാതി അന്വേഷണം കൂടുതലായി ഉണ്ടായത്. ഇപ്പോൾ ഹിമയുടെ ജൻമനാടായ ആസ്സാമിൽനിന്നുതന്നെയാണ് ഏറ്റവും കൂടുതൽപേർ ജാതി അന്വേഷണം നടത്തുന്നത്. തൊട്ടുപിന്നിൽ അരുണാചൽപ്രദേശിൽനിന്നുള്ളവർ. 

18 വയസ്സ് എന്ന ചെറുപ്രായത്തിനുള്ളിൽ പുരുഷമേധാവിത്വത്തിനും ദാരിദ്ര്യത്തിനുമെതിരെ ദൃഢനിശ്ചയത്തോടെ പോരാടിയാണ് ഹിമ നേട്ടത്തിന്റെ നിറുകയിൽ എത്തിയത്. എന്നിട്ടും ജാതി തിരയുന്നവരെക്കുറിച്ചു ചിന്തിക്കുമ്പോൾ ലജ്ജിക്കുന്നതായി പലരും പോസ്റ്റ് ഇടുന്നുണ്ട്.

നാണക്കേടു തന്നെ അല്ലാതെന്തു പറയാൻ എന്നാണ് പലരും ചോദിക്കുന്നത്. സംസ്കാരസമ്പന്നമായ ഒരു സമൂഹം എന്നു പറയാൻ നമുക്ക് എങ്ങനെ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഉയരത്തിലേക്ക് എങ്ങനെയാണ് ഹിമ വന്നത്. ആ പെൺകുട്ടിയുടെ ജീവിതാവസ്ഥ എന്താണ്. എന്നൊക്കെ അന്വേഷിക്കുന്നിതിനു പകരമാണ് ജാതി അറിയാൻ ശ്രമം നടക്കുന്നത് എന്നതു ദയനീയമാണെന്നു കുറിച്ചവരുമുണ്ട്.