അവിവാഹിതരായ അമ്മമാരോട് അവർ ചെയ്തത്

അരനൂറ്റാണ്ടിനു മുമ്പു സംഭവിച്ചതും ഇന്നും ചരിത്രത്തിലെ കറുത്ത അടയാളമായി അവശേഷിക്കുന്നതുമായ ദത്തെടുക്കല്‍ നിയമങ്ങളുടെ പേരില്‍ സര്‍ക്കാര്‍ മാപ്പു പറയുക. കനേഡിയന്‍ സര്‍ക്കാരിന്റെ മുന്നിലാണ് ഇങ്ങനെയൊരു ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നത്. ആവശ്യം ഉന്നയിച്ചിരിക്കുന്നതു സെനറ്റ് കമ്മിറ്റി. കുട്ടികളെ ഉപേക്ഷിക്കുകയും പകരം പട്ടിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്ക വികലമായ നയത്തിന്റെ പേരില്‍ സര്‍ക്കാര്‍ മാപ്പു പറയണം എന്നാണ് ആവശ്യം. 

1945-70 കാലത്തു കാനഡയില്‍ നിലവിലുണ്ടായിരുന്ന ദത്തെടുക്കല്‍ നിയമങ്ങളാണ് ഇപ്പോള്‍ വിമര്‍ശനത്തിന് വിധേയമായിരിക്കുന്നത്. ആയിരക്കണക്കിന് അവിവാഹിതകളായ അമ്മമാര്‍ക്ക് അവര്‍ പ്രസവിച്ച കുട്ടികളെ ഉപേക്ഷിക്കേണ്ടിവന്നു. ക്രൂരമായ ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. അന്നു നടന്ന പൈശാചികതകളോരോന്നും സെനറ്റ് റിപോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നുണ്ട്. 

അവിവാഹിതകളായ ഗര്‍ഭിണികളെ മെറ്റേണിറ്റി ഹോമുകളില്‍ ബലം പ്രയോഗിച്ചു പ്രവേശിപ്പിക്കുക. പ്രസവസമയത്തു പോലും മര്‍ദനങ്ങള്‍ക്കു വിധേയമാക്കുക. ഒടുവില്‍ സ്വന്തം കുട്ടികളെ ഒരുനോക്കു കാണാന്‍പോലും അനുവദിക്കാതെ അമ്മമാരില്‍നിന്നു മാറ്റുക.... അതേ ചരിത്രത്തില്‍ ഒരിക്കലും നീതി കിട്ടാത്ത കറുത്ത അധ്യായം തന്നെയാണത്. തിരിഞ്ഞുനോക്കുമ്പോള്‍ തല താഴ്ത്തിപ്പിടിക്കേണ്ടിവരുന്ന നാണംകെട്ട അധ്യായം. പതിറ്റാണ്ടുകളായി രഹസ്യത്തിന്റെ ഇരുണ്ട മറയ്ക്കുള്ളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന സത്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അവിവാഹിതയായ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നത് വലിയൊരു തെറ്റായാണ് അമ്പതുവര്‍ഷം മുമ്പു കരുതിയിരുന്നത്. അവിവാഹിതകള്‍ ഗര്‍ഭിണിയാകുന്നതോടെ കുടുംബത്തെ ഒറ്റപ്പെടുത്തുന്ന രീതിയുമുണ്ടായിരുന്നു. സംഭവം ആരുമറിയാതെ ഒതുക്കിത്തീര്‍ക്കുന്നതിന്റെ ഭാഗമായി ഗര്‍ഭിണികളായ പെണ്‍കുട്ടികളെ മെറ്റേണിറ്റി ഹോമുകളിലെ മാറ്റുന്നതായിരുന്നു പതിവ്. സാല്‍വേഷന്‍ ആര്‍മിയും മതസംഘടനകളുമായിരുന്നു മെറ്റേണിറ്റി ഹോമുകള്‍ നടത്തിയിരുന്നത്. ഇവിടങ്ങളില്‍ പ്രസവിച്ച 95 ശതമാനം പേരുടെയും കുട്ടികളെ അമ്മമാരില്‍നിന്ന് അകറ്റി ദത്തു നല്‍കി.  1945-71 കാലത്ത് യാഥാസ്ഥിതിക വിവാഹബന്ധത്തിലൂടെ അല്ലാതെ ആറു ലക്ഷത്തോളം പ്രസവങ്ങള്‍ നടന്നു എന്നാണ് കണക്ക്. മെറ്റേണിറ്റി ഹോമുകള്‍ എന്നറിയപ്പെട്ട സ്ത്രീ സഹായ കേന്ദ്രങ്ങളില്‍ പ്രസവിച്ച പെണ്‍കുട്ടികളെ പിന്നീടു പുനരധിവസിപ്പിച്ചു. വീണ്ടും വിവാഹിതരായവരുമുണ്ട്. ഇത്തരത്തിലുള്ള സ്ത്രീകളെ നേരിട്ടുകണ്ടാണ് സെനറ്റ് കമ്മിറ്റി തെളിവെടുത്തത്. പലരും തങ്ങള്‍ക്കു നേരിടേണ്ടിവന്ന ക്രൂരമായ അനുഭവങ്ങള്‍ കമ്മിറ്റിക്കുമുന്നില്‍ തുറന്നുപറഞ്ഞു. 

