ശരീരം തളർന്ന ഭാര്യയെ ചുമലിലേന്തി ഭർത്താവ്; പ്രണയത്തിന് ഇങ്ങനെയുമൊരുമുഖമുണ്ട്

കറിയിൽ ഉപ്പു പോര, പ്രസവശേഷം തടി കൂടി... ഇങ്ങനെ മുട്ടാപ്പോക്കു ന്യായങ്ങൾ പറഞ്ഞ് ഭാര്യയെ ഉപേക്ഷിക്കാൻ മിടുക്കു കാട്ടുന്ന ഭർത്താക്കന്മാർ തീർച്ചയായും ഈ ഭർത്താവിന്റെ കഥയറിയണം. നല്ലപാതിയുടെ ശരീരം തളർന്നപ്പോൾ സങ്കടത്തോടെ അവളെ വീട്ടിലിരുത്താനല്ല അയാൾ ശ്രമിച്ചത് മറിച്ച് വിശാലമായ ഈ ലോകം കാണാൻ അവസരമൊരുക്കുകയാണ് ചെയ്തത്.

ശരീരം തളർന്നു പോയ ഭാര്യയെ ചുമലിലേന്തി ഉലകം ചുറ്റുന്നത് ചൈനയിലെ അൻഹുയി പ്രവിശ്യയിൽ ജീവിക്കുന്ന വാംഗ് ആണ്. അഞ്ചു വർഷം മുമ്പാണ് വാംഗിന്റെ ഭാര്യയ്ക്ക് മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ചത്. ഭാര്യയെ തോളിൽ ചുമന്നുള്ള യാത്രയെക്കുറിച്ച് ചോദിച്ചാൽ വാംഗിന്റെ മറുപടിയിങ്ങനെ. അർഥപൂർണ്ണമായ ഒരു ജീവിതം അവൾക്കു കൊടുക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നല്ല രീതിയിൽ ചികിത്സ നടക്കുന്നുണ്ടെങ്കിലും അസുഖം പൂർണ്ണമായും ഭേദമാകുമെന്ന് ഞങ്ങൾ കരുതുന്നില്ല. അതുകൊണ്ട് വിശാലമായ ഈ ലോകത്തെ സുന്ദരമായ കാഴ്ചകൾ അവൾ കാണണമെന്ന് ഞാനാഗ്രഹിച്ചു. നാളെ ഇവിടം വിട്ടു പോകുമ്പോൾ അവൾക്ക് നിരാശ തോന്നാൻ പാടില്ല.

ചൈനയിലെ പ്രസിദ്ധമായ ഹുവാംഗ്ഷാന്‍ കൊടുമുടിയില്‍ നിന്ന് ഭാര്യയെ ചുമലില്‍ കെട്ടിവെച്ച് നടന്നിറങ്ങുന്ന വാംഗിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പ്രണയത്തിന്റെ മറ്റൊരു മുഖം പുറംലോകം കണ്ടത്. ടിബറ്റിലെ പ്രശസ്തമായ  കൊട്ടാരമടക്കമുള്ള സ്ഥലങ്ങളില്‍ ദമ്പതികള്‍ ഇതിനോടകം തന്നെ സന്ദര്‍ശനം നടത്തി കഴിഞ്ഞു