വിമാനത്തിൽ ശ്വാസം കിട്ടാതെ കൈക്കുഞ്ഞ്, കരഞ്ഞുവിളിച്ച് അമ്മ; മനസ്സലിയാതെ സ്റ്റാഫ്

വിമാനം ഉയർന്നുപറക്കാൻ തുടങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു സംഭവം. ഒരു കൊച്ചുകുട്ടിക്കു ശ്വാസതടസ്സം. കുഞ്ഞിനെ കയ്യിലെടുത്ത് പരിഭ്രാന്തയായ അമ്മ വാതിലൊന്നു തുറക്കാൻ കരഞ്ഞുവിളിച്ചു. വിമാനസ്റ്റാഫിൽ ഒരാൾപോലും ആ വിളിക്കു കാതു കൊടുത്തില്ല. സഹായത്തിനു കൈ നീട്ടിയില്ല. സങ്കടവും ദേഷ്യവും നിയന്ത്രിക്കാനാകാതെ യാത്രക്കാരും കുട്ടിക്കുവേണ്ടി വാദിച്ചു. അമ്മയ്ക്കു വേണ്ടി കരഞ്ഞു. ഇല്ല; ഒരു മനസ്സും അലിഞ്ഞില്ല.  ശ്വാസത്തിനു വേണ്ടി പിടയുന്ന കൊച്ചുകുട്ടിയുടെ മരണവേദനയും ജീവനുവേണ്ടി കരയുന്ന അമ്മയുടെ പരിഭ്രാന്തിയും സാങ്കൽപികമായ രംഗമല്ല. യഥാർഥത്തിൽ നടന്നത്. 

പാക്കിസ്ഥാനിലേക്കുള്ള രാജ്യാന്തര വിമാനത്തിൽ. സംഭവം വിവാദമായതിനെത്തുടർന്ന് വിമർശനത്തിന്റെ മുൾമുനയിലാണ് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ). വിവാദ സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിനെത്തുടർന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ.മുഷറഫ് റസൂൽ അന്വേഷണത്തിന് ഉത്തരവിട്ടു. 

ടൈംസ് ഓഫ് കറാച്ചി തങ്ങളുടെ ഫെയ്സ്ബുക് പേജിലാണ് സംഭവത്തിന്റെ വിഡിയോ ഷെയർ ചെയ്തത്. പാരിസിൽ നിന്ന് പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലേക്കു യാത്ര തിരിച്ച വിമാനത്തിലായിരുന്നു സംഭവം. പികെ 750. ഓഗസ്റ്റ് 3 വെള്ളിയാഴ്ച രാത്രി 9 നാണു വിമാനം പുറപ്പെടേണ്ടിയിരുന്നത്. പക്ഷേ, വ്യക്തമായ ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ വിമാനം വൈകിയത് 2 മണിക്കൂറും 39 മിനിറ്റും. ഇതിനുശേഷം വിമാനം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് കുട്ടിക്കു ശ്വാസതടസ്സം നേരിട്ടതും നിരന്തരമായ അഭ്യർഥനകൾക്കു വിമാന സ്റ്റാഫ് ചെവികൊടുക്കാതിരുന്നതും. 

യാത്രക്കാരുടെ സൗകര്യത്തിനും സന്തോഷത്തിനുമാണു തങ്ങൾ പ്രാധാന്യം കൊടുക്കുന്നതെന്നും അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും വിമാനക്കമ്പനി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. 30 മിനിറ്റു മാത്രമേ വിമാനം വൈകിയുള്ളൂ എന്നും കമ്പനി അധികൃതർ വിശദീകരിക്കുന്നു.

സമൂഹമാധ്യമങ്ങളിൽ ഒട്ടേറെപ്പേർ കുട്ടിയുടെ അമ്മയോടു സഹതപിച്ചു. ചിലർ തങ്ങൾക്ക് പാക്കിസാഥാൻ വിമാനക്കമ്പനിയിൽനിന്നു സമാന അനുഭവം നേരിട്ടതായി അനുസ്മരിച്ചു. എന്തായാലും ശ്വാസതടസ്സം നേരിട്ട കുട്ടി ഇപ്പോൾ സുഖമായിരിക്കുന്നു എന്ന സന്തോഷവർത്തമാനവും ടൈംസ് ഓഫ് കറാച്ചി പുറത്തുവിട്ടു.