മെറ്റേണിറ്റി ഹോമുകളിലേക്കു മാറ്റുന്നതോടെ ആദ്യംതന്നെ  പേരുകള്‍ മാറ്റും. അതുവരെ അറിയപ്പെട്ട പേര് അവര്‍ക്കു നഷ്ടമാകുന്നു. പുറം ലോകവുമായി ഒരു ബന്ധവുമില്ല. ഒരു മുറിയില്‍ ജയിലില്‍ കിടക്കുന്നതുപോലെ ജീവിക്കേണ്ടിവരും. 1963 -ല്‍ ഒരു പുരോഹിതന്റെ ഉപദേശത്തെത്തുടര്‍ന്ന് മെറ്റേണിറ്റി ഹോമില്‍ പോകേണ്ടിവന്ന യൂജിന്‍ പവല്‍ എന്ന സ്ത്രീ പറയുന്നത് അന്ന് തന്റെ ജീവിതം തന്നെ അവസാനിച്ചതായാണ് തനിക്കു തോന്നിയതെന്നാണ്. തന്റെ നിലനില്‍പു തന്നെ അവസാനിച്ചതായി. നാണക്കേടും ദുഃഖവും മാത്രമായിരുന്നു അന്നത്തെ കൂട്ടുകാര്‍- പവല്‍ ഓര്‍മിക്കുന്നു. 

പ്രസവസമയത്തും പീഡനങ്ങള്‍ തുടര്‍ന്നു. പലരെയും കിടക്കകളില്‍ കെട്ടിയിടും. അമിതമായി മരുന്നു കൊടുക്കും.  സ്വന്തം കുട്ടികളെ എടുക്കാനോ തൊടാനോ പാലൂട്ടാനോ പോലും അനുവദിക്കില്ല. ജനിച്ചത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നുപോലും പറയുകയില്ല. താമസിക്കാതെ ദത്തു നല്‍കാന്‍ സമ്മതമാണെന്ന പേപ്പറില്‍ ഒപ്പിടുവിക്കും. നിയമോപദേശം നല്‍കില്ല.  നിയമപരമായ അവകാശങ്ങളെക്കുറിച്ച് പറയുകയുമില്ല. മികച്ച സാമ്പത്തിക സ്ഥിതിയുള്ള വെളുത്ത നിറക്കാരായ കുടുംബങ്ങള്‍ ഇനി കുട്ടികളെ നന്നായി നോക്കുമെന്ന ഉറപ്പും കൊടുക്കും. ചിലരോട് അവര്‍ പ്രസവിച്ചെന്ന യാഥാര്‍ഥ്യം പോലും വെളിപ്പെടുത്തില്ല. 

നിങ്ങള്‍ ഈ കുട്ടിയെ മറക്കും; വീണ്ടും വിവാഹിതയാകും. പുതിയൊരു ജീവിതമുണ്ടാകും- പവലിനു പ്രസവ സമയത്തു കിട്ടിയ ഉറപ്പ്. ആദ്യത്തെ കുട്ടിയെ ഒരു അമ്മയ്ക്ക് എന്നെങ്കിലും മറക്കാനാവുമോ ? - ഹൃദയവേദനയോടെ പവല്‍ ചോദിക്കുന്നു. 

