അമ്മ മകൾക്ക് ഗർഭപാത്രം നൽകി; ചരിത്രമെഴുതും ഈ കുഞ്ഞു പിറവി

പ്രതീകാത്മക ചിത്രം.

പുണെ∙  ഗ്യാലക്‌സി കെയര്‍ ഹോസ്പിറ്റലിലെ റൂം നമ്പര്‍ 406 കഴിഞ്ഞ അഞ്ചുമാസമായി മീനാക്ഷി വാലന്ദിന് സ്വന്തം വീടാണ്. മെഡിക്കല്‍ സയന്‍സിന്റെ ചരിത്രത്തിലേക്കു പേരു ചേര്‍ക്കപ്പെട്ട വ്യക്തിയാണ്  ഈ ഇരുപത്തിയേഴുകാരി. മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍നിന്ന് ഒരു കുഞ്ഞിനു ജന്മം നൽകാന്‍ പോകുന്ന ആദ്യത്തെ ഏഷ്യക്കാരിയും ഇന്ത്യക്കാരിയുമാണ് മീനാക്ഷി. സ്വന്തം അമ്മയാണ് മീനാക്ഷിക്കു ഗര്‍ഭപാത്രം ദാനം ചെയ്തത്. 

ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് കൃത്യമായി രേഖപ്പെടുത്തുന്നതിനും മറ്റു പരിശോധനകള്‍ക്കുമായിട്ടാണ് മീനാക്ഷി ആശുപത്രിമുറിയെ സ്വന്തം വീടാക്കിയിരിക്കുന്നത്. ഭക്ഷണകാര്യങ്ങള്‍ നോക്കാന്‍ മുത്തശ്ശിയും സദാസമയം ആശുപത്രി മുറിയിലുണ്ട്. ഇന്‍ഫെക്‌ഷന്‍ ഒഴിവാക്കുന്നതിനായി ഒരാള്‍ക്കു മാത്രമേ മുറിയില്‍ പ്രവേശനമുള്ളൂ. 

സുഖമായിരിക്കുന്നു, വളരെ സുഖമായിരിക്കുന്നു എന്നാണ് തന്റെ അവസ്ഥയെക്കുറിച്ചു ചോദിക്കുന്നവരോടു മീനാക്ഷിക്കു പറയാനുള്ളത്.  ഭക്ഷണം കഴിച്ചതിനു ശേഷം മുറിയിലൂടെ ഇത്തിരി നേരം നടക്കും. കൂടുതല്‍ സമയവും വിശ്രമം. പിന്നെ ആത്മീയപുസ്തകങ്ങള്‍ വായിക്കും, ടിവി കാണും.

ഡിസംബറിലാണ് ഡ്യൂഡേറ്റ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും  നവംബറില്‍ സിസേറിയന്‍ വേണ്ടി വന്നേക്കാം എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഒൻപതുവര്‍ഷം നീണ്ട വിവാഹജീവിതത്തില്‍ പൂര്‍ണവളര്‍ച്ചയെത്തിയ രണ്ടു കുഞ്ഞുങ്ങളെ മീനാക്ഷിക്കു നഷ്ടപ്പെട്ടു. നാലു തവണ ഗർഭച്ഛിദ്രത്തിനും വിധേയയായി. ഇതെല്ലാം ഗർഭപാത്രത്തിൽ പരുക്കുകളേലേ‍ൽപ്പിച്ചു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഗര്‍ഭപാത്രം മറ്റൊരാളില്‍നിന്നു സ്വീകരിക്കേണ്ടിവന്നത്.

മീനാക്ഷിയെപ്പോലെ ഗർഭപാത്രം ദാനമായി സ്വീകരിച്ച മറ്റൊരാൾ കൂടിയുണ്ട്- മഹാരാഷ്ട്രയില്‍ നിന്നുളള ശിവമ്മ ചാല്‍ഗെരി. മീനാക്ഷിയുടെ യൂട്രസ് ട്രാന്‍സ്പ്ലാന്റ് മേയ് 18 നും ശിവമ്മയുടേത് 19 നും ആയിരുന്നു. ശിവമ്മയ്ക്കും അമ്മയാണു ഗര്‍ഭപാത്രം നൽകിയത്. യൂട്രസ് ട്രാന്‍സ്പ്ലാന്റിലൂടെ  ലോകത്ത് ഇതിനകം എട്ടു സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നൽകിയിട്ടുണ്ട്.