സ്ക്രീനിൽ ശ്രീദേവിയുടെ സഹോദരിയായി വേഷമിട്ട സുജാത അന്തരിച്ചു

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രം കണ്ടവരാരും തന്നെ ആ ചിത്രത്തിൽ ശ്രീദേവിയുടെ സഹോദരിയായി അഭിനയിച്ച സുജാതാ കുമാറിനെ മറന്നു കാണാനിടയില്ല. നിറഞ്ഞ ചിരിയോടെ സ്കീനിൽ തിളങ്ങി നിന്ന നടി ഇനി ഓർമ.

അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സുജാത ഞായർ രാത്രി 11.25 നാണ് മരിച്ചത്. സുജാതയുടെ സഹോദരി സുചിത്ര കൃഷ്ണമൂർത്തിയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവാർത്ത പങ്കുവച്ചത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരി സുജാതാ കുമാർ ഞങ്ങളെ വിട്ടുപിരിഞ്ഞു. ഞങ്ങൾക്കിത് നികത്താനാവാത്ത നഷ്ടമാണ്’- സഹോദരിയുടെ മരണത്തെക്കുറിച്ച് സുചിത്ര കുറിച്ചതിങ്ങനെ.

2012 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം ശ്രീദേവി സിനിമയിലേക്കു തിരിച്ചെത്തിയ ചിത്രത്തിൽ ശ്രീദേവിക്കും സുജാതയ്ക്കും നിരവധി കോംബിനേഷൻ സീനുകളുണ്ടായിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി ശ്രീദേവി ഫെബ്രുവരിയിലാണ് അന്തരിച്ചത്. മാസങ്ങളുടെ വ്യത്യാസത്തിൽ  തങ്ങളെ വിട്ടുപോയ ഓൺസ്ക്രീൻ സഹോദരിമാരെക്കുറിച്ച് വേദനയോടെ ഓർക്കുകയാണ് ഇംഗ്ലീഷ് വിംഗ്ലീഷ് ടീം.