നിങ്ങള്‍ ഇനിയൊരിക്കലും ഈ കുട്ടിയെ കാണില്ല, കുട്ടിയെക്കുറിച്ചു കേള്‍ക്കുകപോലുമില്ല. ഇതിനു വിപരീതമായി കുട്ടിയെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയാല്‍ ആ കുട്ടിയുടെ ജീവിതമായിരിക്കും നശിക്കുന്നത്. ദത്തെടുത്ത മാതാപിതാക്കളുടെ മനസമാധാനവും അതോടെ തകരും- ദത്തെടുക്കല്‍ പേപ്പറുകളില്‍ ഒപ്പിടുമ്പോള്‍ സാമൂഹിക പ്രവര്‍ത്തക തന്നോട് ഇങ്ങനെയാണു പറഞ്ഞതെന്ന് ഓര്‍മിക്കുന്നു സാന്ദ്ര ജാര്‍വി എന്ന യുവതി. 

സ്വന്തം മക്കളെ മറക്കുക. ജീവിതത്തിലെ ശൂന്യത മറക്കാന്‍ ഒരു പട്ടിക്കുട്ടിയെ വളര്‍ത്തുക- പലര്‍ക്കും ഇങ്ങനെയുള്ള ഉപദേശങ്ങളും കിട്ടി. അവിവാഹിതരായിരിക്കെ പ്രവസിക്കുകയും കുട്ടികളെ ഉപേക്ഷിക്കേണ്ടിവരികയും ചെയ്ത പല സ്ത്രീകളും പിന്നീടു വിവാഹിതരായെങ്കിലും പിന്നീടു കുട്ടികള്‍ ജനിച്ചില്ല. ആദ്യത്തെ അനുഭവത്തിന്റെ ക്രൂരത അവരുടെ മനസ്സിനെ മാത്രമല്ല വേട്ടയാടിയത് ശരീരത്തെ തകര്‍ക്കുകയും ചെയ്തു. 

ആദ്യത്തെ കുട്ടിയുടെ നഷ്ടം തന്നെ ഇപ്പോഴും വേട്ടയാടുന്നെന്നു പറയുന്നു പവല്‍. ദുരനുഭവം മറന്ന് വിവാഹിതയായ പവലിനു പിന്നീടും കുട്ടികള്‍ ജനിച്ചു. മൂടല്‍മഞ്ഞിലൂടെ നടക്കുന്നതുപോലെയാണ് ഞാന്‍ ഇക്കാലമത്രയും ജീവിച്ചത്. കൗമാരത്തിലെ പേടിപ്പിക്കുന്ന അനുഭവും ദുഃഖവും ഇന്നുമുണ്ട് ഓരോ നിമിഷത്തിലും- പവല്‍ പറയുന്നു. 

ദത്തു നല്‍കിയ കുട്ടികളുമായി ഒരുമിക്കുന്നതും ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. സര്‍ക്കാരിന്റെ ചുവപ്പുനാടകള്‍ തടസ്സമായി നിന്നു. എന്റെ യഥാര്‍ഥ അമ്മയെ കണ്ടുപിടിക്കാനുള്ള പ്രയത്നം ജീവിതത്തിലെ ഏറ്റവും ഭീകരമായ അനുഭവമായിരുന്നു- ഡയാന പെട്രാസ് എന്ന യുവതി പറയുന്നു. ആവശ്യമില്ലാത്ത കുട്ടികളെ ദത്തു നല്‍കുന്ന സമ്പ്രദായം കാനഡയ്ക്കു പുറമെ ഇംഗ്ലണ്ടിലും അമേരിക്കയിലും ന്യൂസിലന്‍ഡിലും ഓസ്ട്രേലിയയിലും നിലവിലുണ്ടായിരുന്നു. 

അരനൂറ്റാണ്ടു മുമ്പു സംഭവിച്ച ഈ തെറ്റിന്റെ പേരില്‍ മാപ്പു പറയുക മാത്രമല്ല ഇരകള്‍ക്കു കൗണ്‍സലിങ് കൊടുക്കാനും മറ്റും ഒരു ഫണ്ട് രൂപീകരിക്കണമെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപോര്‍ട് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.