ജയാബച്ചന്റെ സഹോദരിയല്ല,ആ തിരുത്തൽ ഇനിയുണ്ടാവില്ല; റിതാ ഭാദുരി ഓർമ്മയായി

ബോളിവുഡ് സിനിമയിൽ തിരക്കുള്ള കാലത്ത് ജയ ബച്ചന്റെ സഹോദരി എന്നാണ് റിതാ  ഭാദുരി അറിയപ്പെട്ടത്. രണ്ടു താരങ്ങളുടെയും മുഖസാദൃശ്യമായിരുന്നു കാരണം. മാധ്യമങ്ങളും അങ്ങനെയൊരു വിശേഷണം അവർക്കു ചാർത്തിക്കൊടുത്തു. ഒടുവിൽ ഒന്നിലധികം തവണ താനും ജയ ബച്ചനും തമ്മിൽ ഒരു ബന്ധവുമില്ലെന്നു വിശദീകരിക്കേണ്ടിവന്നു റിതയ്ക്ക്. ജയ ബച്ചന്റെ സഹോദരിയാണെന്ന് അറിയപ്പെടുന്നതിൽ സന്തോഷമുണ്ടെങ്കിലും തങ്ങൾക്ക് ഒരു ബന്ധവമില്ലെന്നു പറഞ്ഞിട്ടുണ്ട് റിതാ. മൂന്നു പതിറ്റാണ്ടായി ഹിന്ദി സിനിമാരംഗത്തു നിറ‍ഞ്ഞുനിൽക്കുകയും അമ്മ വേഷങ്ങളെ അവിസ്മരണീയമാക്കുകയും ചെയ്ത  റീതൈ 62–ാം വയസ്സിൽ ഓർമയായിരിക്കുന്നു. 

ചൊവ്വാഴ്ച പുലർച്ചെ മുംബൈയിലെ ആശുപത്രിയിലായിരുന്നു റിതായുടെ അവസാനനിമിഷങ്ങൾ. വൃക്കസംബന്ധമായ രോഗമായിരുന്നു  മരണത്തിനു കാരണം. നടൻ ശിഷിർ ശർമയാണു ട്വിറ്ററിലൂടെ റിതയുടെ മരണം അറിയിച്ചത്. ജൂലി, രാജ, ബേട്ട തുടങ്ങിയ ചിത്രങ്ങളിലൂടെയാണു റിതാ പ്രശസ്തയായത്. അവസാനകാലത്ത് ടെലിവിഷനിലും ജനപ്രിയതാരമായിരുന്നു റിതാ. കിച്ചടി, കുംകും, ഛോട്ടി ബഹു, സാരാഭായ് വേഴ്സസ് സാരാഭായ് തുടങ്ങിയ പരമ്പരകളിൽ വേഷമിട്ടിട്ടുണ്ട്. അമ്മവേഷങ്ങളായിരുന്നു റീതയുടെ കരുത്ത്. പല  പ്രശസ്ത താരങ്ങളുടെയും അമ്മയായി റീത കാഴ്ചവച്ചത് സ്വാഭാവികമായ അഭിനയം. രാജയിലെ വേഷത്തിന് മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ നോമിനേഷനും ലഭിച്ചിട്ടുണ്ട്. 

ഒരു നടിയെ മാത്രമല്ല അമ്മയെയാണു സിനിമാലോകത്തിനു നഷ്ടമായിരിക്കുന്നതെന്ന് ട്വിറ്ററിൽ എഴുതി ശിഷിർ ശർമ. ഒരു നടി എന്നതിനേക്കാളും മികച്ച വ്യക്തിയായിരുന്നു റിതാ. സെറ്റിൽ യഥാർഥ അമ്മയെപ്പോലെതന്നെയായിരുന്നു അവർ. നഷ്ടത്തിൽ അഗാധമായ വേദനയുണ്ട്.ശിഷിർ ശർമ എഴുതി. 

നിമ്കി മുഖ്യ എന്ന പരമ്പരയിലെ സഹതാരങ്ങൾ ഷൂട്ടിങ്ങ് നിർത്തിവച്ച് കഴിഞ്ഞ ദിവസം അവരുടെ പ്രിയപ്പെട്ട അമ്മതാരത്തെ കാണാൻ ആശുപത്രിയിലെത്തിയിരുന്നു. റിതയുടെ അവസ്ഥ മോശമാകുകയും ഇനി പ്രതീക്ഷയ്ക്കു വകയില്ലെന്നു ഡോക്ടർമാർ അറിയിക്കുകയും ചെയ്തതോടെ നിരാശയിലായിരുന്നു സഹതാരങ്ങൾ. നിമ്കി മുഖ്യയിൽ കുടുംബത്തിലെ അമ്മൂമ്മയുടെ വേഷമായിരുന്നു റിതാ  ഭാദുരിക്ക്. അവരുടെ കഥാപാത്രത്തെ ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന ആശങ്കയിലാണ് പരമ്പരയുടെ നിർമാതാക്കൾ. രണ്ടാഴ്ച മുമ്പും ഷൂട്ടിങ്ങിൽ റീത പങ്കെടുത്തിരുന്നു. ബാക്കി രംഗങ്ങളിൽ അഭിനയിക്കാൻ അവർ എത്തുന്നതു കാത്തിരിക്കുമ്പോഴാണ് മരണം നടിയെ കൂട്ടിക്കൊണ്ടുപോയത്. 

കഴിഞ്ഞ രണ്ടുമാസമായി റിതയ്ക്കു നല്ല സുഖമില്ലായിരുന്നെന്നു പറയുന്നു നിമ്കി മുഖ്യയിലെ റീത്തയുടെ സഹതാരം ശിവാനി ചക്രവർത്തി. നടി എന്ന പദവിക്കപ്പുറം നന്നായി പെരുമാറുന്ന മികച്ച വ്യക്തിത്വത്തിന്റെ ഉടമയായാണ് റീതയെ സഹതാരങ്ങൾ ഓർമ്മിക്കുന്നത്. പരമ്പരയിൽ റീതയുടെ മരുമകളായി അഭിനയിക്കുന്ന ഗരിമ സിങ്ങിനും പങ്കുവയ്ക്കാനുള്ളതു സ്നേഹനിർഭരമായ നിമിഷങ്ങൾ. ഷൂട്ടിങ്ങിനിടെ ഒരു മുറിയിലായിരുന്നു ഞങ്ങളിരുവരും. ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ സംസാരിക്കുമായിരുന്നു. ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു റിതായ്ക്ക്...ഗരിമ പറയുന്നു.