ജസ്റ്റിസ് കെമാൽ പാഷയുടെ ഉറക്കം കെടുത്തിയ കേസ്

കെമാൽ പാഷ

കോഴിക്കോട് ന്യായാധിപനായിരിക്കെ തന്റെ മുന്നിലെത്തിയ ഒരു കേസ് കുറേ നാളെയ്ക്ക് തന്റെ ഉറക്കം കെടുത്തിയെന്ന് ഹൈക്കോടതി മുൻ ജഡ്ജി കെമാൽ പാഷ. കൊച്ചിയിൽ വനിതാ സുരക്ഷയെക്കുറിച്ചുള്ള സെമിനാറിൽ സംസാരിക്കുമ്പോഴാണ് കേസിനെക്കുറിച്ചും പുരുഷൻമാർക്ക് നിരവധി വിവാഹം കഴിക്കാമെന്ന മതമേലധ്യക്ഷൻമാരുടെ നിലാടിനെതിരെയും അദ്ദേഹം സംസാരിച്ചത്. 

‘‘പ്രായപൂർത്തി ആയിട്ടില്ലാത്തവരുടെ സ്വത്തുക്കൾ വിൽക്കുന്നതിന് ജില്ലാ ജഡ്ജിയുടെ അനുവാദം വേണമെന്ന നിയമമുണ്ട്. സാധാരണ ഇത്തരം കേസുകളിൽ എതിർകക്ഷിക്ക് എതിർപ്പില്ലെങ്കിൽ അനുവാദം കൊടുത്തു വിടുന്നതാണ് പതിവ്. സാധാരണ പ്രതിപ്പട്ടികയിൽ ഒന്നോ രണ്ടോ പേരാണുണ്ടാകുക. ഈ കേസിൽ നാൽപ്പതു പേർ. ഇത് കണ്ടാണ് കേസിലുള്ളവരെക്കുറിച്ച് വായിച്ചു നോക്കിയത്. ചെറിയ നാലു പെൺകുട്ടികളുടെ മാതാവാണ് ഹർജിക്കാരി. അവർ ഇപ്പോൾ താമസിക്കുന്ന വീട് ഇടിഞ്ഞു വീണതിനാൽ ആ സ്ഥലം വിറ്റ് ഒരു വീട് പണയത്തിലെടുക്കണം എന്നതാണ് ഹർജിക്കാരിയുടെ ആവശ്യം. ഹർജിക്കാരിയോടും മക്കളോടും എതിർ കക്ഷികളോടും കോടതിയിൽ കയറിക്കൊള്ളാൻ പറഞ്ഞു. 

മരിച്ചു പോയ ഭർത്താവിന്റെ പേരിലുള്ള സ്വത്തിൻമേലാണ് തർക്കം. അദ്ദേഹത്തിന്റെ അവസാന ഭാര്യയും മക്കളുമാണ് ദയനീയമായി ഹർജിയുമായി എത്തിയിട്ടുള്ളത്. ആദ്യ ഭാര്യയാണ് എതിർ കക്ഷിയിൽ ആദ്യം. പിന്നെ അവരുടെ മക്കൾ. രണ്ടാം ഭാര്യ, അവരുടെ മക്കൾ, മൂന്നാം ഭാര്യ മക്കൾ, നാലാം ഭാര്യ മക്കൾ ഏറ്റവും അവസാനത്തെ ഭാര്യയും മക്കളുമാണ് ഹർജിയുമായെത്തിയത്. 

ഇയാളുടെ സ്വത്ത് എത്ര എന്നറിയാമല്ലോ എന്നു കരുതി നോക്കിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. രണ്ടര സെന്റ് ഭൂമി. ഇതിലുണ്ടായിരുന്ന വീടാണ് ഇടിഞ്ഞു വീണത്. ഇത് വിറ്റ് ഒരു വീട് പണയത്തിനെടുക്കുകയാണ് ആ അമ്മയുടെയും കുഞ്ഞുങ്ങളുടെയും ലക്ഷ്യം. എല്ലാ പരാതിക്കാരുമായുള്ള തർക്കങ്ങൾ പരിഹരിച്ചാണ് അവർ മുന്നിൽ നിൽക്കുന്നത്. എങ്ങനെ പരിഹരിച്ചെന്ന ചോദ്യത്തിന് ഉത്തരം അവരുടെ മുഖത്തു നിന്നു വായിച്ചെടുക്കാമായിരുന്നു. അവരുടെ കാതിലുണ്ടായിരുന്ന അവസാന തരി സ്വർണവും വിറ്റ് ആയിരവും രണ്ടായിരവുമെല്ലാം കൊടുത്താണ് സ്വത്തിൻമേലുള്ള തർക്കമെല്ലാം അവർ പരിഹരിച്ചത്. കാതിൽ തുള അടഞ്ഞു പോകാതിരിക്കുന്നതിനായി ഒരു ഈർക്കിൽ അവർ ചെവിയിൽ കുത്തിവച്ചിട്ടുണ്ടായിരുന്നു’’ – ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. 

ഇതെല്ലാം കണ്ടാണ് പുരുഷനായാലും സ്ത്രീ ആയാലും ഒരു വിവാഹമേ പാടുള്ളൂ എന്നു താൻ പ്രസംഗിച്ചത്. അതിന്റെ പേരിൽ തന്നെ വിലക്കുമെന്നും പുറത്താക്കുമെന്നും എല്ലാം മതനേതാക്കൾ പറഞ്ഞു. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.